സ്വര്‍ണത്തീ! പവന്‍വില ആദ്യമായി ₹50,000 കടന്നു; ഇന്ന് ഒറ്റയടിക്ക് 1,000 രൂപയിലധികം കൂടി, വില കത്തിക്കയറി പുതിയ റെക്കോഡില്‍

ഒടുവില്‍, അത് സംഭവിച്ചു! ആശങ്കകള്‍ ശരിവച്ച് കേരളത്തില്‍ പവന്‍വില ആദ്യമായി 50,000 രൂപ എന്ന നാഴികക്കല്ല് ഭേദിച്ചു. ആഭരണപ്രേമികളെയും വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷാവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവരെയും നിരാശയിലാഴ്ത്തി വില ഇന്ന് പവന് ഒറ്റയടിക്ക് 1,040 രൂപ ഉയര്‍ന്ന് 50,400 രൂപയിലെത്തി. 130 രൂപ വര്‍ധിച്ച് 6,300 രൂപയാണ് ഗ്രാം വില. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തില്‍ ഒറ്റയടിക്ക് സ്വര്‍ണവില പവന് 1,000 രൂപയിലധികവും ഗ്രാമിന് 100 രൂപയിലധികവും ഒറ്റദിവസം കൂടുന്നത്.
ഇക്കഴിഞ്ഞ 21ന് (March 21) കുറിച്ച ഗ്രാമിന് 6,180 രൂപയും പവന് 49,440 രൂപയും എന്ന റെക്കോഡാണ് പഴങ്കഥയായത്. 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 120 രൂപ കൂടി സര്‍വകാല റെക്കോഡായ 5,260 രൂപയായി. വെള്ളിവിലയും ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് റെക്കോഡ് 81 രൂപയിലെത്തി.
എന്തുകൊണ്ട് വിലക്കുതിപ്പ്?
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്ക സമീപഭാവിയിലെങ്ങും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കില്ലെന്ന വിലയിരുത്തലുകള്‍ ശക്തമായതോടെ ഡോളറിന്റെ മൂല്യവും അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (Bond Yield) താഴുകയാണ്.
ഈ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമായി കണ്ട്, നിക്ഷേപകര്‍ ഡോളറില്‍ നിന്നും ബോണ്ടില്‍ നിന്നും നിക്ഷേപം പിന്‍വലിച്ച് സ്വര്‍ണത്തിലേക്ക് ഒഴുക്കുന്നതാണ് വില വര്‍ധന സൃഷ്ടിക്കുന്നത്. ഡിമാന്‍ഡ് കൂടിയതോടെ സ്വര്‍ണവില കത്തിക്കയറുകയായിരുന്നു.
സ്വര്‍ണാഭരണങ്ങള്‍ക്കല്ല, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ETF) പോലുള്ള സ്വര്‍ണനിക്ഷേപങ്ങള്‍, സ്വര്‍ണക്കട്ടികള്‍ എന്നിവയ്ക്കാണ് ഡിമാന്‍ഡേറുന്നത്.
രാജ്യാന്തര വിലക്കുതിപ്പ്
ഔണ്‍സിന് 2,170 ഡോളര്‍ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വര്‍ണവില ഇന്ന് സകല റെക്കോഡുകളും തൂത്തെറിഞ്ഞ് 2,234 ഡോളറെന്ന റെക്കോഡിലെത്തി. ഇത് ഇന്ത്യയിലെ വിലയും കുതിച്ചുയരാന്‍ വഴിയൊരുക്കുകയായിരുന്നു.
ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം താഴുകകൂടി ചെയ്തതും ആഭ്യന്തര സ്വര്‍ണവില കൂടാനുള്ള ആക്കംകൂട്ടി. ഡോളറിലാണ് സ്വര്‍ണത്തിന്റെ രാജ്യാന്തര വ്യാപാരം. ഡോളറിനെതിരെ രൂപ തളരുമ്പോള്‍ സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ തുക ചെലവിടേണ്ടിവരും. ഇത് ഇറക്കുമതിച്ചെലവ് കൂട്ടും. ഫലത്തില്‍, ആഭ്യന്തര സ്വര്‍ണവില കൂടുകയും ചെയ്യും.
സാധാരണക്കാരന് കിട്ടാക്കനി!
ഒരു പവന്‍ സ്വര്‍ണം എന്നതുപോലും സാധാരണക്കാരന് കിട്ടാക്കനി ആവുന്ന സ്ഥിതിയിലേക്കാണ് വില കത്തിക്കയറുന്നത്.
ഇന്ന് ഒരു പവന് കേരളത്തിലെ വില 50,400 രൂപയാണ്. എന്നാല്‍ ഈ വില കൊടുത്താല്‍ ഒരു പവന്‍ സ്വര്‍ണാഭരണം കിട്ടില്ല. ഈ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപ എച്ച്.യു.ഐ.ഡി (ഹോള്‍മാര്‍ക്ക്) ഫീസും അതിന്റെ 18 ശതമാനം ജി.എസ്.ടിയും, പിന്നെ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേര്‍ക്കണം. അപ്പോള്‍ ഏതാണ് 54,600 രൂപയെങ്കിലും കൊടുത്താലെ ഒരുപവന്‍ സ്വര്‍ണം വാങ്ങാനാകൂ.
അതായത് 4,200 രൂപയെങ്കിലും അധികമായി കൈയില്‍ കരുതണം. ചില ജുവലറികള്‍ പൂജ്യം ശതമാനമേയുള്ളൂ എന്ന ഓഫറുകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. എങ്കില്‍പ്പോലും നികുതിയടക്കം ചേരുമ്പോള്‍ 52,000 രൂപയെങ്കിലുമാകും ഒരു പവന്‍ സ്വര്‍ണാഭരണത്തിന്.
പൊന്നിന്റെ വമ്പന്‍ കുതിപ്പ്
ഈ മാസം വലിയ കുതിച്ചുചാട്ടമാണ് സ്വര്‍ണവില കാഴ്ചവച്ചത്. ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞവിലയായ 45,520 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ തുടര്‍ന്ന് ഇതുവരെ പവന് കൂടിയത് 4,880 രൂപയാണ്. ഗ്രാമിന് 610 രൂപയും ഉയര്‍ന്നു. ഒറ്റയടിക്ക് ഈ ചെറിയകാലയളവില്‍ സംസ്ഥാനത്ത് സ്വര്‍ണവില ഇത്രത്തോളം കൂടുന്നതും അപൂര്‍വമാണ്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it