വെബ്3, മെറ്റാവേഴ്‌സ് ലോകത്തേക്ക് ഫ്ലിപ്കാര്‍ട്ടും
മെറ്റവേഴ്‌സ്, വെബ്3 സേവനങ്ങള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുത്ത് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഫ്ലിപ്കാര്‍ട്ട്. ഇതിനായി കമ്പനി ഫ്ലിപ്കാര്‍ട്ട് ലാബ്‌സ് എന്ന പുതിയ സംരംഭം ആരംഭിച്ചു. മെറ്റാവേഴ്‌സ് പരീക്ഷണങ്ങള്‍, പുതിയ ടെക്‌നോളജികള്‍ വികസിപ്പിക്കല്‍, ആശയങ്ങള്‍ നടപ്പാക്കല്‍ തുടങ്ങിയവയ്ക്ക് കമ്പനി ലാബിനെ ഉപയോഗപ്പെടുത്തും.
എന്‍എഫ്ടിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍, play to earn, ബ്ലോക്ക്‌ചെയിന്‍ സേവനങ്ങള്‍, വിര്‍ച്വല്‍ സ്‌റ്റോര്‍ തുടങ്ങിയവ കമ്പനി അവതരിപ്പിക്കും. 2020 നവംബറില്‍ വിര്‍ച്വല്‍ / ഓഗ്മെന്റ് റിയാലിറ്റി സ്റ്റാര്‍ട്ടപ്പ് സ്‌കാപിക്കിനെ ( scapic) ഏറ്റെടുത്ത് രൂപീകരിച്ച ഫ്ലിപ്കാര്‍ട്ട് ക്യാമറ പുതിയ ലാബിന്റെ ഭാഗമാവും.
എന്താണ് വെബ്3
പുതു തലമുറ ഇന്റര്‍നെറ്റിനെയാണ് വെബ്3 അഥവാ വെബ് 3.0 എന്ന് വിശേഷിപ്പിക്കുന്നത്. നിലവില്‍ നമ്മള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് വെബ്2 ആണ്. വെബ്2 തലമുറയില്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ സേവനങ്ങള്‍ നല്‍കുന്നതിന് പകരമായി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ച് പണമുണ്ടാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ വെബ്3 ഡീസെന്‍ട്രലൈസ്ഡ് ആയിരിക്കും. അതിനാല്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കാതെ തന്നെ സേവനങ്ങള്‍ ഉപയോഗിക്കാം.