സാമ്പത്തിക പ്രതിസന്ധി: ബംഗളൂരുവിലെ ഓഫീസ് ഒഴിഞ്ഞ് ബൈജൂസ്; 'പുറത്താക്കല്‍' വോട്ടെടുപ്പ് 23ന്

സാമ്പത്തിക പ്രതിസന്ധിയില്‍പെട്ടുഴലുന്ന എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് ചെലവു കുറയ്ക്കാന്‍ ബംഗളൂരുവിലെ നാല് ലക്ഷം ചതുരശ്ര അടിയുള്ള ഓഫീസ് കെട്ടിടം ഒഴിയുന്നു. പ്രസ്റ്റീജ് ടെക് പാര്‍ക്കിലുള്ള ഓഫീസിന്റെ പാട്ടക്കരാര്‍ (Lease Agreement) ഈ വര്‍ഷം ആദ്യം തന്നെ റദ്ദാക്കിയിരുന്നു. ഡെപ്പോസിറ്റ് തുക വാടക കുടിശിക നല്‍കാനായി വിനിയോഗിക്കും. മാസം നാല് കോടി രൂപ വാടകയിലാണ് ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ മൂന്നര വര്‍ഷം മുമ്പ് പ്രസ്റ്റീജ് ഗ്രൂപ്പുമായി പാട്ടക്കരാര്‍ ഒപ്പുവച്ചത്.

ഇതു കൂടാതെ മറ്റ് ഓഫീസ് കെട്ടിടങ്ങള്‍ ഒഴിയുന്നതുമായി ബന്ധപ്പെട്ട് പല ഉടമകളുമായും ബൈജൂസ് തര്‍ക്കത്തിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വാടക കുടിശിക വരുത്തിയെന്നാരോപിച്ച്
ബംഗളൂരുവിലെ തന്നെ മറ്റൊരു കമ്പനിയായ കല്യാണി ഡെവലപ്പേഴ്‌സ്
ബൈജൂസിനെതിരെ ലീഗല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കല്യാണി ടെക് പാര്‍ക്കില്‍ അഞ്ച് ലക്ഷം ചതുരശ്ര അടി ഓഫീസ് സ്‌പേസ് 2025 മാര്‍ച്ച് വരെയാണ് പാട്ടത്തിനെടുത്തിരുന്നത്. പത്ത് മാസത്തോളം കുടിശികയായിട്ടുണ്ട്. ഡെപ്പോസിറ്റില്‍ നിന്ന് ഏഴ് മാസത്തെ വാടക അഡ്ജസ്റ്റ് ചെയ്യാന്‍ തീരുമാനമായിട്ടുണ്ടെന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
2022നും 2023നുമിടയിലാണ് ബൈജൂസ് ഐ.ബി.സി നോളജ് പാര്‍ക്കിലെ നാല് ലക്ഷം ചതുരശ്ര അടി ഓഫീസ് കെട്ടിടം ഒഴിഞ്ഞ് കല്യാണി ടെക് പാര്‍ക്കിലേക്ക് പ്രവര്‍ത്തനം മാറ്റിയത്.
അവകാശ ഓഹരി വില്‍പ്പന

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നിലവിലുള്ള നിക്ഷേപകരില്‍ നിന്ന് 30 കോടി ഡോളര്‍ (ഏകദേശം 2,500 കോടി രൂപ) സമാഹരിക്കുന്നതിനായി അവകാശ ഓഹരി വില്‍പ്പന നടക്കുന്നതിനിടെയാണ് പുതിയ നീക്കം. നിക്ഷേപകരില്‍ നിന്ന് അവകാശ ഓഹരി വില്‍പ്പനയ്ക്ക് 100 ശതമാനം സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം അവസാനം വരെയാണ് അവകാശ ഓഹരി വില്‍പ്പന. പ്രതാപകാലത്ത് 2,200 കോടി ഡോളര്‍ (1.83 ലക്ഷം കോടി രൂപ) മൂല്യമുണ്ടായിരുന്ന ബൈജൂസിന് നിലവില്‍ നിക്ഷേപകര്‍ കല്‍പ്പിക്കുന്ന മൂല്യം 22-25 കോടി ഡോളര്‍ (ഏകദേശം 2,000 കോടി രൂപ) മാത്രമാണ്. ഈ മൂല്യം അടിസ്ഥാനമാക്കിയാണ് അവകാശ ഓഹരി വില്‍പ്പന നടക്കുന്നത്.

ബൈജു തുടരുമോയെന്ന് 23ന് അറിയാം
ബൈജൂസിന്റെ നേതൃത്വത്തില്‍ നിന്ന് സ്ഥാപകനായ ബൈജു രവീന്ദ്രനെയും ഡയറക്ടര്‍ ബോര്‍ഡിലെ മറ്റംഗങ്ങളായ ദിവ്യ ഗോകുല്‍നാഥ്, റിജു രവീന്ദ്രന്‍ എന്നിവരെയും പുറത്താക്കി കമ്പനിയുടെ ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ ഓഹരി ഉടമകള്‍ വോട്ടിംഗ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നതിനിടയിലും അവകാശ ഓഹരിക്ക് മികച്ച പ്രതികരണം ലഭിച്ചത് ബൈജൂസിന് ആശ്വാസമാണ്.
ഫെബ്രുവരി 23നാണ് അസാധാരണ പൊതുയോഗം (ഇ.ജി.എം) വിളിച്ചിരിക്കുന്നത്. വോട്ടിംഗ് ഫലം ബൈജൂസിന്റെ ഉടമകള്‍ക്ക് അനുകൂലമായാല്‍ നിക്ഷേപകര്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചേക്കാം.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it