മാക്‌സിനും സുഡിയോയ്ക്കും വെല്ലുവിളി; ഫാഷന്‍ വസ്ത്രങ്ങള്‍ക്ക് കല്യാണ്‍ സില്‍ക്‌സിന്റെ പുത്തന്‍ സ്റ്റോര്‍

പ്രമുഖ ടെക്‌സ്റ്റൈയ്ല്‍ ബ്രാന്‍ഡായ കല്യാണ്‍ സില്‍ക്‌സ്, പുതുതലമുറയെ ലക്ഷ്യമിട്ട് പുതിയൊരു ഫാഷന്‍ റീറ്റെയ്ല്‍ ശൃംഖല അവതരിപ്പിക്കുന്നു. ഫാസ്‌യോ ബ്രാന്‍ഡില്‍ ആദ്യഘട്ടത്തില്‍ ദക്ഷിണേന്ത്യയില്‍ 50 ഷോറൂമുകള്‍ തുറക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് സൂചന. ഫാസ്‌യോയുടെ ആദ്യ ഷോറൂം തൃശൂരിലെ ഇമ്മട്ടി ടവറില്‍ ഓണത്തിന് ശേഷം പ്രവര്‍ത്തനമാരംഭിക്കും. 7250 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രാജ്യാന്തര മികവോടെയാണ് ഫാസ്‌യോ സ്‌റ്റോര്‍ തൃശൂരില്‍ ഒരുങ്ങുന്നത്.

പുതുമകള്‍ക്ക് പിന്നാലെ

കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍ അദ്ദേഹത്തിന്റെ മക്കളായ പ്രകാശ്, മഹേഷ് എന്നിവരാണ് ഫാസ്‌യോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്റ്റര്‍ ബോര്‍ഡിലുള്ളത്.

വസ്ത്ര വിപണിയില്‍ കല്യാണിന്റെ പാരമ്പര്യം 1909 മുതല്‍ തുടങ്ങുന്നു. ടി എസ് പട്ടാഭിരാമന്റെ നേതൃത്വത്തില്‍ കല്യാണ്‍ സില്‍ക്‌സ് കേരളത്തിനകത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ത്യയ്ക്ക് പുറത്തും റീറ്റെയ്ല്‍ സ്‌റ്റോറുകള്‍ തുറന്ന് ഈ രംഗത്തെ കരുത്തുറ്റ ബ്രാന്‍ഡായി വളരുകയായിരുന്നു.

ഇന്ത്യയ്ക്കകത്തും പുറത്തുമായി 32 ഓളം ഷോറൂമുകള്‍ കല്യാണ്‍ സില്‍ക്‌സിനുണ്ട്. ദുബായ്, ഷാര്‍ജ, അബുദാബി, മീന ബസാര്‍, അല്‍ ഖൈവ്സ് , മസ്‌ക്കറ്റ് എന്നിവിടങ്ങളില്‍ കല്യാണ്‍ സില്‍ക്‌സിന്റെ രാജ്യാന്തര സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നു.

റീറ്റെയ്ല്‍ രംഗത്ത് വെല്ലുവിളികള്‍ ഏറെയുള്ള കാലത്ത് പിടിച്ചുനില്‍ക്കാന്‍ അനുദിനം പുതുമകള്‍ അവതരിപ്പിച്ചുകൊണ്ടേയിരിക്കുക എന്നതാണ് പട്ടാഭിരാമന്റെ ശൈലി. വിപണിയിലെ ചലനങ്ങള്‍ അതിസൂക്ഷ്മമായി നിരീക്ഷിക്കുന്ന പട്ടാഭിരാമന്‍ 2022 നവംബറില്‍ ധനത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ജനങ്ങളുടെ മാറുന്ന താല്‍പ്പര്യങ്ങള്‍ പരിഗണിച്ച് കല്യാണ്‍ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്ന സൂചനയും നല്‍കിയിരുന്നു. ''ജനങ്ങളുടെ താല്‍പ്പര്യങ്ങളില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്. ഇപ്പോള്‍ നിത്യോപയോഗത്തിനുള്ള സാരികള്‍ക്ക് അധികം വില്‍പ്പനയില്ല. പക്ഷേ വിവാഹ സാരികള്‍, ആഘോഷവേളകളില്‍ ധരിക്കാനുള്ള വസ്ത്രങ്ങള്‍ എന്നിവയെല്ലാം മികച്ച വില്‍പ്പന നേടുന്നു. നിത്യോപയോഗത്തിന് കൗമാരപ്രായക്കാരും ഉദ്യോഗസ്ഥരുമെല്ലാം തെരഞ്ഞെടുക്കുന്ന വസ്ത്രശ്രേണി വേറെയാണ്,'' അഭിമുഖത്തില്‍ പട്ടാഭിരാമന്‍ വ്യക്തമാക്കി.

Pic courtesy: Google image posted by Fazyo


വിവാഹ പട്ടുസാരികളുടെയും വിവാഹ വസ്ത്രങ്ങളുടെയും റീറ്റെയ്ല്‍ ബ്രാന്‍ഡ് എന്ന നിലയിലാണ് കല്യാണ്‍ സില്‍ക്‌സ് പ്രശസ്തിയാര്‍ജ്ജിച്ചിരിക്കുന്നത്. സംഘടിത റീറ്റെയ്ല്‍ ശൃംഖലകളായ മാക്‌സ്, സുഡിയോ പോലെയുള്ള ഫാഷന്‍ റീറ്റെയ്ല്‍ ബ്രാന്‍ഡുകള്‍ സംസ്ഥാനത്തിലെ ചെറുപട്ടണങ്ങളില്‍ പോലും വേരുറപ്പിക്കുമ്പോള്‍ അതിന് ബദലാകുക എന്ന ലക്ഷ്യത്തോടെയാണ് ഫാസ്‌യോ എന്ന പുതിയ ബ്രാന്‍ഡ് കല്യാണ്‍ സില്‍ക്‌സ് അവതരിപ്പിക്കുന്നത്.

വളരെ വിപുലമായ ഹോള്‍സെയ്ല്‍ സ്‌റ്റോറും സ്വന്തമായുള്ള കല്യാണ്‍ സില്‍ക്‌സിന് രാജ്യാത്തിനകത്തും പുറത്തും വിവിധ ശ്രേണിയിലെ വസ്ത്രങ്ങളുടെ നിര്‍മാണത്തിനുള്ള സൗകര്യങ്ങളും വിപണനശൃംഖലയും ഇതിനകം തന്നെയുണ്ട്. സ്വന്തം ബ്രാന്‍ഡായി ഫാസ്‌യോ കൂടി അവതരിപ്പിക്കപ്പെടുമ്പോള്‍ ഈ ഘടകങ്ങളെല്ലാം ഗ്രൂപ്പിന് കൂടുതല്‍ കരുത്താകും.

Related Articles
Next Story
Videos
Share it