ഒരവസരവും നഷ്ടമാവരുത്! സ്റ്റാര്‍ട്ടപ്പുമായി മലയാളി സംരംഭക
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാത്തിരിക്കുന്ന അവസരങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പ് ആണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അവസര്‍ശാല. ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്രം പുറത്തിറക്കിയ 75 വനിതാ സംരംഭകരുടെ പട്ടികയില്‍ അവസര്‍ശാലയുടെ സഹസ്ഥാപകയും സിഇഒയുമായ അശ്വതി വേണുഗോപാലും ഇടം നേടിയിരുന്നു. പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പുകള്‍, ക്വിസ് മത്സരങ്ങള്‍ തുടങ്ങി കായിക ലോകത്തെവരെ അവസരങ്ങളുടെ സമഗ്ര വിവരങ്ങള്‍ എത്തിച്ചുകൊടുക്കുകയാണ് അവസര്‍ശാല ചെയ്യുന്നത്.
സ്‌കൂളുകളിലെ നോട്ടീസ് ബോര്‍ഡുകളോട് മത്സരിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പ് എന്നാണ് അവസര്‍ശാലയെ അശ്വതി വിശേഷിപ്പിക്കുന്നത്. ഭാവിയില്‍ കുട്ടികള്‍ക്ക് തങ്ങളുടെ ബയോഡാറ്റയില്‍ എഴുതിച്ചേര്‍ക്കാന്‍ പറ്റുന്ന, അവസരങ്ങള്‍ മാത്രമാണ് അവസര്‍ശാലയിലൂടെ നല്‍കുന്നതെന്ന് അശ്വതി പറയുന്നു. 2020ല്‍ ആണ് ആമസോണിലെ ജോലി രാജിവെച്ച് ഭര്‍ത്താവ് സന്ദീപുമായി ചേര്‍ന്ന് അശ്വതി സ്റ്റാര്‍ട്ടപ്പിലേക്ക് എത്തുന്നത്.
അവസര്‍ശാലയിലേക്ക് നയിച്ച യൂത്ത് ലീഡര്‍ഷിപ്പ് പ്രോഗ്രാം
കുസാറ്റില്‍ എംബിഎയ്ക്ക് പഠിക്കുമ്പോളാണ് അറ്റ്ലാന്റ ആസ്ഥാനമായ കെക്റ്റിലിന്റെ (KECTIL) യൂത്ത് ലീഡര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അശ്വതി തെരഞ്ഞെടുക്കപ്പെടുന്നത്. ആമസോണില്‍ ജോലിയെന്ന സ്വപ്നവുമായി നടന്നിരുന്ന അശ്വതി ഈ അവസരത്തെ, റെസ്യൂമെയില്‍ ചേര്‍ക്കാന്‍ പറ്റിയ വ്യത്യസ്തമായ ഒരു വരിയായി ആണ് കണ്ടത്. പിന്നീട് ആമസോണില്‍ ജോലി ലഭിച്ചപ്പോഴും ഒരു വര്‍ഷം നീണ്ട ലീഡര്‍ഷിപ്പ് പ്രോഗ്രാം അശ്വതി തുടരുകയായിരുന്നു. ഒടുവില്‍ ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 27 പേരെ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സിനായി കെക്റ്റില്‍ തെരഞ്ഞെടുത്തപ്പോള്‍ അശ്വതിയും അതില്‍ ഇടം നേടി.
ശേഷം നാട്ടില്‍ തിരിച്ചെത്തിയ മറ്റുള്ളവരോട് സംസാരിച്ചപ്പോഴാണ്, ഇത്തരം അവസരങ്ങളെക്കുറിച്ച് ഭൂരിഭാഗം പേര്‍ക്കും അറിയില്ല എന്ന കാര്യം അശ്വതി തിരിച്ചറിയുന്നത്. അങ്ങനെയാണ് അവസര്‍ശാല എന്ന ആശയത്തിലേക്ക് എത്തുന്നത്. തുടക്കം ഒരു വാട്‌സ്ആപ്പ് കമ്മ്യൂണിറ്റിയിലൂടെയായിരുന്നു. 2022ല്‍ ആണ് അവസര്‍ശാല എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ എത്തുന്നത്. പ്രതിവര്‍ഷം 1200 രൂപ നിരക്കിൽ രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ വിവരങ്ങള്‍ നല്‍കി അവസര്‍ശാലയുടെ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കാം. രാജ്യത്തുടനീളം രണ്ടായിരത്തോളം പെയ്ഡ് സബ്‌സ്‌ക്രൈബേഴ്‌സ് ആണ് അവസര്‍ശാലയ്ക്കുള്ളത്. ഹൈദരാബാദ്, ബംഗളൂര്‍ തുടങ്ങി വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വരെ അവസര്‍ശാലയ്ക്ക് ഉപഭോക്താക്കളുണ്ട്.