ആശയമുണ്ടോ, വരൂ സംരംഭകരാകാം; മത്സരത്തില്‍ വിജയിക്കുന്നവരെ കാത്തിരിക്കുന്നത് ബിസിനസ് ഇന്‍കുബേഷന്‍ ഉള്‍പ്പെടെയുള്ളവ
നവസംരംഭകര്‍ക്കും ബിസിനസ് താത്പര്യമുള്ളവര്‍ക്കും ആശയങ്ങള്‍ അവതരിപ്പിക്കാനും അവ ബിസിനസ് സംരംഭങ്ങളാക്കി മാറ്റുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് 'ഡ്രീംവെസ്റ്റര്‍' എന്ന പേരില്‍ നൂതനാശയ മത്സരം സംഘടിപ്പിക്കുന്നു. അഞ്ച് ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. തെരഞ്ഞെടുത്ത ആശയങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിസിനസ് ഇന്‍കുബേഷന്‍ സെന്ററുകളിലെ ഇന്‍കുബേഷന്‍ സ്പേസിലേക്കുള്ള പ്രവേശനം, മെന്ററിംഗ് പിന്തുണ, സീഡ് കാപ്പിറ്റല്‍ സഹായം, വിപണി ബന്ധങ്ങള്‍ തുടങ്ങിയവ നല്‍കും. സംസ്ഥാന സര്‍ക്കാര്‍ 2022-23 സംരംഭകത്വ വര്‍ഷമായി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സംരംഭകത്വ വികസന സംരംഭങ്ങളുടെ ഭാഗമായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ ഭാവിസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംരംഭകത്വ ആവാസവ്യവസ്ഥ സൃഷ്ടിക്കും.
മത്സരത്തിലേക്ക് ആശയങ്ങളും മാര്‍ക്കറ്റ് പ്ലാനും ഇന്നു മുതല്‍ www.dreamvestor.in വഴി സമര്‍പ്പിക്കാം. ഇത് വിദഗ്ധ പാനല്‍ വിലയിരുത്തും. തെരഞ്ഞെടുത്ത 100 ആശയങ്ങള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഘട്ടത്തില്‍ വിശദീകരിക്കാനുള്ള അവസരം നല്‍കും. ഇതില്‍നിന്ന് തെരഞ്ഞെടുക്കുന്ന 50 ആശയങ്ങള്‍ സെമിഫൈനല്‍ റൗണ്ടിലേക്കും തുടര്‍ന്ന് മികച്ച 20 ആശയങ്ങള്‍ ഫൈനലിനായും തെരഞ്ഞെടുക്കും. 18- 35 വയസ്സിന് ഇടയിലുള്ളവരും (2022 ഒക്ടോബര്‍ 31 അടിസ്ഥാനമാക്കി) കേരളത്തില്‍ നിന്നുള്ളവരുമാണ് അപേക്ഷിക്കേണ്ടത്. ഒരു മത്സരാര്‍ഥി ഒരു ബിസിനസ് ആശയം മാത്രമേ സമര്‍പ്പിക്കാവൂ. നേരത്തെ അവാര്‍ഡുകള്‍ നേടിയ ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ പാടില്ല.
ആദ്യ റൗണ്ടിലേക്ക് ആശയങ്ങള്‍ ഇന്നു മുതല്‍ ഡിസംബര്‍ 23 വരെ സമര്‍പ്പിക്കാം. അവ ഡിസംബര്‍ 27 മുതല്‍ 2023 ജനുവരി 15 വരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും. ജനുവരി 18 ന് രണ്ടാം റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 100 മത്സരാര്‍ഥികളെ പ്രഖ്യാപിക്കും. ഇവര്‍ക്ക് ജനുവരി 20 മുതല്‍ 30 വരെ 2 മിനിറ്റ് ദൈര്‍ഘ്യമുള്ള പിച്ച് എലിവേറ്റര്‍ വീഡിയോകള്‍ സമര്‍പ്പിക്കാം. ഫെബ്രുവരി 2 മുതല്‍ 6 വരെ ആശയങ്ങള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും. ഫെബ്രുവരി എട്ടിന് അടുത്ത റൗണ്ടിലേക്കുള്ള 50 മത്സരാര്‍ഥികളെ പ്രഖ്യാപിക്കും.
മൂന്നാം റൗണ്ടില്‍ ഫെബ്രുവരി 10 മുതല്‍ 12 വരെ മാര്‍ക്കറ്റിംഗ് ആശയങ്ങളുടെ വിശദാംശങ്ങള്‍ സ്വീകരിക്കും. ഫെബ്രുവരി 1316 കാലയളവില്‍ ആശയങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി 20 ഫൈനലിസ്റ്റുകളുടെ പേരുകള്‍ ഫെബ്രുവരി 20ന് പ്രഖ്യാപിക്കും. അവസാന റൗണ്ട് മത്സരം മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്ത് നടക്കും.
ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടും മൂന്നും സമ്മാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം മൂന്ന് ലക്ഷം രൂപയും രണ്ട് ലക്ഷം രൂപയുമാണ് സമ്മാനം. 4 മുതല്‍ 10 വരെ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും 11 മുതല്‍ 20 വരെ സ്ഥാനക്കാര്‍ക്ക് 25,000 രൂപ വീതവും ലഭിക്കും. കൂടാതെ 20 ഫൈനലിസ്റ്റുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും മെമന്റോകളും സമ്മാനിക്കും.
സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഏകദേശം 1000 കോടിയുടെ നിക്ഷേപവും 45,000 തൊഴിലവസരങ്ങളുമാണ് ഈ സംരംഭത്തിലൂടെ പ്രതീക്ഷിക്കുന്നത്.