

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത വൈദ്യുത വാഹന സ്റ്റാര്‍ട്ടപ്പായ ചാര്‍ജ് മോഡ്, നിക്ഷേപകരായ ഫീനിക്‌സ് എയ്ഞ്ചല്‍സില്‍ നിന്നും രണ്ടരക്കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. വീടുകളിലും വാണിജ്യ കേന്ദ്രങ്ങളിലും വൈദ്യുത വാഹന ചാര്‍ജിംഗ് പോയിന്റുകള്‍ വികസിപ്പിച്ചെടുത്ത സ്റ്റാര്‍ട്ടപ്പാണ് ചാർജ് മോഡ്. എല്‍ ആന്‍ഡ് ടി, മുരുഗപ്പ ഗ്രൂപ്പ്, കെഎസ്ഇബി, കൊച്ചി മെട്രോ തുടങ്ങിയവ ചാർജ്മോഡിന്റെ ഉപയോക്താക്കളാണ്.
കോഴിക്കോട് എന്‍ജിനീയറിംഗ് കോളേജില്‍ നിന്നും ബിടെക് പഠനത്തിന് ശേഷം എം രാമനുണ്ണി, അനൂപ് വി, അദ്വൈത് സി, ക്രിസ് തോമസ് എന്നിവര്‍ ചേര്‍ന്ന് 2019 ലാണ് ഈ സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നത്. കേരളത്തിലെ വൈദ്യുത വാഹന ചാര്‍ജിംഗ് ശൃംഖലയിൽ 90 ശതമാനം പങ്കാളിത്തവും ചാർജ് മോഡിനാണ്.
ഇന്ത്യയിലൊട്ടാകെ 2000 ലേറെ ചാര്‍ജിംഗ് സംവിധാനം ഇവരുടെ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്നതായാണ് കമ്പനി അവകാശപ്പെടുന്നത്. ആപ്പിലൂടെ റീചാർജ് ചെയ്തു പ്രവർത്തിപ്പിക്കുന്ന രീതിയിലാണ് ചാർജ്മോഡിന്റെ ചാര്‍ജിംഗ് പോയിന്റുകള്‍.
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷിറാജ് ജേക്കബ്, ജോ രഞ്ജി, ഹരികൃഷ്ണന്‍ വി എന്നിവര്‍ തുടങ്ങിയ എയ്ഞ്ചല്‍ കൂട്ടായ്മയാണ് ഫീനിക്‌സ് എയ്ഞ്ചല്‍സ്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ എയ്ഞ്ചല്‍ നിക്ഷേപം നടത്തുന്നതിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine