ടാറ്റയുടെ പുതിയ ട്രെന്റ്; സുഡിയോക്ക് വഴിമാറുന്ന വെസ്റ്റ്‌സൈഡ്

ടാറ്റയുടെ ട്രെന്റ് (Trent) ലിമിറ്റഡിന്റെ കീഴിലുള്ള ലൈഫ്‌സ്റ്റൈല്‍ ഷോറൂം ശൃംഖലകളാണ് വെസ്റ്റ്‌സൈഡും സുഡിയോയും. കാലങ്ങളായി വസ്ത്രവ്യാപാര രംഗത്ത് ടാറ്റയുടെ മുഖമാണ് വെസ്റ്റ്‌സൈഡ്. റിലയന്‍സ് ട്രെന്റ് (Reliance Trends), മാക്‌സ് തുടങ്ങിയവയൊക്കെ ബജറ്റ് വസ്ത്ര ബ്രാന്‍ഡുകളുമായി സാന്നിധ്യം വര്‍ധിപ്പിക്കുന്ന കാലത്താണ് ടാറ്റ സുഡിയോ (Zudio) എത്തുന്നത്. പലിയിടങ്ങളിലും ട്രെന്റ് ലിമിറ്റഡിന്റെ കീഴിലുള്ള സ്റ്റാര്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലുടെ ഭാഗമായാണ് സുഡിയോ തുടങ്ങിയത് തന്നെ.

ഇപ്പോള്‍ ടാറ്റയുടെ പുതിയ ഐഡന്റിറ്റിയായി സുഡിയോ മാറുകയാണ്. ക്വാളിറ്റിയും കുറഞ്ഞ വിലയും തന്നെയാണ് സുഡിയോയിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. സുഡിയോയുടെ വരുമാനവം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 3 മടങ്ങ് വര്‍ധിച്ച് 3300 കോടിയിലെത്തുമെന്നാണ് മോത്തിലാല്‍ ഓസ് വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ പ്രവചനം. 2021-22 കാലയളവില്‍ 1,100 കോടിയായിരുന്നു സുഡിയോയുടെ വരുമാനം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ട്രെന്റ് ലിമിറ്റഡിന്റെ ആകെ വരുമാനത്തില്‍ 60 ശതമാനത്തില്‍ അധികവും വെസ്റ്റ്‌സൈഡിന്റെ (Westside) സംഭാവന ആയിരുന്നു. പക്ഷെ ഇതേ കാലയളവില്‍ വെസ്റ്റ്‌സൈഡ് പുതുതായി വെറും 26 ഷോറൂമുകള്‍ മാത്രം തുറന്നപ്പോള്‍ 100 സുഡിയോ സ്‌റ്റോറുകളാണ് എത്തിയത്.

5.8 ബില്യണ്‍ ഡോളറോളം വിപണി മൂല്യമുള്ള ട്രെന്റ് രണ്ടര പതിറ്റിണ്ടുകൊണ്ടാണ് വെസ്റ്റ്‌സൈഡ് ഷോറൂമുകളുടെ എണ്ണം 200ന് മുകളില്‍ എത്തിച്ചത്. സുഡിയോയുടെ കാര്യത്തില്‍ ഈ സമീപനം അല്ല ട്രെന്റ് സ്വീകരിച്ചത്. വെറും ആറുവര്‍ഷം കൊണ്ടാണ് സുഡിയോ ഔട്ട്‌ലെറ്റുകളുടെ എണ്ണം 250ല്‍ എത്തിയത്.

കേരളത്തില്‍ മാത്രം സുഡിയോയ്ക്ക് 15 സ്‌റ്റോറുകളുണ്ട്‌. കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം, ഇടുക്കി (തൊടുപുഴ), പത്തനംതിട്ട എന്നിവിടങ്ങളിലാണ് കേരളത്തിലെ ഷോറൂമുകള്‍. ബജറ്റ് റീട്ടെയില്‍ വസ്ത്ര വിപണിയില്‍ സുഡിയോയിലൂടെ ശക്തമായ സാന്നിധ്യമാവുക തന്നെയാണ് ടാറ്റ ലക്ഷ്യമിടുന്നത്.

ട്രെന്റിന് കീഴില്‍ വെസ്റ്റ്‌സൈഡ്, സ്റ്റാര്‍, സുഡിയോ എന്നിവ കൂടാതെ ഉറ്റ്‌സ, ലാന്‍ഡ്മാര്‍ക്ക്, ബുക്കര്‍ എന്നീ സംരംഭങ്ങളാണ് ടാറ്റയ്ക്ക് ഉള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 249.63 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. അഞ്ച് വര്‍ഷം കൊണ്ട് ട്രെന്റിന്റെ ഓഹരികള്‍ അഞ്ച് ഇരട്ടിയില്‍ അധികമാണ് ഉയര്‍ന്നത്. നിലവില്‍ 1357.90 രൂപയാണ് (3.15 pm) ട്രെന്റ് ലിമിറ്റഡ് ഓഹരികളുടെ വില.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it