

ഓഹരി വിപണി നിക്ഷേപകര്‍ക്ക് സുരക്ഷിതമായി നിക്ഷേപിക്കാനും മികച്ച ലാഭവിഹിതം നേടാനും സഹായിക്കുന്ന ആപ്പുമായി കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന് (കെ.എസ്.യു.എം) കീഴിലുള്ള അല്‍ഗോരിത്മ ഡിജിടെക് പ്രൈവറ്റ് ലിമിറ്റഡ് സ്റ്റാര്‍ട്ടപ്പ്. സ്മാര്‍ട്ട് ബാസ്‌ക്കറ്റ് എ.ഐ എന്ന പേരില്‍ നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ഫിന്‍ടെക് ആപ്പ് യുക്തിസഹമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച ലാഭവിഹിതം നേടാന്‍ നിക്ഷേപകരെ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
നിക്ഷേപ അവസരങ്ങള്‍ കണ്ടെത്താം
ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ മുന്‍ മേധാവിയും റേസര്‍പേയുടെ (Razorpay) മുന്‍ ഡയറക്ടറുമായ കാനന്‍ റായാണ് സ്മാര്‍ട്ട് ബാസ്‌ക്കറ്റ് എ.ഐ ആപ്പ് പുറത്തിറക്കിയത്. മികച്ച നിക്ഷേപ അവസരങ്ങള്‍ തിരിച്ചറിയാനും അവ പ്രയോജനപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്നും അവര്‍ പറഞ്ഞു. നിലവില്‍ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
ഓഹരി വിപണിയില്‍ താല്പര്യമുള്ളവര്‍ക്കും ചെറുകിട നിക്ഷേപകര്‍ക്കും നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ കൂടുതല്‍ എളുപ്പത്തില്‍ നിക്ഷേപ സാധ്യതകള്‍ തുറന്നു കിട്ടാന്‍ ആപ്പ് സഹായകമാകുമെന്നും കാനന്‍ റായ് പറഞ്ഞു. ബാംഗ്ലൂര്‍ ആസ്ഥാനമായി 2022 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച അല്‍ഗോരിത്മ ഡിജിടെക്കിനു പിന്നില്‍ യുവ സംരംഭകരായ നിഖില്‍ ധര്‍മന്‍, ടി.ആര്‍. ഷംസുദീന്‍ എന്നിവരാണുള്ളത്. സാധാരണക്കാരുടെ സാമ്പത്തിക ശാക്തീകരണമാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി അവകാശപ്പെട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine