നീല്‍ഗിരീസ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഇനി എ.വി.എ ഗ്രൂപ്പിന് സ്വന്തം

മെഡിമിക്‌സ്, മേളം, സഞ്ജീവനം ആയുര്‍വേദ ഹോസ്പിറ്റല്‍ തുടങ്ങിയവയുടെ മാതൃകമ്പനിയും പ്രമുഖ മലയാളി വ്യവസായി ഡോ.എ.വി. അനൂപ് സാരഥിയുമായ എ.വി.എ ചോലയില്‍ ഹെല്‍ത്ത്‌കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് സൂപ്പര്‍മാര്‍ക്കറ്റ് (റീട്ടെയില്‍) രംഗത്തേക്കും ചുവടുവയ്ക്കുന്നു. ഇതിന്റെ ഭാഗമായി പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ നീല്‍ഗിരി ഡയറി ഫാം ലിമിറ്റഡിനെ (Nilgiri 1905) എ.വി.എ ഗ്രൂപ്പ് ഏറ്റെടുക്കും.

ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ലിമിറ്റഡില്‍ നിന്ന് 67 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍. നീല്‍ഗിരി ഡയറി ഫാമിന്റെ മുഴുവന്‍ ബിസിനസ് പ്രവര്‍ത്തനങ്ങളും ചെന്നൈ ആസ്ഥാനമായ എ.വി.എ ഗ്രൂപ്പ് ഏറ്റെടുക്കും.
ഇതുപ്രകാരം നീല്‍ഗിരീസ് സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഫ്രാഞ്ചൈസി ശൃംഖല, ഡയറി ഉത്പന്നങ്ങളുടെ ശേഖരണം, സംസ്‌കരണം, പാക്കേജിംഗ്, വിപണനം, ബേക്കറി ഉത്പന്നങ്ങള്‍, അതിവേഗം വിറ്റഴിയുന്ന ഉപയോക്തൃ ഉത്പന്നങ്ങള്‍ (എഫ്.എം.സി.ജി) തുടങ്ങിയവ എ.വി.എ ഗ്രൂപ്പിന്റെ സ്വന്തമാകും.
മൂന്ന് ഘട്ടങ്ങളിലായാണ് ഏറ്റെടുക്കല്‍ തുക കൈമാറുകയെന്നാണ് സൂചന. കടബാദ്ധ്യതയാല്‍ ബുദ്ധിമുട്ടുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പിന് നീല്‍ഗിരി ബ്രാന്‍ഡിന്റെ വില്‍പന ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.
ഫ്യൂച്ചര്‍ ഗ്രൂപ്പിന് കീഴിലെ ഫ്യൂച്ചര്‍ കണ്‍സ്യൂമറിന്റെ നിയന്ത്രണത്തിലാണ് നിലവില്‍
നീല്‍
ഗിരി. ഫ്യൂച്ചര്‍ കണ്‍സ്യൂമറിന്റെ മൊത്തം വിറ്റുവരവില്‍ 10.40 ശതമാനം നീല്‍ഗിരി ബ്രാന്‍ഡില്‍ നിന്നാണ്. കഴിഞ്ഞവര്‍ഷം ഏകദേശം 40 കോടി രൂപയായിരുന്നു നീല്‍ഗിരി ഡയറിയുടെ വിറ്റുവരവ്. നീല്‍ഗിരിയുടെ സൂപ്പര്‍ മാര്‍ക്കറ്റുകളെല്ലാം നിലവില്‍ ഫ്രാഞ്ചൈസിയാണ്. ഇതില്‍ നീല്‍ഗിരി നിര്‍മ്മിച്ച് വില്‍ക്കുന്ന സ്വന്തം ഉത്പന്നങ്ങളില്‍ നിന്നുള്ള വിറ്റുവരാണ് 40 കോടി രൂപ. ഫ്രാഞ്ചൈസികളുടെ മൊത്തം വിറ്റുവരവ് ഏകദേശം 500 കോടി രൂപ വരും.
തമിഴ്‌നാട്, കേരളം, കര്‍ണാടക തുടങ്ങിയയിടങ്ങളില്‍ നീല്‍ഗിരിക്ക് സാന്നിദ്ധ്യമുണ്ട്. കേരളത്തില്‍ എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഫ്രാഞ്ചൈസി സൂപ്പര്‍ മാര്‍ക്കറ്റുകള്‍.

എ.വി.എ റീട്ടെയില്‍ രംഗത്തേക്കും
നീല്‍ഗിരി ഡയറിയെ ഏറ്റെടുക്കുന്നതിലൂടെ 80ഓളം സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ശൃംഖലയാണ് എ.വി.എ ഗ്രൂപ്പിന് സ്വന്തമാകുന്നതെന്ന് എ.വി.എ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ.എ.വി. അനൂപ് ധനംഓണ്‍ലൈന്‍.കോമിനോട് പറഞ്ഞു.

ഫ്യൂച്ചര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കിഷോര്‍ ബിയാനിക്കൊപ്പം എ.വി.എ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ.എ.വി. അനൂപ്‌


ഒരുമാസത്തിനകം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായേക്കും. നിലവില്‍ 'മേളം' മസാല ബ്രാന്‍ഡ് എ.വി.എ ഗ്രൂപ്പിന് കീഴിലുണ്ട്. നീല്‍
ഗിരി ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ ഇപ്പോള്‍ കൂടുതലും പുറംകരാര്‍ നല്‍കിയാണ് നിര്‍മ്മിക്കുന്നത്. എ.വി.എ ഗ്രൂപ്പിന് കീഴിലാകുന്നതോടെ, എ.വി.എ ഗ്രൂപ്പ് ഫാക്ടറികളില്‍ തന്നെ അവ നിര്‍മ്മിക്കാം. സൂപ്പര്‍ മാര്‍ക്കറ്റുകളുടെ എണ്ണവും ഉയര്‍ത്താന്‍ ശ്രമമുണ്ടാകും. നീല്‍ഗിരി ഉത്പന്നങ്ങള്‍ ഇ-കൊമേഴ്‌സ് വഴിയും മറ്റ് റീട്ടെയില്‍ ശൃംഖലകള്‍ വഴിയും വിറ്റഴിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ ലക്ഷ്യങ്ങള്‍
നീല്‍ഗിരി സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല സ്വന്തമാകുന്നതോടെ, എ.വി.എ ഗ്രൂപ്പിന്റെ പുത്തന്‍ ഉത്പന്നങ്ങള്‍ ആദ്യഘട്ടത്തില്‍
പരീക്ഷണാര്‍ത്ഥം
ഇവ വഴി വിറ്റഴിക്കാനാകുമെന്ന് ഡോ.എ.വി. അനൂപ് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ വിറ്റൊഴിയാനൊരുങ്ങുന്ന കേരളം ആസ്ഥാനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡിനെ (എച്ച്.എല്‍.എല്‍) ഏറ്റെടുക്കാനുള്ള നീക്കങ്ങളും ഡോ.എ.വി. അനൂപിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. എ.വി.എ ഗ്രൂപ്പും മലയാളി വ്യവസായിയായ എന്‍.ആര്‍. പണിക്കരുടെ ആക്‌സല്‍ ഗ്രൂപ്പും ചേര്‍ന്ന് കണ്‍സോര്‍ഷ്യം രൂപീകരിച്ച് ഇതിനായുള്ള ബിഡ് (താത്പര്യപത്രം) സമര്‍പ്പിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പ്, പിരാമല്‍ ഗ്രൂപ്പ്, ജിന്‍ഡാല്‍ പോളി ഫിലിംസ് തുടങ്ങിയ കമ്പനികളും ബിഡ് സമര്‍പ്പിച്ചിട്ടുണ്ട്.
കോണ്ടം, സര്‍ജിക്കല്‍ ഉപകരണങ്ങള്‍, ആശുപത്രി ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന കേന്ദ്ര മിനിരത്‌ന കമ്പനിയാണ് തിരുവനന്തപുരം ആസ്ഥാനമായ എച്ച്.എല്‍.എല്‍.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it