ചാര്‍ജ് വര്‍ധന നിങ്ങള്‍ ശ്രദ്ധിച്ചോ? ഓണ്‍ലൈന്‍ ഷോപ്പിംഗ് ഇനി അത്ര ലാഭകരമാകില്ല

എന്തിനും ഏതിനും ഓണ്‍ലൈന്‍ ഷോപ്പിംഗ് (Online Shopping) നടത്തുന്ന കാലമാണിത്. ഉപ്പു തൊട്ട് കര്‍പ്പൂരം എന്നത് മാറി സ്വര്‍ണവും വജ്രവും വരെ ഓണ്‍ലൈനായി വാങ്ങാം. നേരത്തെ ഒരു ഓണ്‍ലൈന്‍ ഡെലിവറിക്ക് (Online delivery) 20 രൂപയോളമായിരുന്നു ടാക്‌സ്, ചാര്‍ജ് എന്നീ ഇനത്തില്‍ ഈടാക്കിയിരുന്നത്. എന്നാല്‍ ഇപ്പോഴുള്ള ചാര്‍ജുകള്‍ ശ്രദ്ധിച്ചോ, ഈ വിഭാഗത്തില്‍ 40-70 രൂപ വരെയൊക്കെയാണ് ഓരോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും നിരക്ക് ഉയര്‍ത്തിയിട്ടുള്ളത്.

വാണിജ്യ ഇന്ധന ചാര്‍ജുകളുടെ (Commercial fuel charge hike) വര്‍ധനവാണ് കമ്പനികള്‍ ഇ-കൊമേഴ്സ് ഷിപ്പ്മെന്റിനുള്ള ചാര്‍ജുകള്‍ വര്‍ധിപ്പിക്കുന്നതിലേക്ക് നയിച്ചത്. ഇപ്പോള്‍ മുന്‍നിര ലോജിസ്റ്റിക് കമ്പനികള്‍ എല്ലാം ഇത് പിന്‍തുടരുകയാണ്. വര്‍ധിച്ചുവരുന്ന ഗുഡ്‌സ് ചാര്‍ജുകള്‍ ഉപഭോക്താവിന് കൈമാറണമെങ്കില്‍ വില്‍പ്പനക്കാര്‍ ചാര്‍ജ് കൂട്ടിയേക്കും. ലക്ഷറി വിഭാഗത്തിലെ ഉല്‍പ്പന്നങ്ങള്‍ക്കാണെങ്കില്‍ പറയുകയേ വേണ്ട.

ഏറ്റവും വലിയ തേര്‍ഡ് പാര്‍ട്ടി ഇ-കൊമേഴ്സ് ഡെലിവറി കമ്പനികളിലൊന്നായ ഡെല്‍ഹിവെറി 30 ശതമാനമാണ് ഡെലിവറി ചാര്‍ജ് ഇനത്തില്‍ കൂട്ടിയത്. വാണിജ്യ ഇന്ധന നിരക്കിലെ കുത്തനെയുള്ള വര്‍ധനവും ലോജിസ്റ്റിക് വിപണികളിലെ മറ്റ് വ്യവസ്ഥാപരമായ ഘടകങ്ങളും കണക്കിലെടുത്താല്‍ അടുത്ത ആഴ്ചകളില്‍ നിരക്ക് വര്‍ധനവ് പ്രകടമാകുമെന്നാണ് ഡെല്‍ഹിവെറി പ്രതിനിധികള്‍ പറയുന്നത്. ഇത് ദക്ഷിണെന്ത്യയിലെ ചില ഭാഗങ്ങളില്‍ പ്രകടമായിട്ടുണ്ട്.

കേരളത്തിലെ സാഹചര്യം വിഭിന്നമാണ്. കേരളത്തില്‍ ഇപ്പോള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഡെലിവറി പാര്‍ട്ണര്‍മാര്‍ പലരും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. പെട്ടെന്നുള്ള ഡെലിവറിക്കായി ഉപഭോക്താക്കള്‍ ആശ്രയിക്കുന്ന സ്വിഗ്ഗിയുടെ ഫാസ്റ്റ് ഡെലിവറി സര്‍വീസ് ആയ സ്വിഗ്ഗി ജീനി ഉള്‍പ്പെടെയുള്ള സേവനങ്ങളില്‍ നിരക്ക് വര്‍ധനവ് പ്രകടമാണ്.

ഒല ക്യാബ്‌സ്, ഓട്ടോ, ഊബര്‍ ചാര്‍ജുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. സ്വിഗ്ഗി, സൊമാറ്റോ ആപ്പുകളിലെ ഫ്രീ ഡെലിവറി ഇപ്പോള്‍ പേരിനു മാത്രമാണ്. ബുക്കിംഗ് നിരക്ക് (Total chargse) നോക്കിയാല്‍ കാണാം നിരക്ക് 40 ശതമാനം വരെ ഉയര്‍ത്തിയതായി കാണാം. പല പ്രധാന നഗരങ്ങളിലും പെട്രോള്‍ വില 110 രൂപയോളം എത്തിയ സാഹചര്യത്തിലാണ് ഇവരും ചരക്കുകൂലി കൂട്ടാനുള്ള തീരുമാനമുണ്ടാക്കിയത്.

വിലക്കുറവും ഓഫറുകളും വഴി സാധനങ്ങള്‍ ഓണ്‍ലൈനിലൂടെ വാങ്ങാം എന്നു കരുതുന്നവര്‍ക്ക് ഇനിവിലക്കുറവ് ലഭിക്കാനിടയില്ല എന്നതാണ് സത്യം. സ്വന്തം വാഹനം ഉപയോഗിക്കുന്നവര്‍ക്ക് കടയില്‍ പോയി വാങ്ങാനുള്ള ബുദ്ധിമുട്ടും പെട്രോള്‍, ഡീസല്‍ വില വര്‍ധനവും പരിഗണിച്ചാല്‍ ഇവയെ ആശ്രയിക്കാമെന്നു മാത്രം.

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles
Next Story
Videos
Share it