രാസവസ്തു നിര്‍മാണ മേഖല; അബുദാബിയില്‍ നിക്ഷേപം നടത്താന്‍ റിലയന്‍സ്
അബുദാബിയിലെ റുവായിസില്‍ ആരംഭിക്കുന്ന രാസവസ്തു നിര്‍മാണ പ്രോജക്ടിലില്‍ നിക്ഷേപത്തിനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. അബുദാബി കെമിക്കല്‍സ് ഡെറിവേറ്റീവ്‌സ് കമ്പനി ആര്‍ എസ് സിയുമായി (ta'ziz) ഇതു സംബന്ധിച്ച ഷെയര്‍ ഹോള്‍ഡര്‍ എഗ്രിമെന്റ് റിലയന്‍സ് ഒപ്പ് വെച്ചു. ഏകദേശം 2 ബില്യണ്‍ ഡോളറായിരിക്കും റിലയന്‍സ് പ്രോജക്ടിനായി നിക്ഷേപിക്കുക.
വ്യാവസായിക രംഗത്ത് വ്യാപകമായി ഉപയോഗിക്കുന്ന ക്ലോര്‍-ആല്‍ക്കലി, എഥിലിന്‍ ഡൈക്ലോറൈഡ് , പോളിവിനൈല്‍ ക്ലോറൈഡ് തുടങ്ങിയ രാസവസ്തുക്കളാവും ഇരു കമ്പനികളും ചേര്‍ന്ന് ഉല്‍പ്പാദിപ്പിക്കുക. അലൂമിനിയം ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന കോസ്റ്റിക് സോഡയുടെ പ്രധാന നിര്‍മാണ വസ്തുവാണ് ക്ലോര്‍-ആല്‍ക്കലി. പൈപ്പുകളും കേബിളുകളും മറ്റും നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പിവിസി ഉല്‍പ്പാദനത്തിലെ പ്രധാന ഘടകമാണ് എഥിലിന്‍ ഡൈക്ലോറൈഡ്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയും യുഎഇയും ചേര്‍ന്ന് ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാര്‍ റിലയന്‍സിന്റെ പുതിയ സംരംഭത്തിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പ്രാഥമിക മേഖലയിലാണ് യുഎഇ രാസ വ്യവസായങ്ങളെ പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നത്തുന്നതും റിലയന്‍സ് പരിഗണിക്കുന്നുണ്ട്.
നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ആകെ വരുമാനത്തിന്റെ 60 ശതമാനവും ഓയില്‍-ടു-കെമിക്കല്‍ വിഭാഗത്തില്‍ നിന്നാണ്. റീട്ടെയില്‍, ടെലികോം വ്യവസായങ്ങള്‍ യഥാക്രമം 29, 17 ശതമാനം വീതമാണ് വരുമാനത്തിലേക്ക് സംഭാവന ചെയ്യുന്നത്.