ഇന്ത്യന്‍ ഇ-കൊമേഴ്‌സ് മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒഎന്‍ഡിസി

പണം കൈമാറ്റത്തിന് യുപിഐ പോലെ ഇ-കൊമേഴ്‌സ് രംഗത്ത് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഒന്‍ഡിസി നെറ്റ്‌വർക്ക് (open network for digital commerce) പരീക്ഷണാര്‍ത്ഥം പ്രവര്‍ത്തനം ആരംഭിച്ചു. ബംഗളൂരുവില്‍ മാത്രമാണ് ഒന്‍ഡിസി സേവനം ലഭ്യമാക്കിയിരിക്കുന്നത്. അതും തെരഞ്ഞെടുത്ത 10-15 ഓളം റെസ്റ്റോറന്റുകളിലും ഗ്രോസറി ഷോപ്പുകളിലും മാത്രം.

ബംഗളൂരുവിലെ പൈലറ്റ് ലോഞ്ചില്‍ നിന്നുള്ള ഫലങ്ങള്‍ ഉള്‍ക്കൊണ്ട് വരും ആഴ്ചകളില്‍ ഡല്‍ഹി, ഭോപ്പാല്‍, ഷില്ലോങ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും ബീറ്റ വേര്‍ഷന്‍ അവതരിപ്പിക്കുമെന്ന് ഒന്‍ഡിസി എംഡിയും സിഇഒയുമായ ടി കോശി ധനംഓണ്‍ലൈനോട് പറഞ്ഞു.

ഒഎന്‍ഡിസി കൊണ്ടുവരുന്ന മാറ്റം

വിവിധ ആപ്ലിക്കേഷനുകള്‍ ( buyer applications ) ഒഎന്‍ഡിസി നെറ്റ്‌വർക്കിന്റെ ഭാഗമാവുമെങ്കിലും പൈലറ്റ് ഘട്ടത്തില്‍ പേയ്ടിഎമ്മിലാണ് സേവനം എത്തുന്നത്. താമസിയാതെ മറ്റ് ആപ്ലിക്കേഷനുകളും ഒഎന്‍ഡിസി നെറ്റ്‌വർക്കിന്റെ ഭാഗമാവും. അതായത് നിലവില്‍ ഫോണ്‍പേയിലും ഗൂഗിള്‍ പേയിലും തുടങ്ങി ബാങ്ക് ആപ്ലിക്കേഷനുകളിൽ വരെ ലഭ്യമാകുന്ന യുപിഐ സേവനം പോലെ ഒഎന്‍ഡിസി നെറ്റ്‌വർക്കിന്റെ സേവനങ്ങളും ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ ലഭിക്കും. ആപ്ലിക്കേഷന്‍ ഏതായാലും ഉപഭോക്താക്കള്‍ക്ക് ഒഎന്‍ഡിസി നെറ്റ്‌വർക്കിലെ വില്‍പ്പനക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം.

ഒരു ഇ-കൊമേഴ്‌സ് കമ്പനികളുടെയും സഹായമില്ലാതെ തന്നെ വില്‍പ്പനക്കാര്‍ക്ക് ഒഎന്‍ഡിസിയിലൂടെ വലിയ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാകാമെന്ന് ടി കോശി ചൂണ്ടിക്കാണിക്കുന്നു. ഭാവിയില്‍ ഫ്ലിപ്കാര്‍ട്ടും ആമസോണും പോലും ഒഎന്‍ഡിസി സേവനം നല്‍കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ സേവനങ്ങള്‍ വിവിധ വില നിലവാരത്തില്‍ ലഭിക്കുമെന്നതാണ് ഒന്‍ഡിസി പ്ലാറ്റ്‌ഫോം കൊണ്ട് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഗുണം. പ്രാദേശിക തലത്തില്‍ ചെറുകിട കച്ചവടക്കാര്‍ ഒഎന്‍ഡിസിയുടെ ഭാഗമാവുമ്പോള്‍ കൂടുതല്‍ വേഗത്തില്‍ ഡെലിവറിയും സാധ്യമാവും. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ നിന്ന് വമ്പന്‍ ബ്രാന്‍ഡുകള്‍ ഉയര്‍ത്തുന്ന മത്സരം നേരിടാന്‍ ചെറുകിട കച്ചവടക്കാരെ പ്ലാറ്റ്‌ഫോം പ്രാപ്തരാക്കും.

Amal S
Amal S  

Related Articles

Next Story
Share it