ക്ലോവിയ ബ്രാന്‍ഡ് ഇനി റിലയന്‍സ് റീറ്റെയ്‌ലിന് സ്വന്തം; നടന്നത് രണ്ട് പ്രധാന ഏറ്റെടുക്കലുകള്‍

പ്രശസ്ത ലംജറി ബ്രാന്‍ഡ് ക്ലോവിയ ഫാഷന്‍സിന്റെ ഉടമസ്ഥരായ പര്‍പ്പ്ള്‍ പാണ്ട എന്ന കമ്പനിയെ ഏറ്റെടുക്കുന്നതായി റിലയന്‍സ് റീറ്റെയ്ല്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) പിന്തുണയുള്ള റിലയന്‍സ് റീറ്റെയില്‍ വെന്‍ചേഴ്‌സ് ലിമിറ്റഡ്(ആര്‍ആര്‍വിഎല്‍) പര്‍പ്പിള്‍ പാണ്ട ഫാഷന്‍സിലെ 89% ഇക്വിറ്റി ഷെയറുകള്‍ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചത്.

പ്രാഥമിക നിക്ഷേപവും ദ്വിതീയ ഓഹരി വാങ്ങലും സംയോജിപ്പിച്ച് 950 കോടി രൂപയാകും റിലയന്‍സ് റീറെറയ്ല്‍ ഈ കമ്പനിയില്‍ നിക്ഷേപിക്കുക. പര്‍പ്പിള്‍ പാണ്ടയിലെ ബാക്കി ഓഹരികള്‍ സ്ഥാപക ടീമിനും മാനേജ്മെന്റിനും സ്വന്തമാകും.

2013ല്‍ പങ്കജ് വെര്‍മാനി, നേഹ കാന്ത്, സുമന്‍ ചൗധരി എന്നിവര്‍ ചേര്‍ന്നാണ് ക്ലോവിയ ബ്രാന്‍ഡ് പുറത്തിറക്കിയത്. ലംജറി, നൈറ്റ് വെയര്‍ രംഗത്ത് ഇന്ത്യയിലെ ഏറ്റവും വ്യത്യസ്തമായ ഫാഷന്‍ ബ്രാന്‍ഡ് എന്ന നിലയില്‍ പേരെടുക്കാന്‍ ഇതിനോടകം ക്ലോവിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വഴി ഓഫറുകളില്‍ ക്ലോവിയ ബ്രാന്‍ഡ് വാങ്ങിയവരുടെ എണ്ണം ഗണ്യമായ തോതില്‍ ഉയര്‍ന്നിരുന്നു. 3500 ലധികം ഉല്‍പ്പന്നങ്ങളാണ് ക്ലോവിയ ബ്രാന്‍ഡ് പുറത്തിറക്കുന്നത്. ഉടമ്പടി പൂര്‍ത്തിയായാല്‍ ട്രെന്‍ഡ്‌സ് ഫാഷന്‍ സ്റ്റോറുകള്‍ വഴി ഇനി ക്ലോവിയ ബ്രാന്‍ഡും ലഭ്യമാകും.

അജിയോ ആപ്പിനും ബ്രാന്‍ഡ് ഏറ്റെടുക്കല്‍ ശക്തിപകരുമെന്നാണ് കരുതുന്നത്. സിവാമെ, അമാന്റെ ബ്രാന്‍ഡുകള്‍ നേരത്തെ തന്നെ സ്വന്തമാക്കിയ റിലയന്‍സ് റീറ്റെയ്ല്‍ ഇന്നര്‍വെയര്‍ മേഖലയിലും മുന്‍ പന്തിയിലാകും.

രണ്ടാമത്തേത് സിന്റെക്സ്

പാപ്പരായ സിൻ്റെക്സ് ഇൻഡസ്ട്രീസിനെ 3650 കോടി രൂപയ്ക്ക് റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുക്കും. സിൻ്റെക്സിൻ്റെ ഓഹരി മൂലധനം എഴുതിത്തള്ളും. ഓഹരി ഡീ ലിസ്റ്റ് ചെയ്യും. പാപ്പർനിയമനടപടികളിലൂടെ റിലയൻസ് സ്വന്തമാക്കുന്ന രണ്ടാമത്തെ ടെക്സ്റ്റൈൽ കമ്പനിയാണു സിൻ്റെക്സ്. നേരത്തേ അലോക് ഇൻഡസ്ട്രീസിനെ 5050 കോടി രൂപയ്ക്കു വാങ്ങിയിരുന്നു.

Related Articles
Next Story
Videos
Share it