സാധനങ്ങള്‍ക്ക് എംആര്‍പിയേക്കാള്‍ വിലയോ? പരാതിപ്പെടാന്‍ ഈ വഴികള്‍

ഒരു ഉല്‍പ്പന്നമോ സേവനമോ വാങ്ങുന്നതിന് ഉപയോക്താവില്‍ നിന്ന് ഈടാക്കാവുന്ന പരമാവധി വിലയാണ് പരമാവധി ചില്ലറ വില അല്ലെങ്കില്‍ എംആര്‍പി. മൊത്തം ഉല്‍പ്പാദനച്ചെലവും ഗതാഗതച്ചെലവും എല്ലാ നികുതികളും ഇതില്‍ ഉള്‍പ്പെടും. കൂടാതെ നിര്‍മ്മാതാവോ വില്‍പ്പനക്കാരനോ നടത്തുന്ന മറ്റ് ചെലവുകളും കൂടി ഉള്‍പ്പെടുത്തിയാണ് ഇത് കണക്കാക്കുന്നത്. ഈ വിലയേക്കാള്‍ കൂടുതല്‍ തുക കടയുടമ ഉത്പന്നത്തിന് നിങ്ങള്‍ നിന്ന് ഈടാക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് പരാതിപ്പെടാനാകും.

പരാതി നല്‍കാം

ഉപയോക്താവ് അറിയുവാന്‍ ഉത്പന്നത്തിന്റെ പാക്കേജിംഗില്‍ എംആര്‍പി സാധാരണയായി ചേര്‍ക്കാറുണ്ട്. ഈ പരമാവധി വിലയേക്കാള്‍ കൂടുതല്‍ തുക ഉപയോക്താവില്‍ നിന്നും ഈടാക്കിയാല്‍ നിയമലംഘനമായി കണക്കാക്കും. ഇവിടെ ഉപയോക്താവിന് ലീഗല്‍ മെട്രോളജി വകുപ്പില്‍ പരാതി നല്‍കാം.

എങ്ങനെ പരാതിപ്പെടാം

ഒരു ഉല്‍പ്പന്നത്തിന്റെ പരമാവധി ചില്ലറ വിലയേക്കാള്‍ കൂടുതല്‍ വില ഈടാക്കിയാല്‍ ഉപയോക്താവിന് 8800001915 എന്ന നമ്പറില്‍ എസ്എംഎസ് അയയ്ക്കാനോ എന്‍സി എച്ച് ആപ്പ്, ഉമംഗ് ആപ്പ് എന്നിവ വഴി പരാതി നല്‍കാനും കഴിയും. ഇത് കൂടാതെ https://consumerhelpline.gov.in/user/signup.php എന്നതില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് ഓണ്‍ലൈനായും പരാതി നല്‍കാം. ഇതിന് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ആവശ്യമാണ്.

ഉപഭോക്തൃ കമ്മീഷന്‍ വഴിയും

ഈ വഴികളിലൂടെയെല്ലാം പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെങ്കില്‍ അല്ലെങ്കില്‍ പരാതിക്ക് ഉത്തരം ലഭിച്ചില്ലെങ്കില്‍ ഉപയോക്താവിന് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍, ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ തുടങ്ങിയ കമ്മീഷനെ സമീപിക്കാം. അന്വേഷണത്തിന് ഒടുവില്‍ നിയമലംഘനം കണ്ടെത്തുകയാണെങ്കില്‍ കടയുടമയ്ക്ക് പിഴയോ ശിക്ഷയോ വിധിക്കും. കൂടാതെ ഉപയോക്താവിന് നഷ്ടപരിഹാരം ലഭിക്കാനും അര്‍ഹതയുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it