ഡി2സി ബ്രാന്‍ഡുകള്‍ തിളങ്ങുന്നു, നിക്ഷേപവുമായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

ഹെല്‍ത്ത് കെയര്‍ മേഖലയില്‍ നിലയുറപ്പിക്കാന്‍ ഒരുങ്ങി എഫ്എംസിജി രംഗത്തെ വമ്പന്മാരായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (Hindustan Unilever). ഫിറ്റ്‌നസ് ആന്‍ഡ് ബ്യൂട്ടികെയര്‍ ബ്രാന്‍ഡായ ഒസീവയുടെ (Oziva) 100 ശതമാനം ഓഹരികളാണ് എച്ച്‌യുല്‍ ഏറ്റെടുക്കുന്നത്. ആദ്യഘട്ടത്തില്‍ 264.28 കോടി രൂപയ്ക്ക് ഒസീവയുടെ 51 ശതമാനം ഓഹരികളാവും് സ്വന്തമാക്കുക.

ഇടപാട് പൂര്‍ത്തിയായി 3 വര്‍ഷങ്ങള്‍ക്ക് ശേഷം 49 ശതമാനം ഓഹരികള്‍ കൂടി ഏറ്റെടുക്കും. വെല്‍ബീയിംഗ് ന്യൂട്രീഷന്റെ (Wellbeing Nutrion) 19.8 ശതമാനം ഓഹരികളാണ് എച്ച്‌യുഎല്‍ വാങ്ങുന്നത്. രണ്ട് ഇടപാടുകളും 1-3 മാസത്തിനുള്ളില്‍ പൂര്‍ത്തിയായേക്കും. കോവിഡിനെ തുടര്‍ന്ന് വലിയ വളര്‍ച്ചയാണ് ഡി2സി മേഖലയില്‍ ഉണ്ടായത്. കൂടുതല്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈനിലേക്ക് എത്തിയതാണ് ഡി2സി ബ്രാന്‍ഡുകള്‍ക്ക് നേട്ടമായി.

വളര്‍ച്ചാ സാധ്യത മുന്നില്‍ കണ്ട് എഫ്എംസിജി രംഗത്തെ വന്‍കിട കമ്പനികളെല്ലാം മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുക്കുകയാണ്. പേഴ്‌സണല്‍ കെയര്‍ സ്റ്റാര്‍ട്ടപ്പായ മദര്‍ സ്പാര്‍ഷില്‍ (Mother Sparsh) ഐടിസി നിക്ഷേപം നടത്തിയിരുന്നു. ട്രൂഎലമെന്റ്‌സ് ബ്രാന്‍ഡിന്റെ 50 ശതമാനം ഓഹരികളാണ് മാരിക്കോ സ്വന്തമാക്കിയത്. ഇന്ത്യന്‍ ഡി2സി ബ്രാന്‍ഡുകള്‍ 40 ശതമാനം നിരക്കില്‍ (CAGR) വളരുകയാണ്. 2023ലും മേഖല മികച്ച പ്രകടനം നടത്തുമെന്നാണ് വിലയിരുത്തല്‍.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ 253.8 മില്യണ്‍ ഡോളറിന്റെ നിക്ഷേപം ഡി2സി മേഖലയിലേക്ക് എത്തിയിരുന്നു. 2021-22ല്‍ 796.8 മില്യണ്‍ ഡോളറും 2020-21ല്‍ 363.3 മില്യണ്‍ ഡോളറുമായിരുന്നു ഡി2സി മേഖലയ്ക്ക് ലഭിച്ചത്. നിലവില്‍ 12 ബില്യണ്‍ ഡോളറിന്റേതാണ് ഇന്ത്യന്‍ ഡി2സി വിപണി. 2023-27 കാലയളവില്‍ ഇത് 60 ബില്യണ്‍ ഡോളറായി മാറുമെന്നാണ് കണക്കുകള്‍ പറയുന്നത്.

Related Articles
Next Story
Videos
Share it