ഇന്ത്യ ഉടന്‍ ലോകത്തെ മൂന്നാമത്തെ വലിയ റീറ്റെയ്ല്‍ ശക്തിയാകും: റീറ്റെയ്ല്‍ വിദഗ്ധന്‍ തോമസ് വര്‍ഗീസ്

ഇന്ത്യന്‍ ജി.ഡി.പിയില്‍ 10 ശതമാനം പങ്കുവഹിക്കുന്ന റീറ്റെയ്ല്‍ രംഗം അതിവേഗ വളര്‍ച്ചയുമായി വൈകാതെ ലോകത്തെ മൂന്നാമത്തെ വലിയ ശക്തിയായി മാറുമെന്ന് ആദിത്യ ബിര്‍ള ടെക്‌സ്‌റ്റൈല്‍സ് മുന്‍ ബിസിനസ് ഹെഡ്ഡും ആദിത്യ ബിര്‍ള റീറ്റെയ്ല്‍ മുന്‍ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ തോമസ് വര്‍ഗീസ് പറഞ്ഞു.

കൊച്ചി ലെ മെറിഡിയനില്‍ ഇന്ന് തിരിതെളിഞ്ഞ ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നെറ്റ്-2023ല്‍ മുഖ്യാതിഥിയായി സംബന്ധിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ ലോകത്തെ ഏറ്റവും വലിയ അഞ്ച് റീറ്റെയ്ല്‍ വിപണികളിലൊന്നായ ഇന്ത്യ ഏറെ വൈകാതെ അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുപിന്നിലായി മൂന്നാമതെത്തും.
മുന്നേറ്റപ്പാതയില്‍ ഇന്ത്യ
സാമ്പത്തികരംഗത്ത് സര്‍വമേഖലകളിലും അനുകൂല സാഹചര്യങ്ങളുടെ കരുത്തില്‍ അതിവേഗം മുന്നേറുകയാണ് ഇന്ത്യ. ഉപഭോക്തൃ സാമ്പത്തികസ്ഥിതിയും ചെലവഴിക്കലുകളും മെച്ചപ്പെട്ടു. നഗരവത്കരണം ദ്രുതഗതിയിലാണ്. ഇന്റര്‍നെറ്റിന്റെയും നൂതന ടെക്‌നോളജിയുടെയും വ്യാപനവും ഡിജിറ്റല്‍വത്കരണവും യു.പി.ഐ അടക്കമുള്ള ഡിജിറ്റല്‍ ഇടപാടുകളും റീറ്റെയ്ല്‍ വിപണിക്ക് കൂടുതല്‍ കരുത്തായി.
സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള മികച്ച പിന്തുണയും ഗുണം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ബജറ്റില്‍ നിരവധി അപ്രായോഗിക ചട്ടങ്ങള്‍ എടുത്തുകളഞ്ഞു. നേരിട്ടുള്ള വിദേശ നിക്ഷേപ (FDI) നയങ്ങളില്‍ അനുകൂല മാറ്റം കൊണ്ടുവന്നു. പുതിയ തൊഴില്‍ നയം, മുദ്രാ യോജനയുടെ വ്യാപനം തുടങ്ങിയവയും നേട്ടമായി. വെയര്‍ഹൗസിംഗ്-ലോജിസ്റ്റിക്‌സ് സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാരും നടത്തിയ ശ്രമങ്ങളും വിപണിക്ക് പ്രയോജനകരമായെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു.
സമൂഹവും സംസ്‌കാരവും കരുത്ത്
ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തില്‍ സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും പങ്കും സുപ്രധാനമാണ്. വൈവിധ്യമാര്‍ന്ന ഉത്സവാഘോഷങ്ങള്‍, വിവാഹങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ തുടങ്ങിയവ ആഭരണം, വസ്ത്രം തുടങ്ങി ഒട്ടേറെ റീറ്റെയ്ല്‍ മേഖലകള്‍ക്ക് വലിയ നേട്ടമാണ് സമ്മാനിക്കുന്നത്.
സ്‌പോര്‍ട്‌സ് മേഖലയില്‍ ക്രിക്കറ്റിന് പുറമേ ഫുട്‌ബോള്‍, കബഡി, ഹോക്കി, മറ്റ് കായിക ഇനങ്ങള്‍ എന്നിവയ്ക്കും പ്രചാരമേറിയത് ഈ രംഗത്തെ ഉത്പന്നങ്ങളുടെ വില്‍പനയ്ക്ക് ഗുണമായി. ടൂറിസം രംഗത്ത് ആഭ്യന്തര സഞ്ചാരികളുടെ എണ്ണവും ചെലവഴിക്കലുകളും കൂടിയത് കരുത്താണെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു.
പരിസ്ഥിതി സൗഹൃദം, കേരളവും മുന്നോട്ട്
കൊവിഡിന് ശേഷം ഉപയോക്താക്കളുടെ മനോഭാവത്തില്‍ മാറ്റം വന്നു. നിലവാരമുള്ള ഉത്പന്നങ്ങള്‍ സ്വീകാര്യതയേറി. ആഡംബര ഉത്പന്നങ്ങള്‍ക്കും പ്രിയമുയര്‍ന്നു. ഈ ശ്രേണിയില്‍ ചൈനയെ പിന്നിലാക്കാനുള്ള ശേഷി ഇന്ത്യക്കുണ്ട്.
പുതിയൊരു ഇ-കൊമേഴ്‌സ് സംസ്‌കാരം തന്നെ കൊവിഡിന് ശേഷമുണ്ടായി. പരിസ്ഥിതി സൗഹൃദ മാനുഫാക്ചറിംഗ്, പാക്കേജിംഗ്, ലോജിസ്റ്റിക്‌സ് തുടങ്ങിയവയില്‍ കമ്പനികളും ശ്രദ്ധയൂന്നി തുടങ്ങി. റീറ്റെയ്ല്‍ രംഗത്ത് ഇന്നൊവേഷനിലും പുതുമകള്‍ അവതരിപ്പിക്കുന്നതിലും കേരളവും ഏറെ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. ടെക്‌സ്‌റ്റൈല്‍സ്, ജുവലറി, എഫ്.എം.സി.ജി രംഗങ്ങളില്‍ നൂതനമായ രീതികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ കേരളം അവതരിപ്പിച്ചിട്ടുണ്ടെന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.
ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമ്മിറ്റ്
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമ്മിറ്റായ 'ധനം റീറ്റെയ്ല്‍ ആന്‍ഡ് ഫ്രാഞ്ചൈസ് സമ്മിറ്റിന്റെ' അഞ്ചാം പതിപ്പിനാണ് ഇന്ന് കൊച്ചി ലെ മെറിഡിയനില്‍ തിരിതെളിഞ്ഞത്. ബിസിനസ് രംഗത്തെ പ്രഗത്ഭ വ്യക്തികളുടെ പ്രഭാഷണങ്ങളും പാനല്‍ ചര്‍ച്ചകളുമാണ് ധനം റീറ്റെയ്ല്‍ സമ്മിറ്റിന്റെ മുഖ്യാകര്‍ഷണം. ഇത്തവണ ഫ്രാഞ്ചൈസിംഗ് മേഖലയിലെ പുത്തന്‍ അവസരങ്ങളുമായി പ്രമുഖ കമ്പനികളും അണിനിരക്കുന്നു.
ആദിത്യ ബിര്‍ള ഗ്രൂപ്പ് മുന്‍ മാനേജിംഗ് ഡയറക്റ്ററും ടെക്‌സ്‌റ്റൈല്‍ ബിസിനസ് ഹെഡുമായിരുന്ന തോമസ് വര്‍ഗീസ് ആണ് സമ്മിറ്റില്‍ മുഖ്യാതിഥി. കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും എം.ഡിയുമായ ടി.എസ്. പട്ടാഭിരാമന്‍, വി-ഗാര്‍ഡ് എം.ഡി മിഥുന്‍ ചിറ്റിലപ്പിള്ളി, ഇ.വി.എം ഗ്രൂപ്പ് എം.ഡി സാബു ജോണി, ജോസ് ആലുക്കാസ് എം.ഡി വര്‍ഗീസ് ആലുക്കാസ്, ഫ്രഷ് ടു ഹോം സഹസ്ഥാപകന്‍ മാത്യു ജോസഫ്, റിസള്‍ട്ട്‌സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒയുമായ ടിനി ഫിലിപ്പ്, പ്രമുഖ ഫ്രാഞ്ചൈസിംഗ് വിദഗ്ധനും കോച്ചും നാച്വറല്‍സ് സലൂണ്‍ & സ്പാ ബ്രാന്‍ഡ് ഡെവലപ്മെന്റ് ഹെഡും സി.ഒ.ഒയുമായ ഡോ. ചാക്കോച്ചന്‍ മത്തായി, റീറ്റെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മാര്‍ക്കറ്റിംഗ് & കമ്യൂണിക്കേഷന്‍ ഡയറക്റ്റര്‍ ഡോ. ഹിതേഷ് ഭട്ട്, അസ്വാനി ലച്മന്‍ദാസ് ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ ദീപക് അസ്വാനി, റീറ്റെയ്ല്‍ കണ്‍സള്‍ട്ടന്റും ഗ്രന്ഥകാരനുമായ ഡോ. ഡാര്‍ലി കോശി, ആദിത്യ ബിര്‍ള ന്യൂ ബിസിനസ് വെഞ്ച്വേഴ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് ബി. ബിനോയ്, റോബി അക്സ്യാറ്റ ചീഫ് കൊമേഴ്സ്യല്‍ ഓഫീസറായ പ്രദീപ് ശ്രീവാസ്തവ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it