മിന്ത്രയുടെ തലപ്പത്തേക്ക് നന്ദിത സിന്‍ഹ; വെല്ലുവിളിയാകുക റിലയന്‍സിന്റെ 'ആജിയോ'

നൈക ഫാഷന്‍ ബ്രാന്‍ഡിന്റെ ഓഹരിയിലേക്കുള്ള കടന്നു വരവും സ്വന്തം പ്രയത്‌നം കൊണ്ട് ഏറ്റവും സമ്പന്നയായ ഇന്ത്യന്‍ വനിതയായി ഫാല്‍ഗുനി നയ്യാര്‍ മാറിയതും ചര്‍ച്ചയാകുമ്പോള്‍ മറ്റൊരു ഫാഷന്‍ ബ്രാന്‍ഡ് തലപ്പത്തേക്ക് വനിതയെത്തുന്നു. ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫാഷന്‍ പോര്‍ട്ടലായ മിന്ത്രയാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍(സിഇഒ) ആയി നന്ദിത സിന്‍ഹയെ നിയമിച്ചത്.

മിന്ത്ര ചീഫ് എക്‌സിക്യൂട്ടീവായിരുന്ന അമര്‍ നഗരത്തിന്റെ പുറത്തുപോക്കിനുശേഷമാണ് ഇത്. 2013 മുതല്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ കസ്റ്റമര്‍ ഗ്രോത്ത്,മീഡിയ& മാനേജ്‌മെന്റ് വിഭാഗം വൈസ് പ്രസിഡന്റ് ആയിരുന്ന നന്ദിതയാണ് ഫ്‌ളിപ്കാര്‍ട്ട് ഇ-കൊമേഴ്സ് ഗ്രൂപ്പില്‍ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്ത് എത്തുന്ന ആദ്യ വനിത. ബിഗ് ബില്യണ്‍ ഡെയ്‌സ് ഉള്‍പ്പെടെ ഫ്‌ളിപ്കാര്‍ട്ടിന്റെ വമ്പന്‍ പദ്ധതികളിലെല്ലാം ഭാഗമായിരുന്ന വ്യക്തിയാണ് നന്ദിത.
ഫാഷന്‍ ബ്രാന്‍ഡുകള്‍ക്കിടയില്‍ തലയെടുപ്പോടെ നില്‍ക്കാന്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ 'ഫാഷന്‍ എക്‌സ്‌പേര്‍ട്ട്' മിന്ത്രയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഫ്‌ളിപ്കാര്‍ട്ട് പോര്‍ട്ടലിലും ആപ്പിലും ഫാഷന്‍ വിഭാഗം വേറെ ഉണ്ടെങ്കിലും ഫാഷന്‍ ബ്രാന്‍ഡുകള്‍ എല്ലാം ഒരുമിച്ച് ഒരു സ്ഥലത്ത് സ്റ്റൈലിംഗ് വീഡിയോ ഉള്‍പ്പെടെ ഒരുക്കി ലക്ഷക്കണക്കിനു പേരുടെ ഇഷ്ട ഓണ്‍ലൈന്‍ ഫാഷന്‍ ഷോപ്പറാകാന്‍ മിന്ത്രയ്ക്ക് കഴിഞ്ഞു.
റിലയന്‍സിന്റെ ആജിയോ ആണ് മിന്ത്രയുടെ ഏറ്റവും വലിയ എതിരാളി. സ്ത്രീപുരുഷ ഭേദമന്യേ ഒരേ ഫാഷന്‍ വൈബ് ഉണ്ടാക്കിയെടുക്കാന്‍ ആജിയോ ആപ്പിന് കഴിഞ്ഞിട്ടുണ്ട്. റിലയന്‍സ് ട്രെന്‍ഡ്‌സ് ഫിസിക്കല്‍ സ്്‌റ്റോറുകളുമായി ചേര്‍ന്ന് ഡിസ്‌കൗണ്ട് ഉള്‍പ്പെടെ നിരവധി ഓഫര്‍ സെയ്ല്‍ നടത്താനും ആജിയോയ്ക്ക് കഴിയുന്നുണ്ടെന്നത് ഇവര്‍ക്ക് ഗുണം ചെയ്യുന്നു.
പുതിയ ദിശകളിലേക്ക് തങ്ങളുടെ ഫാഷന്‍ ബ്രാന്‍ഡിനെ എത്തിക്കുന്നതിനായി മിന്ത്രയും യുണിസെക്‌സ് കോണ്‍സെപ്റ്റ് അവതരിപ്പിക്കുന്നു. 50-80 ശതമാനം വരെ ഡിസ്‌കൗണ്ട് ആണ് നിലവില്‍ മിന്ത്ര ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ നല്‍കുന്നത്. ആജിയോ ഓഫറുകളുമായി ഏറെ അടുത്തു നില്‍ക്കുന്ന ഓഫറുകളാണ് മിന്ത്രയും നല്‍കുന്നത്.
2022 ജനുവരി ഒന്നുമുതലായിരിക്കും നന്ദിത മിന്ത്രയ്ക്ക് സിഇഒ ആകുക. നിലവില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ചുമതല നിര്‍വഹിക്കുന്ന നന്ദിത ഇതോടെ പൂര്‍ണമായും മിന്ത്രയുടെ തലപ്പത്തായിരിക്കും. ഫാഷന്‍ സെഗ്മെന്റില്‍ പ്രത്യേക കമ്പനിയായി മിന്ത്ര വളരാന്‍ പുതിയ തുടക്കമായിരിക്കും ഇതെന്നാണ് ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പ് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറയുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it