ബൈജുവും ഭാര്യയും സഹോദരനും വിറ്റത് ഏകദേശം ₹3,000 കോടിയുടെ ബൈജൂസ് ഓഹരികള്‍

രാജ്യത്തെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബൈജൂസിന്റെ പ്രമോട്ടര്‍മാര്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ വിറ്റത് ഏകദേശം 40.8 കോടി ഡോളറിന്റെ (3,000 കോടിയോളം രൂപ) ഓഹരികള്‍. പ്രമോട്ടര്‍മാരായ ബൈജു രവീന്ദ്രന്‍, ദിവ്യ ഗോകുല്‍നാഥ്, റിജു രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് 2015 മുതല്‍ വിറ്റഴിച്ചതാണ് ഇത്‌. 40 സെക്കന്ററി ഇടപാടുകള്‍ വഴിയാണ് വില്‍പ്പന നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രമോട്ടര്‍മാരുടെ ഓഹരി വിഹിതം 2016 സാമ്പത്തിക വര്‍ഷത്തിലെ 71.6 ശതമാനത്തില്‍ നിന്ന് 21.2 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുകയാണ്. നിലവില്‍ പ്രമോട്ടര്‍മാര്‍ക്ക് 21.2 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ഭൂരിഭാഗം ഓഹരികളും(15.9 ശതമാനം) ബൈജു രവീന്ദ്രന്റ കൈവശമാണ്. ദിവ്യ ഗോകുല്‍നാഥിന് 3.32 ശതമാനവും റജു രവീന്ദ്രന് 1.99 ശതമാനവും ഓഹരി വിഹിതമുണ്ട്.

അതെ സമയം, വില്‍പ്പന വഴി ലഭിച്ച പണം കമ്പനിയിലേക്ക് തിരികെ നിക്ഷേപിച്ചതായാണ് ബൈജു രവീന്ദ്രന്‍ അടുത്തിടെ ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലില്‍ വ്യക്തമാക്കിയിരിക്കുന്നത്. വരും വർഷങ്ങളിൽ കമ്പനിയെ അടുത്ത തലത്തിലേക്ക് ഉയര്‍ത്താന്‍ നിക്ഷേപം വിനിയോഗിക്കുമെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളും പറയുന്നു.

ഡിസ്‌കൗണ്ട്‌ വില്‍പ്പന

സ്വകാര്യ മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ പ്രൈവറ്റ് സര്‍ക്കിള്‍ റിസര്‍ച്ച് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം ബൈജൂസിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രന്‍ 32.8 ലക്ഷം ഡോളറിന്റെ 29,306 ഓഹരികളാണ് വിറ്റിരിക്കുന്നത്. ബൈജൂസിന്റെ സഹസ്ഥാപകയും ബൈജു രവീന്ദ്രന്റെ ഭാര്യയുമായ ദിവ്യ ഗോകുല്‍നാഥ് ഇക്കാലയളവില്‍ 2.9 കോടി ഡോളര്‍ മൂല്യമുള്ള 64,565 ഓഹരികളും വിറ്റഴിച്ചു. ബൈജൂസിന്റെ ബോര്‍ഡ് അംഗവും ബൈജുവിന്റെ സഹോദരനുമായ റിജു രവീന്ദ്രന്‍ ഇക്കാലയളവില്‍ വിറ്റഴിച്ചത് 37.5 കോടി ഡോളര്‍ മൂല്യമുള്ള 3,37,911 ഓഹരികളാണ്.
കമ്പനിയുടെ മൂല്യത്തേക്കാള്‍ കുറഞ്ഞ മൂല്യം കണക്കാക്കിയാണ്‌ സെക്കന്ററി ഇടപാടുകള്‍ നടത്തുന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 1,64,000 ഓഹരികള്‍ 1,12,126 രൂപ നിരക്കിലാണ് വിറ്റഴിച്ചിരിക്കുന്നത്. എന്നാല്‍ പ്രൈമറി വിപണിയില്‍ 2,13,042 - 2,37,336 രൂപ നിലവാരത്തിലായിരുന്നു വിറ്റഴിച്ചിരുന്നത്. 53 ശതമാനത്തോളം ഡിസ്‌കൗണ്ടിലാണ് വിൽപ്പന.
സില്‍വര്‍ ലേക്ക് പാര്‍ട്‌ണേഴ്‌സ്, ബ്ലാക്ക് റോക്ക്, ടി റോ പ്രൈസ്, ചാന്‍ സക്കര്‍ബര്‍ഗ്, ഓള്‍ വെഞ്ച്വേഴ്‌സ്, നാസ്‌പേഴ്‌സ്, ടൈംസ് ഇന്റര്‍നെറ്റ്, ലൈറ്റ് സ്പീഡ് വെഞ്ച്വേഴ്‌സ്, പ്രോക്‌സിമ ബീറ്റ, ജനറല്‍ അറ്റ്‌ലാന്റിക്, ആല്‍കിയോണ്‍ തുടങ്ങി നിരവധി നിക്ഷേപകര്‍ ബൈജൂസിന്റെ സെക്കന്ററി വില്‍പ്പനയില്‍ പങ്കാളികളായി.
ഓഹരി വാങ്ങലും
അതേ സമയം 2012 മുതല്‍ കുടുംബാംഗങ്ങളുടേയും ജീവനക്കാരുടേയും പേരിലുള്ള 31,960 ഓഹരികള്‍ ബൈജു വാങ്ങിയിട്ടുമുണ്ട്. പിതാവ് രവീന്ദ്രന്‍ കുന്നരുവത്ത്, ജീവനക്കാരായ അരുണാന്‍ഘുഷ് ഭക്ത, ബ്രിജേഷ് മഹേഷ്ഭായ് പട്ടേല്‍, സ്മിത്ത് രജനികാന്ത് പട്ടേല്‍, യൂണിക്ക് ജെയ്ന്‍, പ്രവിന്‍ പ്രകാശ് എന്നിവരില്‍ നിന്നാണ് ബൈജു ഓഹരികള്‍ വാങ്ങിയത്.
2017 ല്‍ ബൈജൂസ് ഏറ്റെടുത്ത കമ്പനിയായ 'വിദ്യാര്‍ത്ഥ'യുടെ സ്ഥാപകരായ നിവീന്‍ ബാലന്‍, പ്രിയ മോഹന്‍ എന്നിവരില്‍ നിന്ന് 4,666 ഓഹരികള്‍ ദിവ്യ ഗോകുല്‍നാഥും വാങ്ങിയിട്ടുണ്ട്. ഇതു കൂടാതെ ബൈജൂസിന്റെ സി.ഒ.ഒ ആയ മൃണാള്‍ മോഹിതില്‍ നിന്ന് 100 ഓഹരികളും വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഓഹരി മൂല്യം വ്യക്തമാക്കിയിട്ടില്ല. ഇടങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ പ്രൈവറ്റ് സര്‍ക്കിളിന്റെ വെളിപ്പെടുത്തൽ.

സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാനാകാത്തതും നിസഹകരണം മൂലം ഓഡിറ്റര്‍മാര്‍ രാജിവച്ചതും മൂന്ന് സ്വതന്ത്ര ഡയറക്ടര്‍മാര്‍ പിരിഞ്ഞു പോയതുമുള്‍പ്പെടെയുള്ള വെല്ലുവിളികള്‍ ബൈജൂസ് നേരിട്ടുകൊണ്ടിരിക്കുന്ന സമയത്താണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. കൂടാതെ ഫണ്ട് സമാഹരണത്തിലും കമ്പനി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രമോട്ടര്‍മാരുടെ ഓഹരി വിഹിതം കുറയുന്നത് എഡ്‌ടെക് കമ്പനിയെ കുറിച്ച് നല്‍കുന്നത് ശുഭസൂചനയല്ലെന്ന് നിരീക്ഷകര്‍ പറയുന്നു.

Related Articles

Next Story

Videos

Share it