ഷോപ്പിംഗ് മാളുകളുടെ വരുമാനം പകുതിയായി കുറഞ്ഞു

കോവിഡ് 19 പ്രതിസന്ധിയില്‍ 2020-21 ല്‍ രാജ്യത്തെ ഷോപ്പിംഗ് മാളുകളുടെ വരുമാനം 50 ശതമാനമായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഷോപ്പിംഗ് മാളുകളിലെ ശരാശരി പ്രതിമാസ വാടക 4-5 ശതമാനം കണ്ട് കുറഞ്ഞുവെന്നും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പല മാളുകളിലും ഇത് 25 ശതമാനം വരെ കുറഞ്ഞെന്നും പറയുന്നു. മിക്ക മാളുകളും വരുമാനം പങ്കിടുന്ന തരത്തില്‍ ലീസിന് മുറികള്‍ നല്‍കുകയാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍- ജൂണ്‍ കാലയളവിലെ വാടക ഒഴിവാക്കേണ്ടതായും വന്നു. മാത്രമല്ല, തുടര്‍ന്നുള്ള മാസങ്ങളില്‍ വാടകയില്‍ വന്‍ ഇളവ് നല്‍കേണ്ടി വന്നതും മാള്‍ ഉടമകളുടെ വരുമാനത്തില്‍ ഇടിവുണ്ടാകാന്‍ കാരണമായി.
കോവിഡന്റെ രണ്ടാം വരവും സമാനമായ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയിലാണവര്‍. മിക്ക മാളുകളുടെയും വരുമാനത്തിന്റെ 15 ശതമാനം മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നാണ്. എന്നാല്‍ മള്‍ട്ടിപ്ലക്‌സുകള്‍ തുറക്കാത്തത് വലിയ തിരിച്ചടിയായിട്ടുണ്ട്. മെട്രോ നഗരങ്ങളിലെ വന്‍കിട മാളുകളില്‍ വാടകയില്‍ വലിയ ഇടിവ് ഉണ്ടായിട്ടില്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. എന്നാല്‍ ചെറുകിട മാളുകളില്‍ വാടകയില്‍ 7-10 ശതമാനം ഇടിവ് ഉണ്ടായി.
ഷോപ്പുകളില്‍ നിന്നുള്ള വാടക മാത്രമല്ല, പാര്‍ക്കിംഗ് ഫീസ്, പോപ്പ് അപ്പ് സ്റ്റോറുകള്‍, പരസ്യ സൈനേജുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള വരുമാനത്തിലും വലിയ ഇടിവ് ഉണ്ടായതാണ് മാളുകളുടെ വരുമാനത്തില്‍ ഇത്രയേറെ കുറവിന് കാരണമായത്.


Related Articles
Next Story
Videos
Share it