സ്റ്റാര്‍ട്ടപ്പുകളുടെ സാമ്പത്തിക പ്രതിസന്ധി, അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുമോ ?

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളെല്ലാം ചെലവ് ചുരുക്കലിന്റെ തിരക്കിലാണ്. പ്രമുഖ സ്റ്റാര്‍ട്ടപ്പുകളെല്ലാം പ്രതിസന്ധികളെ തുടര്‍ന്ന് ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇനി വരുത്ത ക്യാംപസ് റിക്രൂട്ട്‌മെന്റുകളില്‍ സ്റ്റാര്‍ട്ടപ്പുകളുടെ പങ്കാളിത്തം കുറയുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ അത് 2023ല്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ജോലി സാധ്യതകളെ ബാധിച്ചേക്കാം.

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റമാണ് ഇന്ത്യയിലേത്. യൂണികോണ്‍ ക്ലബ്ബില്‍ ഇടംനേടിയ സ്റ്റാര്‍ട്ടപ്പുകളൊക്കെ ഐഐടി,ഐഐഎം ഉള്‍പ്പടെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെയാണ് ലക്ഷ്യമിടുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ നിയമനങ്ങള്‍ കുറച്ചാല്‍, സംസ്ഥാന സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള വിദ്യാര്‍ത്ഥികളെയാവും കൂടുതലും ബാധിക്കുക.

എഡ്‌ടെക്ക് മേഖലിയില്‍ നിന്നുള്ള ഹയറിംഗില്‍ ആവും വലിയ ഇടിവ് പ്രകടമാവുക. സ്‌കൂളുകളുകളും തുറന്നതിനെ തുടര്‍ന്ന് ആവശ്യക്കാര്‍ കുറഞ്ഞതും ഫണ്ടിംഗിലെ ഇടിവും മൂലം ബൈജ്യൂസും അണ്‍അക്കാദമിയുമടക്കമുള്ളവ ജീവക്കാരെ പിരിട്ടുവിട്ടിരുന്നു. ഫണ്ടിംഗ് പ്രശ്‌നങ്ങള്‍ക്കൊപ്പം യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധികളും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ തിരിച്ചടിയാണ്. യുഎസ്-യൂറോപ്യന്‍ മേഖലകളിലെ പ്രതിസന്ധി ഇന്ത്യയിലെ ഐടി കമ്പനികളെയും ബാധിക്കുന്നുണ്ട്. ഇത് ഐടി മേഖലയിലെ തൊഴിലവസരങ്ങള്‍ കുറയാനും ഇടയാക്കിയേക്കാം.

അതേ സമയം പേയ്ടിഎം, ഡ്രീം സ്‌പോര്‍ട്‌സ്, സൊമാറ്റോ തുടങ്ങിയവ മുന്‍വര്‍ഷങ്ങലിലേത് പോലെ തന്നെ ക്യാംപസ് റിക്രൂട്ട്‌മെന്റുകളിലൂടെ നിയമനങ്ങള്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പറഞ്ഞുവിട്ട ജീവനക്കാരുടെ എണ്ണത്തെക്കാള്‍ കൂടുതലാണ് പുതുതായി നടത്തുന്ന നിയമനങ്ങളെന്ന് ബൈജ്യൂസ് സിഇഒ ബൈജു രവീന്ദ്രന്‍ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. അതേ സമയം ഭൂരിഭാഗം സ്റ്റാര്‍ട്ടപ്പുകളും മുന്‍വര്‍ഷത്തെ നിയമനങ്ങളെക്കാള്‍ കുറവാണ് 2023ല്‍ ക്യാംപസുകളിലൂടെ ലക്ഷ്യമിടുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it