തിരൂരും പാലക്കാടുമുള്‍പ്പെടെ കേരളത്തില്‍ 5 'മിനി മാളു'കളുമായി ലുലു ഗ്രൂപ്പ്

കേരളത്തില്‍ അഞ്ച് 'മിനി മാളുകള്‍' തുറക്കാന്‍ ലുലു ഗ്രൂപ്പ്. കോഴിക്കോട്, പാലക്കാട്, തിരൂര്‍, പെരിന്തല്‍മണ്ണ, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ലുലുവിന്റെ 'മിനി മാളുകള്‍' എത്തുകയെന്ന് ലുലു ഇന്ത്യ ഷോപ്പിംഗ് മാള്‍ വിഭാഗം ഡയറക്റ്റര്‍ ഷിബു ഫിലിപ്‌സ് ധനം ഓണ്‍ലൈനോട് വ്യക്തമാക്കി. 2023-24ൽ തന്നെ ഈ മിനി മാളുകൾ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ കൊച്ചി, തൃപ്രയാര്‍, ബെംഗളുരു, തിരുവനന്തപുരം, ലക്‌നൗ, ഹൈദരാബാദ് എന്നിവിടങ്ങളിലായി ആറ് മാളുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. ഇത് കൂടാതെ കോയമ്പത്തൂരില്‍ വമ്പന്‍ ഹൈപ്പര്‍മാര്‍ക്കറ്റും ബെംഗളുരുവിലും കൊച്ചിയിലും ലുലു ഡെയ്‌ലി സ്റ്റോഴ്‌സുമായി റീറ്റെയ്ല്‍ രംഗത്ത് ഗ്രൂപ്പ് സജീവമാണ്. ഇവ കൂടാതെയാണ് മിനി ലുലു മാളുകള്‍ വരുന്നത്.

എന്താണ് മിനി മാളുകള്‍

പേര് സൂചിപ്പിക്കും പോലെ ലുലു മാളിന്റെ 'മിനി' പതിപ്പായിരിക്കും ഇത്. ലുലുവിന്റെ വിവിധ റീറ്റെയ്ല്‍ ഷോപ്പിംഗ് കേന്ദ്രങ്ങളെ ഒരുമിപ്പിച്ച് പ്രാദേശിക തലത്തിലുള്ളവര്‍ക്ക് പോലും മികച്ച ഷോപ്പിംഗ് മാള്‍ അനുഭവം പകരം ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയാണ് ഈ മിനി മാളുകള്‍. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്റ്റ് എന്നിവയ്ക്കാകും ഈ മാളുകളില്‍ പ്രധാന സാന്നിധ്യം. ഒപ്പം ദേശീയവും പ്രാദേശികവുമായ 30-40 ബ്രാന്‍ഡുകളും ഫുഡ് കോർട്ടുകളും 5,000-9,000 ചതുരശ്ര അടിയില്‍ എന്റര്‍ടെയ്ന്‍മെന്റ് ഏരിയയുമുണ്ടാകും.

രാജ്യമെമ്പാടും പദ്ധതികള്‍

മാളുകൾ, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ പദ്ധതികളിലായി അടുത്ത മൂന്ന് വർഷത്തിൽ ഇന്ത്യയിൽ 10,000 കോടി രൂപയുടെ നിക്ഷേപമാണ് ഗ്രൂപ്പ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. ഗുഡ്ഗാവ്, നോയ്ഡ, പ്രയാഗ്‌രാജ്, വാരാണസി, കാണ്‍പൂര്‍, ബെംഗളുരു, ശ്രീനഗര്‍, നാഗ്പൂര്‍, നാസിക്, പുനെ, സൂരറ്റ്, ബറോഡ തുടങ്ങിയ ഇടങ്ങളിലാണ് നിക്ഷേപ പദ്ധതികൾ പരിഗണിക്കുന്നത്.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles
Next Story
Videos
Share it