പച്ചക്കറി മുതല്‍ മീന്‍ വരെ; എവിടെ തൊട്ടാലും പൊള്ളും

മത്തി കിലോയക്ക് 200 രൂപയിലധികം കൊടുക്കണം. രണ്ട് നേരം മത്തിക്കറി കൂട്ടി ചോറുണ്ണണമെങ്കില്‍ കിട്ടുന്ന കൂലിയുടെ നല്ലൊരു പങ്ക് വേണ്ടിവരും. ഇപ്പോള്‍ കേരളത്തിലെ സാധരണക്കാരുടെ അവസ്ഥ ഇതാണ്. ഇനി മീന്‍വില കുറയും വരെ പച്ചക്കറിയാക്കാം എന്ന് വിചാരിച്ചാലോ അവിടെയും തീവിലയാണ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെയാണ് പച്ചക്കറികള്‍ക്കും മീനിനും വില ഉയര്‍ന്നത്. ഏതാനും മാസം മുമ്പ് വരെ 20ഉം 30ഉം രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു കിലോ തക്കാളിയുടെ വില കിലോയ്ക്ക് 100 രൂപയില്‍ അധികമാണ്. ബീന്‍സിന്റെ വിലയും 100 കടന്നു. പയറിന്റെ വില 80ല്‍ എത്തി. ദിവസേന ഉപയോഗിക്കുന്ന വെണ്ടയ്ക്ക, പച്ചമുളക്, വഴുതന ഉള്‍പ്പടെയുള്ളവയുടെ വില ദിനംപ്രതി ഉയരുകയാണ്.

അതേ സമയം ക്യാബേജ്, ബീറ്റ്‌റൂട്ട്, കോവയ്ക്ക, സവാള എന്നിവയുടെ വിലയില്‍ വര്‍ധനവ് പ്രകടമല്ല. കുടുംബ ബജറ്റിനെ താളം തെറ്റിച്ചതിനൊപ്പം ഹോട്ടല്‍ മേഖലയ്ക്കും വലിയ ആഘാതമാണ് വിലക്കയറ്റം ഉണ്ടാക്കുന്നത്. കോവിഡിന് ശേഷം വലിയ പ്രതിസന്ധിയിലൂടെയാണ് ഹോട്ടല്‍ മേഖല കടന്നു പോവുന്നത്. മഴക്കാലം ആയതോടെ വഴിയോരത്ത് ഫൂഡ് സ്റ്റാളുകള്‍ നടത്തുന്നവരുടെ ഉള്‍പ്പടെ കച്ചവടം ഇടിഞ്ഞു. അതിനിടെയാണ് വിലവര്‍ധനവ് മൂലമൂള്ള അധിക ചെലവ്.

തമിഴ്‌നാട്ടിലും കര്‍ണാടകയിലും ആന്ധ്രയിലും കനത്ത മഴ എത്തിയതോടെയാണ് അപ്രതീക്ഷിതമായി പച്ചക്കറികളുടെ വരവ് കുറഞ്ഞത്. തുടര്‍ച്ചയായ പ്രളയം, കോവിഡ് പ്രതിസന്ധി എന്നിവ സംസ്ഥാനത്തെ കാര്‍ഷിക ഉല്‍പ്പാദനം ഇടിയാന്‍ കാരണമായിരുന്നു. രാസവളങ്ങളുടെ വില വര്‍ധനവ്, ഉയര്‍ന്ന കൂലിച്ചെലവ്, അപ്രതീക്ഷിതമായി എത്തുന്ന മഴ തുടങ്ങിയവ മൂലം പലരും കൃഷി ഉപേക്ഷിച്ച് മറ്റ് തൊഴിലുകള്‍ തേടുകയായിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it