ഉത്സവ സീസണില്‍ ഇ കൊമേഴ്‌സ് കമ്പനികള്‍ നേടിയത് 8.3 ബില്യണ്‍ ഡോളര്‍!

സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങളൊക്കെ അവിടെയിരിക്കട്ടെ, ഈ ഉത്സവ സീസണില്‍ ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടുമടക്കമുള്ള ഇ കൊമേഴ്‌സ് കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വാരിക്കൂട്ടിയത് 8.3 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന. കോവിഡിനെ തുടര്‍ന്ന് ആളുകള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് മുന്‍ഗണന നല്‍കിയത് ഇ കൊമേഴ്‌സ് മേഖലയ്ക്ക് നേട്ടമായി.

കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ റെഡ് സീറിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഉണ്ടായ വില്‍പ്പനയേക്കാള്‍ 65 ശതമാനം അധികമാണ് ഇത്തവണയുണ്ടായത്.

ഉപഭോക്താക്കളുടെ എണ്ണത്തില്‍ 88 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 4 കോടി പേരാണ് ഇത്തവണ ഓണ്‍ലൈനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയത്. മൊബീല്‍ ഫോണ്‍ തന്നെയാണ് കൂടുതല്‍ ആളുകള്‍ വാങ്ങിയിരിക്കുന്നത്. എന്നാല്‍ ഒരു ഉപഭോക്താവില്‍ നിന്നുള്ള ഗ്രോസ് മെര്‍ച്ചന്റൈസ് വാല്യു 7450 രൂപയില്‍ നിന്ന് ഇത്തവണ 6600 ആയി താഴ്ന്നിട്ടുണ്ട്.

ഫ്‌ളിപ്പ് കാര്‍ട്ടാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയതെന്ന് റെഡ്‌സീര്‍ വിലയിരുത്തുന്നു. വില്‍പ്പനയുടെ 66 ശതമാനം വിഹിതം ഫ്‌ളിപ്പ്കാര്‍ട്ടിന് ലഭിച്ചതയാണ് കണക്ക്. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 40 ശതമാനം വര്‍ധന കൈവരിക്കാന്‍ അവര്‍ക്കായി. ആമസോണാണ് തൊട്ടുപിന്നില്‍. ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളവരാണ് ആമസോണിന് ലഭിച്ച ഉപഭോക്താക്കളില്‍ കൂടുതല്‍.

Related Articles
Next Story
Videos
Share it