Begin typing your search above and press return to search.
വരുന്നത് ഇ-കൊമേഴ്‌സിൻ്റെ കുതിച്ചുചാട്ടം, 111 ബില്യണ്‍ ഡോളറിൻ്റെ വളര്‍ച്ച
കൊവിഡ് വ്യാപനത്തില്‍ ഏറ്റവും അധികം നേട്ടം ഉണ്ടാക്കിയവരില്‍ രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖലയുമുണ്ട്. 2024 ഓടെ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വ്യവസായം 84 ശതമാനം വളര്‍ച്ച നേടുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. അതായത് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മേഖലയുടെ വളര്‍ച്ച 111 ബില്യണ്‍ യുഎസ് ഡോളറാകും.
പുതിയ സാധാരത്വത്തിലെ പുതു- ഉപഭോക്താക്കളുടെ ഉദയം( the dawn of the new age shopper in te new normal എന്ന തലക്കെട്ടോടെ affle's mass, sensor tower എന്നിവര്‍ ചേര്‍ന്നാണ് ഇ-കൊമേഴ്‌സ് മേഖലയുടെ വളര്‍ച്ചയെക്കുറിച്ച് പഠനം നടത്തിയത്. ഈ സാമ്പത്തിക വര്‍ഷത്തിൻ്റെ രണ്ടാം പാദത്തില്‍ അഞ്ച് ഇ-കൊമേഴ്‌സ് ആപ്പുകളില്‍ നിന്ന് മാത്രമായി ഇന്ത്യക്കാര്‍ 60 മില്യണ്‍ യുഎസ് ഡോളറിന്റെ സാധനങ്ങളാണ് വാങ്ങിയത്. ഇന്ത്യോനേഷ്യ, മലേഷ്യ, തായ്‌ലന്റ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലെ ആകെ വില്‍പ്പന ഒരുമിച്ച് കൂട്ടിയാല്‍ പോലും ഇന്ത്യയ്ക്ക് ഒപ്പമെത്താന്‍ ആകില്ലെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
വര്‍ധിച്ചു വരുന്ന ഉപഭോക്താക്കള്‍
2020 മാര്‍ച്ചില്‍ ലോക്ക്ഡൗണിൻ്റെ തുടക്കം ഇ-കൊമേഴ്‌സ് മേഖലയെയും ബാധിച്ചുവെങ്കിലും പിന്നീട് വലിയ മുന്നേറ്റം ആണ് ഉണ്ടായത്. 2020 അവസാന പാദത്തില്‍ ഇ-കൊമേഴ്‌സ് ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് ഉണ്ടായി. ദൈനംദിന സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ രാജ്യത്തെ പ്രധാന 10 ആപ്പുകളിലെ ദൈനംദിന സജീവ ഉപയോക്താക്കളുടെ ശരാശരി എണ്ണം 7 മില്യണ്‍ ആയിരുന്നു. 2021 ജൂലൈയില്‍ 80 മില്യണ്‍ ഡൗണ്‍ലോഡുകളാണ് ഇ-കൊമേഴ്‌സ് ആപ്പുകള്‍ക്ക് ഉണ്ടായത്.
ഈ ഒക്ടോബര്‍ മാസം ഫ്ലിപ്കാര്‍ട്ടും ആമസോണും ഉള്‍പ്പടെയുള്ള വമ്പന്മാര്‍ നടത്തിയ ഓഫര്‍ കച്ചവടത്തിലൂടെ 32,000 കോടി രൂപയുടെ കച്ചവടം രാജ്യത്ത് നടന്നെന്നാണ് റെഡ്‌സീഡ് കണ്‍സള്‍ട്ടിങ് പുറത്തുവിട്ട കണക്ക്. 64 ശതമാനം വിപണി വിഹിതത്തോടെ ഈ ഉത്സവകാലത്ത് ഫ്ലിപ്കാര്‍ട്ട് ആയിരുന്നു മുന്‍പന്തിയില്‍. ആമസോണ്‍, റിലയന്‍സ് ജിയോ മാര്‍ട്ട്, ടാറ്റാ ക്ലിക്ക് എന്നിവരാണ് പിന്നാലെ. ഈ മാസത്തെ ബിഗ്ബില്യണ്‍ സെയിലിന് ശേഷം ഓക്ടോബര്‍ 17ന് ഫ്ലിപ്കാര്ട്ടിന്റെ ദാപാവലി സെയില്‍ ആരംഭിക്കും. ഇ-കൊമോഴ്‌സ് സൈറ്റുകള്‍ ഇത്തരത്തില്‍ തുടര്‍ച്ചയായി ഫ്്‌ലാഷ് സെയിലുകള്‍ നടത്തുന്നത് തടയാന്‍ കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം കഴിഞ്ഞ ജൂലൈയില്‍ അവതരിപ്പിച്ച കരട് രേഖയില്‍ വ്യവസ്ഥയുണ്ട്. നിയമം പ്രബല്യത്തില്‍ വരുന്നത് ഒരുപക്ഷെ രാജ്യത്തെ ഇ-കൊമേഴ്‌സ് വമ്പന്‍മാര്‍ക്ക് തിരിച്ചടിയും അതേ മയം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗുണകരവും ആകും.
ലോകത്ത് ഏറ്റവും വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇ-കൊമേഴ്‌സ് വിപണികളില്‍ ഒന്നാണ് ഇന്ത്യയിലേത്. മുന്‍കാല സെന്‍സസ് പ്രാകാരം 2020 ഓടെ രാജ്യത്തെ 15-24 വയസുള്ളവരുടെ എണ്ണം 34.33 ശതമാനം ആകുമെന്നായിരുന്നു വിലയിരുത്തല്‍. കൊവിഡ് കാലവും ടെക്‌നോളജികള്‍ വേഗം സ്വീകരിക്കുന്ന യൂവാക്കളുടെ എണ്ണം കൂടിയതും ഇന്റര്‍നെറ്റിലൂടെയുള്ള വില്‍പ്പനയുടെ ആക്കം കൂട്ടി. പ്രാദേശിക ഭാഷയില്‍ ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന നിരവധി പുതിയ സ്റ്റാര്‍ട്ടപ്പുകളും ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്.
ചെറിയ കാലയളവില്‍ വന്‍ പ്രചാരം നേടിയ മീഷോ പോലുള്ള ആപ്പുകള്‍ ഇതിന് ഉദാഹരണമാണ്. കഴിഞ്ഞ ജൂലൈയില്‍ മീഷോ പ്ലേസ്റ്റോര്‍ റാങ്കിങ്ങില്‍ ഒന്നാമത് എത്തിയിരുന്നു. 100 മില്യണില്‍ അധികം ഡൗണ്‍ലോടുകള്‍ മീഷോ നേടിയിട്ടുണ്ട്. സിംസിം പോലുള്ള സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുത്ത് യുട്യൂബ് ഉള്‍പ്പടെയുള്ള വമ്പന്‍മാരും കളംനിറയുകയാണ്.
രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് ആപ്പുകള്‍ /വെബ്‌സൈറ്റുകളില്‍ നിന്നുള്ള ഡാറ്റാ അനുസരിച്ചുള്ള കണക്കുകള്‍ വെച്ചാണ് പല സ്ഥാപനങ്ങളും രാജ്യത്തെ ഇ-കൊമേഴ്‌സ് വിപണിയുടെ വളര്‍ച്ച കണക്കാക്കുന്നത്. എന്നാല്‍ ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ ആപ്പുകളിലൂടെയും തുണിത്തരങ്ങളും കോസ്‌മെറ്റിക് ഉത്പന്നങ്ങളും മറ്റും വില്‍ക്കുന്ന നിരവധി ചെറുകിട കച്ചവടക്കാരാണ് രാജ്യത്തുള്ളത്. ഇവയൊക്കെ കൂടി പരിഗണിക്കുകയാണെങ്കില്‍ ഇ-കൊമേഴ്‌സ് മേഖലയുടെ വ്യാപ്തി ഇതിലും എത്രയോ വലുതായിരിക്കും.
Next Story
Videos