സ്വര്‍ണവില കുതിപ്പിനിടെ കേരളത്തില്‍ പുത്തന്‍ ട്രെന്‍ഡ്; വിപണി കൈയടക്കി 'കുഞ്ഞന്‍' താരങ്ങള്‍, ബുക്കിംഗും തകൃതി

കേരളത്തില്‍ സ്വര്‍ണവില എക്കാലത്തെയും ഉയരത്തില്‍; വെള്ളിക്ക് കൂടുതല്‍ പ്രിയം തമിഴ്‌നാട്ടില്‍
Indian women with gold jewelry
Image : Dhanam File
Published on

അനുദിനം റെക്കോഡ് തിരുത്തി സ്വര്‍ണവില പുതിയ ഉയരത്തിലെത്തിയതോടെ കേരളത്തിലെ വിപണിയില്‍ ദൃശ്യമാകുന്നത് പുത്തന്‍ ട്രെന്‍ഡുകള്‍. വിവാഹ പാര്‍ട്ടികള്‍ കൂടുതലായും അഡ്വാന്‍സ് ബുക്കിംഗിലേക്ക് തിരിഞ്ഞു. 22 കാരറ്റില്‍ നിന്ന് 18 കാരറ്റിലേക്ക് ശ്രദ്ധ തിരിച്ച് തുടങ്ങിയ ഉപഭോക്താക്കളും ധാരാളം. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്ക് വിവാഹ പാര്‍ട്ടികള്‍ക്കിടയിലും പ്രിയമേറുകയാണെന്ന് വിതരണക്കാര്‍ പറയുന്നു.

വിവാഹ ആവശ്യങ്ങള്‍ക്കായി 30-40 പവന്‍ ആഭരണങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നവര്‍ ഇപ്പോഴത് പത്ത് പവനോളം കുറച്ചാണ് വാങ്ങുന്നത്. അതേസമയം, ബാക്കി വരുന്ന 10 പവന്‍ സ്വര്‍ണവില കുറയുന്ന മുറയ്ക്ക് വാങ്ങാമെന്ന തീരുമാനത്തിലുമാണ് വിവാഹ പാര്‍ട്ടികളെന്ന് ഭീമ ഗ്രൂപ്പ് ചെയര്‍മാനും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) സംസ്ഥാന പ്രസിഡന്റുമായ ഡോ.ബി. ഗോവിന്ദന്‍ ധനംഓണ്‍ലൈനിനോട് പറഞ്ഞു.

ബുക്കിംഗിന് വലിയ പ്രിയം

വിവാഹാഭരണങ്ങള്‍ ബുക്ക് ചെയ്ത് വാങ്ങുന്ന പ്രവണത കൂടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരുമാസം മുതല്‍ ഒരുവര്‍ഷം വരെ ബുക്കിംഗ് ഓപ്ഷനുകള്‍ ജുവലറികള്‍ നല്‍കുന്നുണ്ട്. വാങ്ങുന്ന അളവിന് അനുസൃതമായി 5-10 ശതമാനം തുക മുന്‍കൂര്‍ നല്‍കി ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. വിവാഹ പാര്‍ട്ടികളില്‍ 70-80 ശതമാനവും ഇപ്പോള്‍ സ്വര്‍ണം വാങ്ങുന്നത് ബുക്കിംഗ് പ്രയോജനപ്പെടുത്തിയാണ്.

ഏറ്റവും പുതിയ ധനംഓൺലൈൻ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം

ബുക്ക് ചെയ്ത ദിവസത്തെ വില, ആഭരണങ്ങള്‍ വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്യുമ്പോള്‍ ഏത് വിലയാണോ ഏറ്റവും കുറവ് - ആ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാമെന്നതാണ് ബുക്കിംഗ് കൊണ്ടുള്ള നേട്ടമെന്നും ഡോ.ബി. ഗോവിന്ദന്‍ പറഞ്ഞു.

ഉദാഹരണത്തിന് ഇന്ന് 54,360 രൂപയാണ് ഒരു പവന് വില. നിങ്ങള്‍ 6 മാസത്തിന് ശേഷം വാങ്ങാമെന്ന ധാരണയില്‍ ബുക്ക് ചെയ്തുവെന്നും കരുതുക. ആറുമാസത്തിന് ശേഷം വില 55,500 രൂപയായാലും ഇന്ന് ബുക്ക് ചെയ്തവര്‍ക്ക് 54,360 രൂപയ്ക്ക് തന്നെ സ്വര്‍ണം ലഭിക്കും. ഇനിയിപ്പോള്‍ 6 മാസത്തിന് ശേഷം വില 52,000 രൂപയായി കുറഞ്ഞെന്നിരിക്കട്ടെ, ഉപയോക്താവിന് സ്വര്‍ണം 52,000 രൂപ നിരക്കില്‍ വാങ്ങാമെന്നതാണ് പ്രത്യേകത.

ട്രെന്‍ഡായി പുത്തന്‍ ആഭരണങ്ങള്‍

22 കാരറ്റ് സ്വര്‍ണവിലയാണ് പവന് 54,360 രൂപ. ഗ്രാമിന് വില 6,795 രൂപയും. അതേസമയം, 18 കാരറ്റ് സ്വര്‍ണത്തിന് വില 5,690 രൂപയേയുള്ളൂ. 18 കാരറ്റ് സ്വര്‍ണത്തിലെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാരുണ്ടെന്നും ഇത് വൈകാതെ ഒരു ട്രെന്‍ഡായി മാറിയേക്കാമെന്നും എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു. ലൈറ്റ് വെയ്റ്റില്‍ റോസ് ഗോള്‍ഡ്, റെഡ് ഗോള്‍ഡ്, വൈറ്റ് ഗോള്‍ഡ് ആഭരണങ്ങള്‍ക്ക് വിവാഹ പാര്‍ട്ടികള്‍ക്കിടയിലും പ്രിയമുണ്ട്. ഡയമണ്ട് ആഭരണങ്ങളില്‍ കൂടുതലായും 18 കാരറ്റാണ് ഉപയോഗിക്കുന്നത്.

വെള്ളിക്ക് വലിയ പ്രിയമില്ല

സ്വര്‍ണവില റെക്കോഡ് തകര്‍ത്ത് മുന്നേറുന്നതിനാല്‍ ഡയമണ്ട് ആഭരണങ്ങളിലേക്ക് തിരിഞ്ഞവരുണ്ട്. നികുതിയും പണിക്കൂലിയുമടക്കം വന്‍തുക ചെലവിട്ട് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിന് പകരം ചിലര്‍ ഒറ്റ ഡയമണ്ട് ആഭരണം വാങ്ങുന്നു.

പ്ലാറ്റിനം ആഭരണങ്ങള്‍ക്ക് വലിയ പ്രിയം കേരളത്തിലില്ല. വെള്ളിയാഭരണങ്ങള്‍ക്കും കേരളത്തില്‍ ആവശ്യക്കാര്‍ കുറവാണെന്നും അതേസമയം, സ്വര്‍ണത്തിന് ബദലെന്നോണം വെള്ളിയില്‍ സ്വര്‍ണം പൂശിയുള്ള റെഡ്, റോസ് ഗോള്‍ഡ് ആഭരണങ്ങള്‍ക്ക് അന്വേഷണങ്ങളുണ്ടെന്നും എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു. കേരളത്തിനേക്കാള്‍ വെള്ളി ആഭരണങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടുതല്‍ തമിഴ്‌നാട്ടിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

അക്ഷയതൃതീയ തിളങ്ങും

വിലക്കയറ്റം അക്ഷയതൃതീയയെ ബാധിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് ഡോ.ബി. ഗോവിന്ദന്‍ പറഞ്ഞു. ഒട്ടുമിക്ക ജുവലറികളും അക്ഷയതൃതീയ ബുക്കിംഗിനും തുടക്കമിട്ടിട്ടുണ്ട്. ചെറിയ സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണനാണയങ്ങള്‍ എന്നിവയ്ക്കാണ് കൂടുതല്‍ താത്പര്യക്കാരെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കുറി മേയ് 10നാണ് അക്ഷയതൃതീയ. ഹൈന്ദവ വിശ്വാസപ്രകാരം സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ഏറ്റവും ഐശ്വര്യപൂര്‍ണമെന്ന് കരുതുന്ന ദിനമാണ് അക്ഷയതൃതീയ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com