പുതിയ ഹോള്‍മാര്‍ക്ക്: പഴയ സ്വര്‍ണ സ്റ്റോക്ക് വെളിപ്പെടുത്തിയവര്‍ക്ക് മാത്രം സാവകാശം അനുവദിച്ചേക്കും

പുതുതായി വിറ്റഴിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് ആറക്ക ആല്‍ഫാ ന്യൂമറിക് ഹോള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ (എച്ച്.യു.ഐ.ഡി) ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ബന്ധമാക്കാനിരിക്കേ, ഒരുവിഭാഗം സ്വര്‍ണ വ്യാപാരികള്‍ക്ക് മാത്രം സാവകാശം നല്‍കിയേക്കുമെന്ന സൂചനയുമായി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി.ഐ.എസ്).

4 മുദ്രകള്‍ മാത്രമുള്ള എച്ച്.യു.ഐ.ഡി നേരത്തേ നിലവിലുണ്ടായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ആറക്ക ആല്‍ഫാ ന്യൂമറിക് എച്ച്.യു.ഐ.ഡിയിലേക്ക് മാറണമെന്ന് 2021 ജൂണിലാണ് ബി.ഐ.എസ് ഉത്തരവിറക്കിയത്. കൈവശമുള്ള പഴയ സ്റ്റോക്ക് (4 അക്ക എച്ച്.യു.ഐ.ഡിയുള്ള ആഭരണങ്ങളുടെ അളവ്) വെളിപ്പെടുത്താന്‍ 2021 ഓഗസ്റ്റ് 31 വരെ സമയവും അനുവദിച്ചിരുന്നു. ഇക്കാലയളവിനകം സ്‌റ്റോക്ക് വെളിപ്പെടുത്തിയവര്‍ക്ക് മാത്രം സാവകാശം അനുവദിക്കുമെന്ന സൂചന ഇന്ന് ഇത് സംബന്ധിച്ച് ഹൈക്കോടതിയിലുള്ള കേസ് പരിഗണിക്കവേ ബി.ഐ.എസ് അഭിഭാഷകനാണ് നല്‍കിയത്.
വിഷയത്തില്‍ ആശയക്കുഴപ്പവും അവ്യക്തതയുമുണ്ടെന്ന് വ്യക്തമാക്കിയ കോടതി കേസ് നാളേക്ക് പരിഗണിക്കാന്‍ മാറ്റി. എച്ച്.യു.ഐ.ഡി നടപ്പാക്കുന്നതില്‍ സാവകാശം തേടി ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് (എ.കെ.ജി.എസ്.എം.എ) ഹര്‍ജി സമര്‍പ്പിച്ചത്.
വേര്‍തിരിവ് സൃഷ്ടിക്കുമെന്ന് അസോസിയേഷന്‍
പഴയ സ്റ്റോക്ക് വെളിപ്പെടുത്താന്‍ ബി.ഐ.എസ് അനുവദിച്ചത് 2021 ഓഗസ്റ്റ് 31 വരെ സമയമാണ്. അതിനകം കേരളത്തില്‍ നിന്നുള്ള 2800ഓളം സ്വര്‍ണ വ്യാപാരികള്‍ മാത്രമാണ് സ്‌റ്റോക്ക് വെളിപ്പെടുത്തിയത്. എന്നാല്‍, സംസ്ഥാനത്താകെ 6,200 ഓളം വ്യാപാരികള്‍ക്ക് ബി.ഐ.എസ് ലൈസന്‍സുണ്ട്. ഇവരില്‍ പലരും 2021 ഓഗസ്റ്റ 31ന് ശേഷം ലൈസന്‍സ് നേടിയവരാണെന്നിരിക്കേ, ഒരു വിഭാഗം വ്യാപാരികള്‍ക്ക് മാത്രം എച്ച്.യു.ഐ.ഡിയില്‍ സാവകാശം അനുവദിക്കാനുള്ള നീക്കം വേര്‍തിരിവ് സൃഷ്ടിക്കുമെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
പഴയ സ്റ്റോക്ക് വെളിപ്പെടുത്തിയില്ലെന്ന പേരില്‍ മറ്റുള്ളവരെ ഒഴിവാക്കുന്നത് വിവേചനമാകും. ആറക്ക എച്ച്.യു.ഐ.ഡി നടപ്പാക്കാന്‍ ആറ് മാസത്തെ സാവകാശം കൂടി വേണമെന്നാണ് അസോസിയേഷന്റെ ആവശ്യം.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it