വെച്ചടി കയറ്റം; സ്വര്‍ണവില ഇന്നും കൂടി, കേരളത്തില്‍ പുതിയ റെക്കോഡ്, വില ഇനി താഴേക്കോ?

സ്വര്‍ണവിലയുടെ കയറ്റത്തിന് അറുതിയില്ല. വില ഇന്നും ഉയര്‍ന്ന് പുതിയ റെക്കോഡിട്ടു. കേരളത്തില്‍ ഗ്രാമിന് ഇന്ന് 10 രൂപ വര്‍ധിച്ച് 6,620 രൂപയായി. 80 രൂപ ഉയര്‍ന്ന് 52,960 രൂപയാണ് പവന്‍വില. രണ്ടും സര്‍വകാല റെക്കോഡാണ്. 53,000 രൂപയെന്ന നാഴികക്കല്ല് മറികടക്കാന്‍ വെറും 40 രൂപ മാത്രം അകലെയാണ് പവന്‍വില.
ആഭരണപ്രേമികളെയും സ്വര്‍ണം വാങ്ങാന്‍ ശ്രമിക്കുന്ന സാധാരണക്കാരെയും കടുത്ത ആശങ്കയിലാഴ്ത്തിയാണ് വിലക്കുതിപ്പ്. ഈ മാസം മാത്രം ഇതുവരെ 2,760 രൂപയാണ് പവന് സംസ്ഥാനത്ത് കൂടിയത്. ഗ്രാമിന് 345 രൂപയും കൂടി.
ഇന്ന് പൊന്നിന് എന്ത് വേണം?
52,960 രൂപയെന്നത് അടിസ്ഥാന വിലയാണ്. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഈ തുക കൊടുത്താല്‍ പോരാ. ഇതിനോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടിയും 45 രൂപയും അതിന്റെ 18 ശതമാനവും ചേരുന്ന ഹോള്‍മാര്‍ക്ക് (HUID) ഫീസും കൊടുക്കണം. പുറമേ, ഒട്ടുമിക്ക ജുവലറികളും പണിക്കൂലി ഈടാക്കുന്നുണ്ട്. ഇത് സാധാരണയായി 5 ശതമാനം മുതല്‍ 30 ശതമാനം വരെയൊക്കെയാണ്. ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി കണക്കാക്കിയാല്‍ 58,000 രൂപയ്ക്കടുത്ത് ചെലവിട്ടാലേ ഇന്നൊരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ. ചില ജുവലറികള്‍ പൂജ്യം ശതമാനം പണിക്കൂലി, രണ്ടര ശതമാനം പണിക്കൂലി എന്നിങ്ങനെ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
വെള്ളിയും 18 കാരറ്റും
18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് ഇന്ന് 5 രൂപ വര്‍ധിച്ച് 5,530 രൂപയായി. അതേസമയം, കഴിഞ്ഞദിവസങ്ങളില്‍ മുന്നേറിയ വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 89 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
എന്തുകൊണ്ട് സ്വര്‍ണവില കൂടുന്നു?
ആഗോളതലത്തില്‍ സാമ്പത്തിക പ്രതിസന്ധികളുണ്ടാകുമ്പോള്‍ ഓഹരി, കടപ്പത്ര നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് താത്കാലികമായി നിക്ഷേപം മാറ്റും. പ്രതിസന്ധിഘട്ടങ്ങളിലെ 'സുരക്ഷിത താവളം' എന്ന പെരുമ എക്കാലത്തും സ്വര്‍ണത്തിനുണ്ട്.
നിലവില്‍, അമേരിക്കയിലെ പണപ്പെരുപ്പം, അടിസ്ഥാന പലിശനിരക്കിന്റെ ദിശ എന്നിവ സംബന്ധിച്ച ആശങ്കകള്‍, ഇസ്രായേല്‍-ഹമാസ് യുദ്ധം, റഷ്യ-യുക്രെയ്ന്‍ യുദ്ധം എന്നിവ സ്വര്‍ണവില കുതിപ്പിന് വളമായിട്ടുണ്ട്.
മാത്രമല്ല, ചൈനയുടെ കേന്ദ്ര ബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയടക്കം നിരവധി കേന്ദ്രബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണശേഖരം ഉയര്‍ത്തുന്നതും വിലയെ മേലോട്ട് നയിക്കുന്നു.
രാജ്യാന്തര സ്വര്‍ണവില ഇന്നുള്ള ട്രോയ് ഔണ്‍സിന് 6.65 ഡോളര്‍ ഉയര്‍ന്ന് 2,342.16 ഡോളറിലാണ്. കഴിഞ്ഞവാരം 2,280 ഡോളര്‍ നിലവാരത്തിലായിരുന്ന വിലയാണ് ഈവാരം ഒരുവേള 2,365 ഡോളര്‍ ഭേദിച്ചത്.
വില ഇനി എങ്ങോട്ട്?
കഴിഞ്ഞ ദിവസങ്ങളില്‍ ഔണ്‍സിന് 2,365 ഡോളര്‍ വരെയെത്തിയ രാജ്യാന്തര സ്വര്‍ണവിലയാണ് 2,340 ഡോളറിലേക്ക് ഇപ്പോള്‍ കുറഞ്ഞത്. ഒരുവേള ഇന്നലെ വില 2,335 ഡോളര്‍ വരെ താഴ്ന്നിരുന്നു.
അമേരിക്കയില്‍ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നു എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. പണപ്പെരുപ്പം കൂടിയതിനാല്‍ പലിശനിരക്ക് ഉടനൊന്നും കുറയാനും സാധ്യതയില്ല. ഡോളറിന്റെ മൂല്യവും അമേരിക്കയുടെ ബോണ്ട് യീല്‍ഡും കുതിക്കുകയുമാണ്. ഈ പശ്ചാത്തലത്തില്‍ സ്വര്‍ണവിലയുടെ തിളക്കം മായാനാണ് സാദ്ധ്യത. വില വൈകാതെ കുറഞ്ഞേക്കുമെന്ന് കരുതപ്പെടുന്നു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it