ഇ-വേ ബില്ലും ഇ-ഇന്‍വോയിസും: സ്വര്‍ണ വിപണിയില്‍ പുതിയ പ്രതിസന്ധി

എച്ച്.യു.ഐ.ഡി (HUID) ഹോള്‍മാര്‍ക്കിന് പിന്നാലെ സ്വര്‍ണവിപണിയില്‍ ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ആശങ്കയും ആശയക്കുഴപ്പവുമായി ഇ-ഇന്‍വോയിസും ഇ-വേ ബില്ലും. സംസ്ഥാനത്ത് രണ്ടുലക്ഷം രൂപമുതല്‍ മൂല്യമുള്ള സ്വര്‍ണം കൊണ്ടുപോകുന്നതിന് ഇലക്ട്രോണിക് വേ ബില്‍ അഥവാ ഇ-വേ ബില്‍ (E-Way Bill) ഏര്‍പ്പെടുത്താന്‍ ധനവകുപ്പ് ഒരുങ്ങുകയാണ്. കേരളം മാത്രമാണ് സ്വര്‍ണത്തിന് ഇ-വേ ബില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

പുതിയ ആറക്ക എച്ച്.യു.ഐ.ഡി ഹോള്‍മാര്‍ക്കിംഗ് നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ മൂന്ന് മാസത്തേക്ക് നീട്ടിയിരുന്നു. കേരള ഹൈക്കോടതിയില്‍ സ്വര്‍ണ വ്യാപാരികള്‍ നല്‍കിയ ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു ഇത്.

ഇ-വേ ബില്ലിലെ പ്രതിസന്ധി
രണ്ടുലക്ഷം രൂപ മുതല്‍ക്കുള്ള സ്വര്‍ണം കൊണ്ടുപോകുമ്പോള്‍ ഇ-വേ ബില്‍ നിര്‍ബന്ധമാക്കാനാണ് സംസ്ഥാന ധനവകുപ്പ് ശ്രമിക്കുന്നത്. അതായത്, ഏകദേശം 32 ഗ്രാം മുതല്‍ സ്വര്‍ണം (അതായത് നാല് പവന്‍) കൊണ്ടുപോകുമ്പോള്‍ ഇ-വേ ബില്‍ കൈവശം വയ്‌ക്കേണ്ടിവരും. ഇത് സ്വകാര്യ ആവശ്യത്തിനാണോ അതോ വാണിജ്യാവശ്യത്തിനാണോ ഒരാള്‍ കൊണ്ടുപോകുന്നത് എന്ന് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എങ്ങനെ തിരിച്ചറിയും എന്നാണ് സ്വര്‍ണ വ്യാപാരികള്‍ ചോദിക്കുന്നത്.
ആഭരണ നിര്‍മ്മാണം പൂര്‍ത്തിയായി വിപണിയില്‍ എത്തുംമുമ്പ് സ്വര്‍ണം നിരവധി ഫാക്ടറികളിലൂടെയും ലാബുകളിലൂടെയും കയറിയിറങ്ങുന്നുണ്ട്. ഓരോ ഘട്ടത്തിലും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോകുമ്പോള്‍ ഇ-വേ ബില്‍ ആവശ്യമായി വരും. ഇത് വിവരച്ചോര്‍ച്ചയ്ക്കും ഇടയാക്കും. സ്വര്‍ണം ഇത്തരത്തില്‍ കൊണ്ടുപോകുന്ന വിവരങ്ങള്‍ ചോരുന്നത് സുരക്ഷയെയും ബാധിച്ചേക്കാം. ഫലത്തില്‍, വ്യപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് സ്വര്‍ണത്തിന് ഇ-വേ ബില്‍ ഏര്‍പ്പെടുത്താനുള്ള നീക്കമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ ചൂണ്ടിക്കാട്ടുന്നു.
ഇനി ഇ-ഇന്‍വോയിസും
നിലവില്‍ 10 കോടി രൂപയ്ക്കുമേല്‍ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ ഓരോ ബിസിനസ് ഇടപാടിനും ജി.എസ്.ടി ഇ-ഇന്‍വോയിസ് സമര്‍പ്പിക്കണം. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐ.ടി.സി) കിട്ടണമെങ്കില്‍ ഇത് അനിവാര്യമാണ്. ഓഗസ്റ്റ് ഒന്നുമുതല്‍ ഇ-ഇന്‍വോയിസ് ബാധകമായ വിറ്റുവരവിന്റെ പരിധി അഞ്ചുകോടി രൂപയാക്കുമെന്ന് ധനമന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കിയിട്ടുണ്ട്. ഫലത്തില്‍, കൂടുതല്‍ ചെറുകിടക്കാര്‍ ഇ-ഇന്‍വോയ്‌സിന്റെ പരിധിയില്‍ വരും.
അഞ്ചുകോടി രൂപ പരിധി കണക്കാക്കുമ്പോള്‍ ദിവസം കുറഞ്ഞത് 22 ഗ്രാം സ്വര്‍ണാഭരണം വില്‍ക്കുന്ന വ്യാപാരികളും ഇ-ഇന്‍
വോയി
സ് നല്‍കേണ്ടി വരും. കേരളത്തില്‍ 5,000നുമേല്‍ സ്വര്‍ണ വ്യാപാരികള്‍ ഈ ശ്രേണിയില്‍ ഉള്‍പ്പെട്ടേക്കും. അതായത്, ആഗസ്റ്റ് മുതല്‍ ഓരോ ഇടപാടിനും ഇ-വേ ബില്ലും ഇ-ഇന്‍വോയിസും കരുതേണ്ട സ്ഥിതിയും വരും. ഇത്, വ്യാപാരത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എന്തിനാണ് ഇ-വേ ബില്‍
സംസ്ഥാനത്ത് 2021-22ല്‍ 1.01 ലക്ഷം കോടി രൂപയുടെ വിറ്റുവരവ് സ്വര്‍ണ വ്യാപാരമേഖല രേഖപ്പെടുത്തിയെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. ഇതുപ്രകാരം പിരിഞ്ഞുകിട്ടേണ്ട മൊത്തം ജി.എസ്.ടി 3,000 കോടി രൂപയോളമാണ്. സംസ്ഥാന വിഹിതമായി (എസ്.ജി.എസ്.ടി) 1,500 കോടി രൂപയും ലഭിക്കണം. എന്നാല്‍, എസ്.ജി.എസ്.ടിയായി സംസ്ഥാനത്തിന് ആ വര്‍ഷം ലഭിച്ചത് 393 കോടി രൂപയാണ്. നികുതി ചോര്‍ച്ച തടയുക ലക്ഷ്യമിട്ടാണ് ഇ-വേ ബില്‍ നടപ്പാക്കുന്നതെന്നാണ് ധനവകുപ്പിന്റെ വാദം.
എന്നാല്‍, ജി.എസ്.ടി നിയമപ്രകാരം വ്യാപാരികള്‍ സമര്‍പ്പിക്കുന്ന റിട്ടേണും അടയ്ക്കുന്ന നികുതിയും വിലയിരുത്തിയാല്‍ വാര്‍ഷിക വിറ്റുവരവ് കണക്കാക്കാമെന്നിരിക്കേ നികുതി ചോര്‍ച്ചയുണ്ടെന്ന് ആരോപിക്കുന്നത് ശരിയല്ലെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. വാറ്റ് (VAT) കാലഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന് മാത്രമായിരുന്നു നികുതി ലഭിച്ചിരുന്നതെങ്കില്‍ ജി.എസ്.ടിയില്‍ 50 ശതമാനം വിഹിതം കേന്ദ്രമാണ് നേടുന്നത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it