റീറ്റെയ്ല്‍ ബിസിനസ് വിപുലപ്പെടുത്താന്‍ കിംഗ്‌സ് ഇന്‍ഫ്ര; ബാംഗളൂരില്‍ സൗത്ത് ഇന്ത്യ ഹബ്
റീറ്റെയ്ല്‍ ബിസിനസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനിയായ കിംഗ്‌സ് ഇന്‍ഫ്ര കര്‍ണാടക ഫിഷറീസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനു(കെ.എഫ്.ഡി.സി)മായി കരാര്‍ ഒപ്പുവച്ചു. കെ.എഫ്.ഡി.സിയുടെ ബാംഗളൂരിലുള്ള ഫ്രീസിംഗ് കോംപ്ലക്‌സ് കമ്പനിയുടെ സൗത്ത് ഇന്ത്യന്‍ റീറ്റെയ്ല്‍ ഹബായി പ്രവര്‍ത്തിക്കും.
കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കെല്ലാം ഇവിടെ നിന്നാകും ഉത്പന്നങ്ങള്‍ വിതരണം നടത്തുക. ഇതു കൂടാതെ പ്രധാന നഗരങ്ങളിലും ഹബുകളുണ്ടാകും.
കരാര്‍ മൂന്നു വര്‍ഷത്തേക്ക്
കോള്‍ഡ് സ്‌റ്റോറേജ്, ചില്ലര്‍ സൗകര്യങ്ങള്‍ എന്നിവയുള്ള ഫ്രീസിംഗ് കോംപ്ലക്‌സ് ഏഴ് ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. റീറ്റെയ്ല്‍ ബിസിനസ് വിപുലീകരിക്കുന്നതിനായി കോംപ്ലക്‌സിലുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളും കമ്പനി പ്രയോജനപ്പെടുത്തും.
കൂടുതല്‍ ഉത്പന്നങ്ങള്‍
ഫ്രോസണ്‍ ഉത്പന്നങ്ങളുമായാണ് കിംഗ്‌സ് ഇന്‍ഫ്ര റീറ്റെയില്‍ വിപണിയില്‍ ചുവടുവച്ചിട്ടുള്ളത്. പച്ച മത്സ്യങ്ങള്‍ ലഭ്യമാക്കുന്ന കിംഗ് ഫ്രഷ് കൂടാതെ റെഡി ടു കുക്ക്, റെഡി-ടു ഈറ്റ് ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ടെന്ന് കിംഗ്‌സ് ഇന്‍ഫ്ര സി.എഫ്.ഒ ലാല്‍ബെര്‍ട്ട് ചെറിയാന്‍ പറഞ്ഞു.
ക്യു.എസ്.ആര്‍(ക്യുക്ക് സര്‍വീസ് ഇന്‍ റസ്റ്ററന്റ്) ഉത്പന്നങ്ങളിലേക്കും അധികം താമസിയാതെ കമ്പനി പ്രവേശിക്കുമെന്നും ആ വിഭാഗത്തിലേക്കുള്ള ഉത്പന്നങ്ങളും ബാംഗളൂരിലെ ഫ്രീസിംഗ് യൂണിറ്റില്‍ നിന്നായിരിക്കും വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യകൃഷി, സമുദ്രോത്പന്ന സംസ്‌കരണം, സമുദ്രോത്പന്നങ്ങളുടെ വിദേശ വ്യാപാരം എന്നിങ്ങനെ മത്സ്യ മേഖലയുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കിംഗ്‌സ് ഇന്‍ഫ്ര.
കമ്പനി പുതിയ പദ്ധതികളെ കുറിച്ച് ശനിയാഴ്ച സ്റ്റോക്ക് ക്‌സ്‌ചേഞ്ചിനെ അറിയിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെ കിംഗ്‌സ് ഇന്‍ഫ്രയുടെ ഓഹരി വില 2.5 ശതമാനം ഉയര്‍ന്നിട്ടുണ്ട്.