ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളുടെ ധന സമാഹരണത്തില്‍ ഇടിവ്

ഇന്ത്യയിലെ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ 2022 ല്‍ 390 റൗണ്ടുകളിലായി 5.65 ശതകോടി ഡോളര്‍ സമാഹരിച്ചു. ഇത് 2021 നെ അപേക്ഷിച്ച് സമാഹരിച്ച തുകയുടെ കാര്യത്തില്‍ 47 ശതമാനവും റൗണ്ടുകളുടെ എണ്ണത്തില്‍ 29 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം അവസാന ഘട്ട ധന സമാഹരണത്തിലെ ഇടിവ് 56 ശതമാനമായിരുന്നു. ഇത് 2021 ലെ 8.3 ശതകോടി ഡോളറില്‍ നിന്ന് 2022 ല്‍ 3.7 ശതകോടി ഡോളറായി.

ഇന്ത്യയുടെ ഫിന്‍ടെക് മേഖലയിലെ നാല് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമാണ് 2022ല്‍ യുണികോണ്‍ പദവി ലഭിച്ചത്. 1 ശതകോടി ഡോളര്‍ മൂല്യത്തില്‍ എത്തുന്ന ഏതൊരു സ്റ്റാര്‍ട്ടപ്പിനെയും യുണികോണ്‍ സ്റ്റാര്‍ട്ടപ്പ് എന്ന് വിശേഷിപ്പിക്കാം. 2021 ല്‍ ഇതിന്റെ എണ്ണം 13 ആയിരുന്നു. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ 50 ശതമാനത്തിന്റെ ഇടിവോടെ 100 ദശലക്ഷം ഡോളറിന്റെ 13 ധന സമാഹരണ റൗണ്ടുകളാണ് നടന്നത്. 2021 ല്‍ ഇത് 26 റൗണ്ടുകളായിരുന്നു. 2022-ല്‍ 20 ല്‍ അധികം നിക്ഷേപങ്ങളോടെ വൈ കോമ്പിനേറ്റര്‍, ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റ്, ലെറ്റ്സ് വെഞ്ച്വര്‍ എന്നിവ ഏറ്റവും സജീവമായ നിക്ഷേപകരായിരുന്നു,

സാമ്പത്തിക വ്യവസായത്തിലെ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും പുതിയ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ സഹായം നല്‍കുന്ന സ്ഥാപനങ്ങളാണ് ഫിന്‍ടെക് സ്ഥാപനങ്ങള്‍. ഫിന്‍ടെക് വ്യവസായം കര്‍ശനമായ നിയന്ത്രണത്തോടെയുള്ള പരിശോധനയുടെയും കുറഞ്ഞ പണലഭ്യതയുടെയും രൂപത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ബെയിന്‍ ആന്‍ഡ് കമ്പനി മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ധന സമാഹരണം 2022 ല്‍ 33 ശതമാനം കുറഞ്ഞ് 23.6 ബില്യണ്‍ ഡോളറായതായി കാണിച്ച പ്രെസ് വാട്ടര്‍ ഹൗസ് കൂപ്പെഴ്‌സ് (പിഡബ്യൂസി) ഇന്ത്യയുടെ സ്റ്റാര്‍ട്ട്പ്പ് ഡീല്‍സ് ട്രാക്കര്‍ റിപ്പോര്‍ട്ട് അടുത്തിടെ പുറത്തു വന്നിരുന്നു.

Related Articles
Next Story
Videos
Share it