ഓണ്‍ലൈനില്‍ കച്ചവടം പൊടിപൊടിക്കുമ്പോള്‍ നോക്കിനില്‍ക്കേണ്ടി വരുന്നവര്‍

32 ഇഞ്ച് എല്‍ഇഡി സ്മാര്‍ട്ട് ടിവിക്ക് 6,999 രൂപ, 11,000 രൂപയ്ക്ക് 5ജി ഫോണ്‍, 700 രൂപ മുതല്‍ ബ്രാന്‍ഡഡ് ഇയര്‍ ബഡുകള്‍..പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ നല്‍കുന്ന ഉത്സവകാല ഓഫറുകള്‍ ഇങ്ങനെ നീളുകയാണ്. ഫ്‌ലിപ്കാര്‍ട്ടില്‍ നടക്കുന്ന ബിഗ്ബില്യണ്‍ ഡെയിസിന്റെ ആദ്യദിനം സെക്കന്‍ഡില്‍ 1.6 മില്യണ്‍ ഉപഭോക്താക്കളാണ് വെബ്‌സൈറ്റില്‍ എത്തിയത്. ഫ്‌ലിപകാര്‍ട്ടില്‍ ബിഗ് ബില്യണ്‍ സെയില്‍ ആണെങ്കില്‍ ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും അജിയോയില്‍ ഓള്‍ സ്റ്റാര്‍സ് സെയിലുമാണ്. പലപേരില്‍ ഓണ്‍ലൈന്‍ കച്ചവടം പൊടിപൊടിക്കുമ്പോള്‍ നോക്കിനില്‍ക്കുകയാണ് നാട്ടിലെ കച്ചവടക്കാര്‍.

കോവിഡ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് കരകയറാന്‍ ഉത്സവ സീസണിനായി കാത്തിരുന്ന ഓഫ്‌ലൈന്‍ ഇലക്ടോണിക്‌സ് -ഗൃഹോപകരണ കച്ചവടക്കാര്‍ക്ക് ഇത്തരം ഓഫര്‍ സെയിലുകള്‍ വലിയ തിരിച്ചടിയാവുകയാണ്. കടകളിലേയും ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളിലേയും വിലകള്‍ താരതമ്യം ചെയ്താല്‍ 1000 രൂപയ്ക്ക് മുകളിലാണ് വ്യത്യാസം. കൂടാതെ ചാനലുകളിലും വെബ് പേജുകളിലും മുതല്‍ വാട്‌സാപ്പില്‍ വരെ എത്തുന്ന പരസ്യങ്ങളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍.

നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും റീട്ടെയില്‍ മൊബൈല്‍ ഷോപ്പുകള്‍ പലതും ഇപ്പോള്‍ നഷ്ടത്തിലാണ്. ഇടയ്ക്കിടയ്ക്ക് ഫോണുകള്‍ അപ്‌ഡേറ്റ് ചെയ്യുന്ന യുവാക്കള്‍ പുതിയവ വാങ്ങാന്‍ ഓണ്‍ലൈനിലെ ഓഫര്‍ സെയിലുകളാണ് ഉപയോഗപ്പെടുത്തുന്നത്. സെപ്റ്റംബര്‍-ഒക്ടോബര്‍ കാലയളവില്‍ 1.44 ലക്ഷം കോടി രൂപയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ രാജ്യത്ത് വില്‍ക്കപ്പെടുമെന്നാണ് ഡാറ്റ വിശകലനങ്ങള്‍ നടത്തുന്ന ടെക്ക് ആര്‍ക്ക് പറയുന്നത്. ഇതില്‍ 35-38 ശതമാനവും ഓണ്‍ലൈനിലൂടെ ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. ബൈ നൗ പേ ലേറ്റര്‍, ഡെബിറ്റ് കാര്‍ഡ് ഇഎംഐ തുടങ്ങിയവയൊക്കെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

സ്മാര്‍ട്ട് ടിവി വില്‍പ്പനയാണ് മറ്റൊന്ന്. നേരത്തെ ടൗണിലുള്ള ഇലക്ടോണിക്‌സ് കടയില്‍ ചെന്ന് ടിവി വാങ്ങിയിരുന്ന ശീലം മാറിക്കഴിഞ്ഞു. സോണി, ഫിലിപ്‌സ്, ഒനീഡ, സാംസംഗ്, എല്‍ജി തുടങ്ങിയ പരമ്പരാഗത ബ്രാന്‍ഡുകളുടെ സ്ഥാനം വില കുറഞ്ഞ മോഡലുകളിലൂടെ ഷവോമി, വണ്‍പ്ലസ്, റിയല്‍മി, മോട്ടോറോള തുടങ്ങിയവരൊക്കെ സ്വന്തമാക്കുകയാണ്. നോക്കിയവരെ ഇപ്പോള്‍ സ്മാര്‍ട്ട് ടിവി പുറത്തിറക്കുന്നുണ്ട്. ഇവയുടെ എല്ലാം ലക്ഷ്യം ഓണ്‍ലൈന്‍ കച്ചവടമാണ്.

മറ്റ് വഴികളില്ലാതെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ക്ക് സമാനമായ ഓഫറുകള്‍ നല്‍കാന്‍ നിര്‍ബന്ധിതരാവുകയാണ് റീട്ടെയില്‍ കച്ചവടക്കാര്‍. ആമസോണിനും ഫ്‌ലിപ്കാര്‍ട്ടിനും ഒപ്പം ഫൂള്‍ പേജ് ഓഫര്‍ പരസ്യങ്ങളുമായി മൈജി, ക്രോമ അടക്കമുള്ള ഷോറൂം ശൃംഖലകള്‍ ഉപഭോക്തക്കാളെ ആകര്‍ഷിക്കുന്നുണ്ട്. അവിടെയും കച്ചവടം ഇല്ലാതാവുന്നത് ചെറിയ കടകള്‍ക്കാണ്. ഫീച്ചര്‍ ഫോണുകളുടെയും 12000 രൂപയ്ക്ക് താഴെ വിലയുള്ള എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എടുക്കുന്നവരാണ് പ്രധാനമായും ഇത്തരം കടകളിലേക്ക് എത്തുന്നത്.

Related Articles
Next Story
Videos
Share it