റീറ്റെയ്ല്‍ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

കഴിഞ്ഞ വര്‍ഷം രാജ്യത്തെ പ്രമുഖ ലൈഫ് സ്റ്റൈല്‍, ഗ്രോസറി റീറ്റെയ്‌ലര്‍മാര്‍ തൊഴില്‍ നല്‍കിയത് ഏകദേശം 1.80 ലക്ഷം പേര്‍ക്ക്. റിലയന്‍സ് റീറ്റെയ്ല്‍, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ട്രെന്‍ഡ്, റെയ്മണ്ട്, ബാറ്റ, ടൈറ്റന്‍, അവന്യു സൂപ്പര്‍മാര്‍ട്ട്‌സ, പേജ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ലിസ്റ്റഡ് കമ്പനികളുടെ ആകെ ജീവനക്കാര്‍ 57 ശതമാനം വര്‍ധിച്ച് 4.90 ലക്ഷമായെന്ന് വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്താക്കുന്നു.

കോവിഡിന് ശേഷം പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിയതും കമ്പനികള്‍ സ്റ്റോര്‍ നെറ്റ്‌വര്‍ക്ക് വര്‍ധിപ്പിച്ചു തുടങ്ങിയതും സ്ഥിരം ജീവനക്കാരുടെയും കരാര്‍ ജീവനക്കാരുടെയും എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നുണ്ട്.
സാമ്പത്തിക വര്‍ഷത്തെ ഈ പാദത്തില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കിയ മേഖലകളിലൊന്ന് റീറ്റെയ്ല്‍ ആണ്. വലിയ തോതില്‍ നിക്ഷേപം ഈ മേഖലയില്‍ ഉണ്ടാകുന്നുണ്ടെന്ന് എച്ച്ആര്‍ സ്ഥാപനമായ ടീംലീസിന്റെ പഠനം വ്യക്തമാക്കുന്നു. ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളടക്കം പുതിയ ഫിസിക്കല്‍ സ്റ്റോറുകള്‍ തുറക്കുന്നുണ്ട് എന്നതും തൊഴിലവസരം വര്‍ധിപ്പിക്കുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഈ മേഖലയില്‍ ഏറ്റവും കൂടുതലാളുകള്‍ക്ക് തൊഴില്‍ നല്‍കിയത് റിലയന്‍സ് റീറ്റെയ്ല്‍ ആണ്. ഏകദേശം 1.61 ലക്ഷം പേര്‍ക്ക്.
രാജ്യത്തെ ലിസ്റ്റഡ് റീറ്റെയ്ല്‍ കമ്പനികളും ക്വിക്ക് സര്‍വീസ് റസ്റ്റൊറന്റുകളും ചേര്‍ന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിദിനം ശരാശരി ഒന്‍പത് പുതിയ ഷോറൂമുകള്‍ തുറക്കുന്നുണ്ടെന്നാണ് കണക്ക്.
2021-24 കാലഘട്ടത്തില്‍ രാജ്യത്ത് ലിസ്റ്റഡ് കമ്പനികള്‍ ചേര്‍ന്ന് 16.7 ദശലക്ഷം ചതുരശ്രയടി റീറ്റെയ്ല്‍ സ്‌പേസ് കൂട്ടിച്ചേര്‍ക്കുമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ നാലു വര്‍ഷമായി കൂട്ടിച്ചേര്‍ത്ത 8 ദശലക്ഷത്തിന്റെ ഇരട്ടിയാണിത്.
കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച അപ്പാരല്‍ മേഖലയിലൊഴികെ കോവിഡിന് മുമ്പുള്ളതിന്റെ 90-100 ശതമാനം വരെ ബിസിനസ് തിരിച്ചു പിടിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


Dhanam News Desk
Dhanam News Desk  
Next Story
Share it