മൊത്ത റീറ്റെയ്ല്‍ കച്ചവടത്തിന്റെ കളിക്കളത്തിലിറങ്ങി സ്പെന്‍സേഴ്സ്
സ്പെന്‍സേഴ്സ് വാല്യൂ മാര്‍ക്കറ്റ് എന്ന ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ആരംഭത്തോടെ തങ്ങള്‍ വാല്യൂ റീറ്റെയ്ല്‍ വിഭാഗത്തിലേക്ക് പ്രവേശിക്കുകയാണെന്ന് സ്‌പെന്‍സേഴ്സ് റീറ്റെയ്ല്‍ അറിയിച്ചു. ഉപഭോക്തൃ താല്‍പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള വിപണി വിഭജനത്തിന്റെ ഒരു നൂതന സംവിധാനമാണ് മൂല്യ റീറ്റെയ്ല്‍ വിഭാഗം. ഇത് ഇന്ത്യയിലെ ചെറുനഗരങ്ങളിലേക്കും തങ്ങളുടെ വിപിണി വികസിപ്പിക്കാന്‍ സഹായിക്കുമെന്ന് ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് അറിയിച്ചു.
ഈ ശൃംഖല വൈവിധ്യമാര്‍ന്ന ശേഖരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനിയുടെ റീറ്റെയ്ല്‍, എഫ്എംസിജി മേഖലാ മേധാവി ശാശ്വത് ഗോയങ്ക പറഞ്ഞു. സ്പെന്‍സേഴ്സ്, നേച്ചേഴ്സ് ബാസ്‌കറ്റ് എന്നിങ്ങനെ രണ്ട് റീറ്റെയ്ല്‍ ഫോര്‍മാറ്റുകളാണ് ആര്‍പി- സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഭാഗമായ സ്പെന്‍സേഴ്സ് റീറ്റെയ്‌ലിനുള്ളത്. നിലവില്‍ 11 ഇന്ത്യന്‍ നഗരങ്ങളിലായി 152 സ്റ്റോറുകള്‍ കമ്പനി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇതില്‍ നേച്ചേഴ്‌സ് ബാസ്‌കറ്റിന് ഇന്ത്യയില്‍ 36-ലധികം സ്റ്റോറുകളുണ്ട്.
മൊത്ത റീറ്റെയ്ല്‍ വിപണിയുടെ വലിയൊരു ഭാഗം പിടിച്ചെടുക്കാന്‍ പുതിയ വിഭാഗത്തിലേക്കുള്ള പ്രവേശനം തങ്ങളെ അനുവദിക്കുമെന്ന് ശാശ്വത് ഗോയങ്ക അവകാശപ്പെട്ടു. നിലവിലുള്ള പത്ത് സ്റ്റോറുകളെ പുതിയ വിഭാഗത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വിറ്റുവരവ് 2,376 കോടി രൂപയായിരുന്നു. ബ്രിട്ടീഷുകാരനായ ജോണ്‍ വില്യം സ്‌പെന്‍സറിന്റെ ഉടമസ്ഥതയില്‍ നിന്നും 1960-കളില്‍ ഇന്ത്യന്‍ ഉടമസ്ഥത നേടിയ കമ്പനിയാണ് സ്‌പെന്‍സേഴ്സ്. 1989-ല്‍ ഇതിനെ ആര്‍പി ഗോയങ്ക ഗ്രൂപ്പ് വാങ്ങുകയായിരുന്നു. 2001 ലാണ് സ്‌പെന്‍സേഴ്സ് ഹൈപ്പര്‍മാര്‍ക്കറ്റ് മേഖലയിലേക്ക് ചുവട്‌വച്ചത്.