പുതിയ ഫാഷനുകളുടെ കുടമാറ്റമില്ലാതെ കുടവിപണി, കോടികളുടെ നഷ്ടം
ജൂണില്‍ സ്‌കൂളുകള്‍ തുറക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ കേരളത്തിലെ കുട വിപണി തുടര്‍ച്ചയായി രണ്ടാം വര്‍ഷത്തിലും കോടികളുടെ നഷ്ടത്തില്‍. കേരളത്തില്‍ ഒരു വര്‍ഷം മുഴുവന്‍ വിറ്റുപോകുന്ന കുടയുടെ 70 ശതമാനത്തിന്റെയും വില്‍പ്പന നടക്കുന്നത് സ്‌കൂള്‍ സീസണിലാണ്. ഏപ്രില്‍ - മെയ് മാസങ്ങളിലാണ് കുടകള്‍ നിര്‍മാണശാലകളില്‍ നിന്ന് മൊത്തവിതരണം ചെയ്യുന്നത്.
കേരളത്തിലെ മുന്‍നിര കുട ബ്രാന്‍ഡുകളായ പോപ്പിയും ജോണ്‍സും ചേര്‍ന്ന് മാത്രം സ്‌കൂള്‍ സീസണില്‍ 200 കോടി രൂപയുടെ കുടകള്‍ വിറ്റഴിച്ചിരുന്നു. കേരളത്തിലെ കുട നിര്‍മാണ മേഖലയിലെ മറ്റ് 30 ഓളം നിര്‍മാതാക്കള്‍ സ്‌കൂള്‍ തുറപ്പിനോടനുബന്ധിച്ചുള്ള സീസണില്‍ മറ്റൊരു 100 കോടി രൂപ കുട കച്ചവടം കൂടി നടത്താറുണ്ട്.
മണ്‍സൂണിന് മുമ്പുള്ള പൊടിപൊടിക്കുന്ന കുട കച്ചവടത്തില്‍ നല്ലൊരു ശതമാനവും സംഭാവന ചെയ്തിരുന്നത് വിദ്യാര്‍ത്ഥികളാണ്.
പരസ്യ പെരുമഴയില്ല, കുടില്‍ വ്യവസായങ്ങളുമില്ല
സവിശേഷമായ ബ്രാന്‍ഡിംഗ്, പരസ്യ തന്ത്രങ്ങള്‍ കൊണ്ട് കേരളത്തിലെ കുട വിപണി ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയതാണ്. പോപ്പിയും ജോണ്‍സും ഓരോ സീസണിലും അവതരിപ്പിക്കുന്ന പുതിയ മോഡലുകളും അവര്‍ കുട വിപണിയില്‍ കൊണ്ടുവരുന്ന പുത്തന്‍ പ്രവണതകളും തൃശൂര്‍ പൂരത്തിന്റെ ആവേശകരമായ കുടമാറ്റത്തിന് സമാനമായിരുന്നു.
വിപണിയെ അമ്പരപ്പിക്കുന്ന നൂതന മോഡലുകള്‍ ഓരോ മലയാളിയുടെയും മനസ്സില്‍ പതിയുന്ന പരസ്യ ജിംഗിളുകളിലൂടെയാണ് കേരളത്തിലെ മുന്‍നിര കുട കമ്പനികള്‍ അവതരിപ്പിച്ചിരുന്നത്. രണ്ട് വര്‍ഷമായി കുട കമ്പനികളെല്ലാം ഉള്‍വലിഞ്ഞു നില്‍ക്കുകയാണ്.ടെലിവിഷന്‍ ചാനലുകളില്‍ കുടയുടെ പരസ്യവും കാണാനില്ല. കാലാവര്‍ഷത്തിന് മുന്‍പ് കോടികളിടെ പരസ്യങ്ങള്‍ നിറയുന്ന അവസ്ഥ ഇന്നില്ല. സ്‌കൂള്‍ കുട വിപണി നഷ്ടമായത്തോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് നിര്‍മ്മാതകള്‍.
ചൈന, തായ്‌വാന്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന ഘടകങ്ങള്‍ കുടില്‍ വ്യവസായത്തിലൂടെ നിര്‍മിച്ചെടുക്കുന്ന രീതിയാണ് കുട നിര്‍മാതാക്കള്‍ പിന്തുടരുന്നത്. ആലപ്പുഴ ജില്ലയിലും സംസ്ഥാനത്തെ മറ്റ് പ്രമുഖ കുട നിര്‍മാണ കമ്പനികളുടെ ഭാഗമായും ഇത്തരത്തില്‍ നിരവധി കുടില്‍ വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇത്തരം കുടുംബങ്ങളുടെ വാര്‍ഷിക വരുമാനത്തിന്റെ വലിയൊരു ഭാഗം കൈയില്‍ വന്നിരുന്നത് സ്‌കൂള്‍ സീസണിലാണ്.
കോവിഡ് മൂലം വിദേശ രാജ്യങ്ങളില്‍ നിന്ന് കുട നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ആവശ്യത്തിന് വരാത്തതും കച്ചവടത്തിലെ തളര്‍ച്ചയും മൂലം കുട നിര്‍മാണ മേഖലയിലെ കുടില്‍ വ്യവസായ രംഗത്തും പ്രതിസന്ധിയാണ്.
Read more : സ്‌കൂൾ സീസൺ കച്ചവടമില്ല....