വീണ്ടും റെക്കോഡ്; സ്വര്‍ണവില ഇന്നും മുന്നേറി പുത്തന്‍ ഉയരത്തില്‍, ഇന്നൊരു പവന് നല്‍കേണ്ടത് നികുതിയടക്കം ഈ വില

സാധാരണക്കാര്‍ക്ക് സ്വര്‍ണം കിട്ടാക്കനിയാകുന്നുവെന്ന് വ്യക്തമാക്കി വില ഇന്നും റെക്കോഡ് തകര്‍ത്തെറിഞ്ഞ് പുതിയ ഉയരത്തിലെത്തി. കേരളത്തില്‍ ഗ്രാമിന് 30 രൂപ ഉയര്‍ന്ന് വില 6,565 രൂപയിലും പവന് 240 രൂപ വര്‍ധിച്ച് 52,520 രൂപയിലുമെത്തി. രണ്ടും സര്‍വകാല റെക്കോഡ് വിലയാണ്. ഈ മാസം ആറിന് (April 6) കുറിച്ച ഗ്രാമിന് 6,535 രൂപയും പവന് 52,280 രൂപയുമെന്ന റെക്കോഡ് പഴങ്കഥയായി.
18 കാരറ്റും വെള്ളിയും
വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 87 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 5,495 രൂപയിലെത്തി. ഇതും പുതിയ ഉയരമാണ്.
സ്വര്‍ണക്കുതിപ്പിന്റെ കാലം
രാജ്യാന്തര വിപണിയിലെ വില കത്തിക്കയറുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം നേരിടുന്ന വീഴ്ചയുമാണ് കേരളത്തിലും സ്വര്‍ണവിലയെ മുന്നോട്ട് നയിക്കുന്നത്. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 2,347 ഡോളറിലേക്ക് കുതിച്ചുയര്‍ന്ന് പുതിയ ഉയരംതൊട്ടു. ഒറ്റയടിക്ക് കൂടിയത് 30 ഡോളറോളമാണ്.
എന്തുകൊണ്ട് വില കൂടുന്നു?
ലോകത്തെ ഒന്നാം നമ്പര്‍ സാമ്പത്തികശക്തിയായ അമേരിക്കയുടെ കേന്ദ്രബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വ് ജൂണ്‍ മുതല്‍ തന്നെ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തല്‍ ശക്തമാണ്. അടിസ്ഥാന പലിശനിരക്ക് കുറഞ്ഞാല്‍ ആനുപാതികമായി അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്ക് (US treasury bond yield) താഴും.
ഇത് ബോണ്ടുകളെ അനാകര്‍ഷകമാക്കും. കാരണം, ബോണ്ടില്‍ നിന്നുള്ള പ്രതീക്ഷിത നേട്ടം കുറയും. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ നിക്ഷേപം ബോണ്ടുകളില്‍ നിന്ന് പിന്‍വലിച്ച്, സുരക്ഷിത നിക്ഷേപമെന്ന പെരുമയുള്ള സ്വര്‍ണത്തിലേക്ക് മാറ്റും. ഇതാണ് സ്വര്‍ണവില കൂടാനിടയാക്കുന്ന മുഖ്യകാരണം.
ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കുമേല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലും സ്വര്‍ണത്തിനാണ് നേട്ടമാകുന്നത്. മാത്രമല്ല, ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയും സ്വര്‍ണ ഉപഭോഗത്തിലും ഇറക്കുമതിയിലും ഏറ്റവും മുന്നിലുമുള്ള രാജ്യവുമായ ചൈനയുടെ കേന്ദ്രബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടി കരുതല്‍ സ്വര്‍ണശേഖരം വര്‍ധിപ്പിക്കുന്നതും സ്വര്‍ണവില കുതിക്കാന്‍ വളമാകുകയാണ്.
തുടര്‍ച്ചയായ 17-ാം മാസമാണ് ചൈനീസ് കേന്ദ്രബാങ്ക് സ്വര്‍ണശേഖരം ഉയര്‍ത്തുന്നത്. നിലവില്‍ 72.74 മില്യണ്‍ ട്രോയ് ഔണ്‍സ് സ്വര്‍ണം പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയുടെ പക്കലുണ്ട്. ഇത് റെക്കോഡാണ്.
സാധാരണക്കാരന് കിട്ടാക്കനി
അഞ്ചുവര്‍ഷം മുമ്പ്, അതായത് 2020 ഏപ്രില്‍ എട്ടിന് ഒരു പവന് വില 32,400 രൂപയായിരുന്നു. നികുതിയും പണിക്കൂലിയുമടക്കം 35,000 രൂപ കൊടുത്താല്‍ ഒരു പവന്‍ ആഭരണം വാങ്ങാമായിരുന്നു.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ 57,000 രൂപയെങ്കിലും മിനിമം കൊടുക്കണം. മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപ ഹോള്‍മാര്‍ക്ക് ഫീസും അതിന്റെ 18 ശതമാനം ജി.എസ്.ടിയും, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേരുന്ന തുകയാണിത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it