റീറ്റെയ്ല്‍ പണപ്പെരുപ്പ നിരക്ക് മൂന്നു മാസത്തെ ഉയരത്തില്‍

നവംബറിലെ രാജ്യത്തിന്റെ റീറ്റെയ്ല്‍ പണപ്പെരുപ്പ നിരക്ക് 4.91 ശതമാനം എന്ന മൂന്നു മാസത്തെ ഉയരത്തില്‍. ഒക്ടോബറില്‍ ഇത് 4.48 ശതമാനമായിരുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണിത്.

ഫുഡ് പണപ്പെരുപ്പം ഒക്ടോബറിലെ 0.85 ശതമാനത്തില്‍ നിന്ന് നവംബറില്‍ 1.87 ശതമാനമായി വര്‍ധിച്ചു. അതേസമയം ഇന്ധന പണപ്പെരുപ്പം ഒക്ടോബറിലെ 14.35 ശതമാനത്തില്‍ നിന്ന് 13.35 ആയി കുറഞ്ഞിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയ്ല്‍ വിലയില്‍ കുറവ് വന്നതിനെ തുടര്‍ന്നാണിത്.
എന്നിരുന്നാലും ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കിയുള്ള, ഇന്ധന ഇതര, ഫുഡ് ഇതര പണപ്പെരുപ്പ നിരക്ക് 6 ശതമാനം എന്ന കൂടിയ നിരക്കില്‍ തന്നെയാണ്.
അതേസമയം റിസര്‍വ് ബാങ്കിന്റെ താങ്ങാവുന്ന പരിധിക്കകത്തു തന്നെയാണ് തുടര്‍ച്ചയായ അഞ്ചാം മാസവും പണപ്പെരുപ്പ നിരക്കെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാല്‍ ടെലികോം നിരക്ക് വര്‍ധന, വസ്ത്രങ്ങള്‍ക്കും പാദരക്ഷകള്‍ക്കുമുള്ള ചരക്കു സേവന നികുതി വര്‍ധിപ്പിച്ചത് തുടങ്ങി നടപടികള്‍ പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയര്‍ത്തുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it