സോഷ്യല്‍ കൊമേഴ്‌സ് രംഗത്തേക്ക് ആമസോണും; ഗ്ലോറോഡിനെ ഏറ്റെടുത്തു

ഇന്ത്യന്‍ സോഷ്യല്‍ കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പ് ഗ്ലോറോഡിനെ ഏറ്റെടുത്ത് ആമസോണ്‍. 2017ല്‍ സ്ഥാപിച്ച ഗ്ലോറോഡ് ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയിലൂടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ സാഹായിക്കുന്ന പ്ലാറ്റ്‌ഫോം ആണ്. ഇടപാടിന്റെ വിശദാംശങ്ങള്‍ ആമസോണ്‍ പുറത്തു വിട്ടിട്ടില്ല.

ഹിന്ദി, ഇംഗ്ലീഷ്, തെലുങ്കു, കന്നഡ, ബംഗാളി, മറാത്തി ഭാഷകളില്‍ ഗ്ലോറോഡിന്റെ സേവനങ്ങള്‍ ലഭ്യമാണ്. ഏകദേശം 6 മില്യണ്‍ വില്‍പ്പനക്കാരും (resellers) 18 മില്യണോളം ഉപഭോക്താക്കളും പ്ലാറ്റ്‌ഫോമിനുണ്ട്. ഭാവിയില്‍ സോഷ്യല്‍ കൊമേഴ്‌സ് മേഖല 70 ബില്യണ്‍ ഡോളറിന്റെ വിപണിയായി വളരുമെന്നാണ് വിലയിരുത്തല്‍. ചാറ്റിംഗ് മുതല്‍ വീഡിയോ ക്രിയേഷന്‍ വരെ നീളുന്ന സോഷ്യല്‍ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ നിരവധി ചെറുകിട സംരംഭകരാണ് ഉപഭോക്താക്കളെ കണ്ടെത്തുന്നത്.

ഫ്ലിപ്കാര്‍ട്ടിന്റെ ഷോപ്‌സി, യൂട്യൂബിന്റെ സിംസിം, മീഷോ, ഡീല്‍ഷെയര്‍, ബുള്‍ബുള്‍, മാള്‍91 തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ പുതിയ ഏറ്റെടുക്കല്‍ ആമസോണിനെ സഹായിക്കും. ജിയോ മാര്‍ട്ട്, ഫ്ലിപ്കാര്‍ട്ട്, ബിഗ്ബാസ്‌കറ്റ് ഉള്‍പ്പടെയുള്ള ഇ-കൊമേഴ്‌സ് എതിരാളികളില്‍ നിന്ന് വലിയ മത്സരമാണ് രാജ്യത്ത് ആമസോണ്‍ നേരിടുന്നത്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 6.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ആമസോണ്‍ നടത്തിയിരിക്കുന്നത്.

Related Articles
Next Story
Videos
Share it