പേയ്ടിഎം ഇ-കൊമേഴ്‌സ് ബിസിനസില്‍ നിന്ന് പിന്മാറി അലിബാബയും ആന്റ് ഫിനാന്‍ഷ്യല്‍സും

പേയ്ടിഎം ഇ-കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് പിന്മാറി ജാക്ക് മാ നേതൃത്വം നല്‍കുന്ന അലിബാബയും ആന്റ് ഫിനാന്‍ഷ്യല്‍സും. പേയ്ടിഎം മാളിന്റെ മാതൃസ്ഥാപനമാണ് പേയ്ടിഎം ഇ-കൊമേഴ്‌സ്. അലിബാബയ്ക്ക് 28.34 ശതമാനവും ആന്റ് ഫിനാന്‍ഷ്യല്‍സിന് 14.98 ശതമാനം ഓഹരികളുമാണ് പേയ്ടിഎം ഇ-കൊമേഴ്‌സില്‍ ഉണ്ടായിരുന്നത്.

ഇരു കമ്പനികളുടെയും ചേര്‍ന്ന് 43.32 ശതമാനം ഓഹരികള്‍ 42 കോടി രൂപയ്ക്ക് പേയ്ടിഎം തിരികെ വാങ്ങി. കമ്പനിയുടെ മൂല്യം 3 ബില്യണില്‍ നിന്ന് 100 കോടിയോളമായി ഇടിഞ്ഞിരുന്നു. വിജയ് ശേഖര്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള കമ്പനി ഏറ്റവും ഒടുവില്‍ ധനസമാഹരണം നടത്തിയത് 2020ല്‍ ആണ്. അലിബാബയുടെ ചൈനയിലെ ടി-മാളിന്റെ മാതൃകയില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനമാണ് പേയ്ടിഎം മാൾ.

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ മത്സരം കടുത്തതും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൂട്ടാനുള്ള സാധ്യതകളും മുന്നില്‍ കണ്ടാണ് ഇരു കമ്പനികളുടെയും പിന്മാറ്റം. കേന്ദ്രസര്‍ക്കാരിന്റെ ഒഎന്‍ഡിസി സേവനങ്ങള്‍ പേയ്ടിഎം പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കിയിരുന്നു. കൂടാതെ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയെ കൂടാതെ കയറ്റുമതി രംഗത്തേക്ക് പ്രവേശക്കാനുള്ള തയ്യാറെടുപ്പിലാണ് പേയ്ടിഎം.

അതേ സമയം രണ്ടുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച രഹേജ ക്യുബിഇ ജനറല്‍ ഇന്‍ഷുറന്‍സിനെ ഏറ്റെടുക്കുന്നതില്‍ നിന്ന് പേയ്ടിഎം പിന്മാറി. ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്തേക്ക് കടക്കാന്‍ സ്വന്തം നിലയില്‍ പേയ്ടിഎം ലൈസന്‍സിന് അപേക്ഷിക്കും.

Related Articles

Next Story

Videos

Share it