കത്തിക്കയറി സ്വര്‍ണവില പുത്തന്‍ റെക്കോഡില്‍; ഒരു പവന് ഇന്ന് എന്ത് നല്‍കണം?

രാജ്യാന്തര വിലയും പുതിയ ഉയരത്തില്‍, സ്വര്‍ണവില ഇനിയും മുന്നോട്ടോ? വെള്ളിക്കും വിലക്കയറ്റം
Gold Bangles
Image : Canva
Published on

ആഭരണപ്രേമികളെയും വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവരെയും ആശങ്കയിലാഴ്ത്തി സ്വര്‍ണവില റെക്കോഡുകള്‍ തകര്‍ത്ത് കുതിക്കുന്നു. ഇന്ന് കേരളത്തില്‍ ഗ്രാമിന് 40 രൂപ വര്‍ധിച്ച് വില എക്കാലത്തെയും ഉയരമായ 5,885 രൂപയിലെത്തി. പവന്‍ വില 320 രൂപ ഉയര്‍ന്ന് 47,080 രൂപയായി. ചരിത്രത്തിലാദ്യമായാണ് പവന്‍ വില 47,000 രൂപ ഭേദിച്ചത്.

18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 4,885 രൂപയായി. സ്വര്‍ണത്തിനൊപ്പം വെള്ളി വിലയും കയറുകയാണ്. ഇന്ന് ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 84 രൂപയിലാണ് വ്യാപാരം. കഴിഞ്ഞ ഡിസംബര്‍ രണ്ടിലെ 46,760 രൂപയുടെ റെക്കോഡാണ് പവന്‍ വില ഇന്ന് തിരുത്തിയത്. ഗ്രാമിന് അന്ന് 5,845 രൂപയായിരുന്നു.

മിന്നുന്നത് പൊന്ന്, വില ഇനിയും കത്തും

ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് സ്വര്‍ണവില കുതിക്കുന്നത്. രാജ്യാന്തര വില ഔണ്‍സിന് 2,142 ഡോളറിലേക്കാണ് ഇരച്ചുകയറിയത്. 2020 ഓഗസ്റ്റില്‍ കുറിച്ച 2,077 ഡോളറെന്ന റെക്കോഡ് ഇനി പഴങ്കഥ. ഇപ്പോള്‍ 2,085 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. റെക്കോഡില്‍ നിന്നുള്ള ഈ ഇറക്കമാണ് കേരളത്തില്‍ ഇന്നത്തെ വില വര്‍ധന ഗ്രാമിന് 40 രൂപയില്‍ പിടിച്ചുനിറുത്തിയത്. അല്ലാത്തപക്ഷം, കൂടുതല്‍ വില വര്‍ധന പ്രതീക്ഷിക്കാമായിരുന്നു.

സ്വര്‍ണ വിലക്കുതിപ്പ് ഇവിടെ നില്‍ക്കില്ലെന്നാണ് പൊതുവിലയിരുത്തല്‍. 2024ന്റെ മദ്ധ്യത്തോടെ രാജ്യാന്തര വില 2,200 ഡോളര്‍ ഭേദിച്ചേക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു. അതോടെ, കേരളത്തിലെ വില പവന് 55,000-60,000 രൂപ നിരക്കിലെത്തിയേക്കാം.

എന്തുകൊണ്ട് വിലക്കയറ്റം?

അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് വൈകാതെ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്ന ട്രെന്‍ഡിലേക്ക് മാറിയേക്കാമെന്ന വിലയിരുത്തലുകള്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ ട്രഷറി ബോണ്ട് യീല്‍ഡ് (കടപ്പത്രങ്ങളില്‍ നിന്നുള്ള റിട്ടേണ്‍/നേട്ടം/ആദായം) കുറയാന്‍ ഇടവരുത്തിയിട്ടുണ്ട്. ഇതോടെ, നിക്ഷേപകര്‍ കടപ്പത്രങ്ങളില്‍ നിന്ന് പണം പിന്‍വലിച്ച് സ്വര്‍ണത്തിലേക്ക് മാറ്റുകയാണ്.

ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ (Geopolitical Tensions) ഉണ്ടാവുമ്പോള്‍ സ്വര്‍ണത്തിന് പ്രിയം കൂടാറുണ്ട്. ഇസ്രായേല്‍-ഹമാസ് യുദ്ധ പശ്ചാത്തലത്തിലും സുരക്ഷിത നിക്ഷേപമെന്ന പെരുമയുമായി സ്വര്‍ണത്തിന് നല്ല ഡിമാന്‍ഡാണ് കിട്ടുന്നത്. ഇതും ഡോളറിന്റെ ക്ഷീണവും സ്വര്‍ണവില കുതിക്കാന്‍ വഴിയൊരുക്കി.

പൊന്നിന് എന്ത് നല്‍കണം?

ഇന്ന് പവന്‍ വില 47,080 രൂപയാണ്. എന്നാല്‍, ഈ വിലയ്ക്ക് ഒരു പവന്‍ സ്വര്‍ണാഭരണം കിട്ടില്ല. ഈ വിലയോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപ എച്ച്.യു.ഐ.ഡി (ഹോള്‍മാര്‍ക്ക്) ഫീസും അതിന്റെ 18 ശതമാനം ജി.എസ്.ടിയും, പിന്നെ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേര്‍ത്താല്‍ മിനിമം 51,000 രൂപയെങ്കിലും നല്‍കിയാലേ ഒരുപവന്‍ സ്വര്‍ണാഭരണം കിട്ടൂ.

കുതിപ്പിന്റെ വര്‍ഷം

2023 സ്വര്‍ണത്തിന് കുതിപ്പിന്റെ വര്‍ഷമാണ്. ജനുവരിയിലെ ഏറ്റവും താഴ്ന്ന വില പവന് 40,360 രൂപയായിരുന്നു; ഗ്രാമിന് 5,045 രൂപയും. തുടര്‍ന്ന് ഇതുവരെ പവന് വര്‍ധിച്ചത് 6,720 രൂപയാണ്. ഗ്രാമിന് 840 രൂപയും. കഴിഞ്ഞവര്‍ഷം ഡിസംബറിലെ കണക്കെടുത്താല്‍ പവന് 39,000 രൂപയായിരുന്നു ഏറ്റവും താഴ്ന്ന വില; ഗ്രാമിന് 4,875 രൂപയും. ഒരുവര്‍ഷത്തിനിടെ പവന് കൂടിയത് 8,080 രൂപ; ഗ്രാമിന് 1,010 രൂപയും ഉയര്‍ന്നു.

കേരളത്തില്‍ വിലക്കയറ്റം ഉപഭോക്താക്കളില്‍ ആശങ്കസൃഷ്ടിച്ചിട്ടുണ്ടെന്നും കച്ചവടം മന്ദഗതിയിലാണെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ ധനംഓണ്‍ലൈനിനോട് പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com