സ്വര്‍ണവില ഈ മാസത്തെ താഴ്ചയില്‍; വാങ്ങുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും നാളുകളായി കനത്ത ചാഞ്ചാട്ടത്തിലാണ് സ്വര്‍ണവില. ഒക്ടോബര്‍ 28ന് 45,920 രൂപയായിരുന്ന പവന്‍ വില കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ ഇന്നുള്ളത് 44,440 രൂപയില്‍. ഇന്ന് പവന് 360 രൂപ കുറഞ്ഞു. ഗ്രാം വില 45 രൂപ താഴ്ന്ന് 5,555 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്.

ഓരോ ദിവസവും 250-275 ടണ്‍ സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിയുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം കേരളത്തിലെ സ്വര്‍ണവിപണിയുടെ വിറ്റുവരവ് 1.01 ലക്ഷം കോടി രൂപയായിരുന്നു. 12,000ലേറെ സ്വര്‍ണക്കടകളാണ് കേരളത്തിലുള്ളത്.
സ്വര്‍ണത്തിന്റെ വില മാത്രം നോക്കല്ലേ
സ്വര്‍ണാഭരണ പ്രിയരുടെ നാടാണ് കേരളമെന്നത് കണക്കുകളില്‍ നിന്ന് വ്യക്തം. ആഭരണങ്ങളെന്നതിന് പുറമേ നിക്ഷേപമെന്ന നിലയിലും ഭൗതിക സ്വര്‍ണം വാങ്ങുന്ന മലയാളികള്‍ ഏറെ. പക്ഷേ, സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് പലര്‍ക്കും ഇപ്പോഴും അറിയില്ല. വില മാത്രം നോക്കി സ്വര്‍ണാഭരണം വാങ്ങാന്‍ പുറപ്പെടരുത്.
ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
ഇന്ന് പവന് 44,440 രൂപയാണ്. എന്നാല്‍, ഈ വിലയ്ക്ക് ഒരു പവന്‍ സ്വര്‍ണാഭരണം കിട്ടില്ല. ഈ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി കൊടുക്കണം. പുറമേ ഇപ്പോള്‍ സ്വര്‍ണാഭരണങ്ങളെല്ലാം എച്ച്.യു.ഐ.ഡി മുദ്രയുള്ളതാണെന്ന് അറിയാമല്ലോ. 45 രൂപ എച്ച്.യു.ഐ.ഡി ചാര്‍ജും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ഉപഭോക്താവ് നല്‍കണം. ഇനിയാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്, പണിക്കൂലി!
അതെ, സ്വര്‍ണത്തിന്റെ വാങ്ങല്‍ വിലയിലെ നിര്‍ണായക ഘടകമാണ് പണിക്കൂലി. ഓരോ ജുവലറിയിലും പണിക്കൂലി വ്യത്യസ്തമായിരിക്കും. വാങ്ങുന്ന ആഭരണത്തിനനുസരിച്ചും പണിക്കൂലി വ്യത്യാസപ്പെടും. സംസ്ഥാനത്ത് സാധാരണ 5 ശതമാനം പണിക്കൂലിയാണ് ഏറ്റവും കുറവ് ഈടാക്കുന്നത്. ബ്രാന്‍ഡഡ് ആഭരണങ്ങളാകുമ്പോള്‍ അത് 20 ശതമാനത്തിന് മുകളിലുമെത്താം.
ഒരു പവന് എന്ത് നല്‍കണം?
44,440 രൂപയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി ചേര്‍ന്നാല്‍ വില 45,773.2 രൂപയായി. 45 രൂപ എച്ച്.യു.ഐ.ഡിയും 18 ശതമാനം ജി.എസ്.ടിയും ചേര്‍ക്കുമ്പോള്‍ (അതായത് 8.1 രൂപ) വില 45,781.3 രൂപ. ഇനി ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി ഇതോടൊപ്പം ചേര്‍ക്കാം. (45,781.3 രൂപയുടെ 5 ശതമാനം=2,289.06 രൂപ).
ഒരു പവന്‍ സ്വര്‍ണാഭരണത്തിന് നല്‍കേണ്ട ആകെ വില അതോടെ 48,070.36 രൂപ. ഫലത്തില്‍ 44,440 രൂപയ്‌ക്കൊപ്പം 3,630 രൂപ കൂടി കൈയില്‍ കരുതിയാലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ.
ഇന്‍ഷ്വറന്‍സും മെയിന്റനന്‍സും
നിരവധി ജുവലറികള്‍ പണിക്കൂലിയില്‍ ഇളവ് നല്‍കുന്നുണ്ട്. ദീപാവലിയോട് അനുബന്ധിച്ചും ഓഫറുകളുണ്ടാകാം. ഇവയെല്ലാം ശ്രദ്ധിച്ചാല്‍ മികച്ച ലാഭത്തോടെ സ്വര്‍ണാഭരണം വാങ്ങാം. എന്നാല്‍, ഇനിയും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്.
നാം സമ്പാദിച്ച പണം ചെലവഴിച്ച് വാങ്ങുന്ന സ്വര്‍ണത്തിന് യഥാര്‍ത്ഥ മൂല്യം ലഭിക്കുക അത് ഏറെക്കാലം മികവോടെ നില്‍ക്കുമ്പോഴാണ്. നിരവധി ജുവലറികള്‍ സ്വര്‍ണാഭരണത്തിന് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. അജീവനാന്ത സൗജന്യ മെയിന്റനന്‍സും ഗ്യാരന്റിയും നല്‍കുന്ന ജുവലറികളുണ്ട്. ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചശേഷം വാങ്ങാം സ്വര്‍ണാഭരണങ്ങള്‍.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it