ടിവിയ്ക്കും വാഷിംഗ് മെഷീനുമെല്ലാം അടുത്തമാസം വില വീണ്ടും കൂടിയേക്കും

ഇലക്ട്രോണിക്‌സ് ഗൃഹോപകരണങ്ങളുടെ വില വീണ്ടും കൂട്ടാനൊരുങ്ങി കമ്പനികള്‍. കമോഡിറ്റി വിലകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വൈറ്റ് ഗുഡ്‌സ് വില കൂട്ടാതെ പറ്റില്ലെന്ന നിലയിലാണ് കമ്പനികള്‍. 2021ല്‍ 12 - 13 ശതമാനം വില വര്‍ധന നടപ്പാക്കിയെങ്കിലും നിര്‍മാണ ചെലവ് കുത്തനെ കൂടുന്നതിനാല്‍ ഇത് മതിയാകാതെ വരുന്നതായി പ്രമുഖ കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് കമ്പനികളുടെ വക്താക്കള്‍ പറയുന്നു.

2021ല്‍ കമോഡിറ്റി വിലകള്‍ 20 ശതമാനത്തോളമാണ് വര്‍ധിച്ചത്. പക്ഷേ കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സിന്റെ വില 12-13 ശതമാനമാണ് കൂട്ടിയത്. ഈ വിടവ് നികത്താതെ മുന്നോട്ട് പോകാനാവില്ലെന്നാണ് പല കമ്പനികളുടെയും നിലപാട്.
എസി വിലയും കൂടും
ഗോജ്‌റെജ് അപ്ലയന്‍സ് പോലുള്ള കമ്പനികള്‍ കെട്ടികിടക്കുന്ന സ്റ്റോക്ക് വിറ്റഴിക്കുന്നതിന്റെ ഭാഗമായി എയര്‍ കണ്ടീഷണറുകളുടെ വില നേരത്തെ കൂട്ടിയിരുന്നില്ല. എന്നാല്‍ പിന്നീട് കമ്പനികള്‍ വില കൂട്ടിയിരുന്നു. ജനുവരിയിലും എസി വില കൂടുമെന്ന സൂചനയാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്നത്.

കോപ്പര്‍, സ്റ്റീല്‍, അലൂമിനിയം പോലുള്ള ലോഹങ്ങളും വില വര്‍ധനയ്‌ക്കൊപ്പം ക്രൂഡ് ഓയ്ല്‍ വിലയും മുന്നേറിയത് കമ്പനികളുടെ നിര്‍മാണ ചെലവ് കുത്തനെ കൂട്ടാനിടയാക്കി.


Dhanam News Desk
Dhanam News Desk  
Next Story
Share it