Begin typing your search above and press return to search.
കേരളത്തിലും വരുന്നൂ 'സ്വര്‍ണ' പാര്‍ക്ക്, ആയിരക്കണക്കിന് തൊഴിലവസരം
ആഭരണനിര്‍മ്മാണത്തില്‍ കേരളത്തെ സ്വയംപര്യാപ്തമാക്കുന്നത് ലക്ഷ്യമിട്ട് സ്വര്‍ണവ്യാപാരികള്‍ ചേര്‍ന്ന് സ്വര്‍ണ പാര്‍ക്ക് (ഗോള്‍ഡ് ബുള്ള്യന്‍ പാര്‍ക്ക്) സ്ഥാപിക്കുന്നു. ഇതിനായി തൃശൂരിലും മലപ്പുറത്തും സ്ഥലം കണ്ടെത്തിയിട്ടുണ്ട്. തൃശൂരിനാണ് സാദ്ധ്യത കൂടുതല്‍. സംസ്ഥാനത്തെ ആദ്യ 'ഗോള്‍ഡ് പാര്‍ക്ക്' ആയിരിക്കുമിത്.
ആഭരണവ്യാപാരം സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമാക്കാനുള്ള പാര്‍ക്കാണ് ഒരുക്കുകയെന്ന് പദ്ധതിക്ക് നേതൃത്വം വഹിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) വ്യക്തമാക്കി.
'ആത്മനിർഭർ' കേരളം
സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരമേഖലയുടെ ദീര്‍ഘകാല ആവശ്യമാണ് കേരളത്തില്‍ ഒരു ജുവലറി പാര്‍ക്ക്. ഇന്ത്യയില്‍ ഏറ്റവുമധികം സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിക്കപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
കഴിഞ്ഞവര്‍ഷം കേരളത്തില്‍ ഒരുലക്ഷം കോടി രൂപയുടെ സ്വര്‍ണാഭരണ വില്പന നടന്നുവെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, സംസ്ഥാനത്ത് വിറ്റഴിയുന്ന ആഭരണങ്ങളില്‍ 50 ശതമാനത്തിലേറെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. ആഭരണനിര്‍മ്മാണത്തില്‍ കേരളത്തെ സ്വയംപര്യാപ്തമാക്കുകയാണ് പാര്‍ക്കിലൂടെ എ.കെ.ജി.എസ്.എം.എ ഉദ്ദേശിക്കുന്നത്.
ആയിരക്കണക്കിന് തൊഴിലവസരം
2025ല്‍ ബുള്ള്യന്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയാണ് എ.കെ.ജി.എസ്.എം.എയുടെ ലക്ഷ്യം. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ മൊത്തം പദ്ധതിച്ചെലവ് 250 കോടി രൂപ കവിയുമെന്ന് പ്രതീക്ഷിക്കുന്നതായി എകെ.ജി.എസ്.എം.എ സസ്ഥാന ട്രഷറര്‍ അഡ്വ.എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
അടിസ്ഥാനസൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍ ഒരുക്കുകയാണ് പാര്‍ക്കിലൂടെ. ഈ രംഗത്തെ ആര്‍ക്കും പാര്‍ക്കില്‍ നിക്ഷേപം നടത്താം. പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ നേരിട്ടും പരോക്ഷമായും 10,000 പേര്‍ക്ക് തൊഴിലും ലഭിക്കും. സര്‍ക്കാരിന് മികച്ച നികുതിവരുമാനവും ലഭ്യമാകും.
അടിസ്ഥാനസൗകര്യങ്ങള്‍
ഫാക്ടറികള്‍, റിഫൈനറികള്‍, ബുള്ള്യന്‍ ബാങ്കുകള്‍, ബോണ്ടഡ് വെയര്‍ഹൗസുകള്‍, അപ്പാര്‍ട്ട്മെന്റുകള്‍, ഹോള്‍മാര്‍ക്കിംഗ് പരിശീലനം, ജെമ്മോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ഹോട്ടലുകള്‍, ട്രേഡ് സെന്ററുകള്‍, സൗരോര്‍ജോത്പാദനം തുടങ്ങിയവ പാര്‍ക്കിലുണ്ടാകും.
പാര്‍ക്കിനായുള്ള സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് അഡ്വ.എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു. ഏകജാലക സംവിധാനത്തിലൂടെ ലൈസസിംഗ് നടപടികള്‍ ഉടന്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പാര്‍ക്കിലെ അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story
Videos