കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 7 കൊല്ലം കൊണ്ട് 15 ഇരട്ടിയായി

സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഏഴു വര്‍ഷം കൊണ്ട് മുന്നൂറില്‍ നിന്ന് 4,679 ആയി ഉയര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സൃഷ്ടിച്ച തൊഴിലവസരങ്ങളുടെ എണ്ണം 2016ല്‍ മൂവായിരമായിരുന്നെങ്കില്‍ 2023ല്‍ ഇത് 40,750 ആണ്. ഇന്‍കുബേറ്റുകളുടെ എണ്ണം 18ല്‍ നിന്ന് ഇക്കാലയളവില്‍ 63 ലേക്കാണ് ഉയര്‍ന്നത്. അടിസ്ഥാന സൗകര്യം 2016ല്‍ 5,700 ചതുരശ്ര അടിയായിരുന്നു. 2023ല്‍ ഇത് എട്ടുലക്ഷ ചതുരശ്ര അടിയാണ്. സ്റ്റാര്‍ട്ടപ്പുകളുടെ മൂലധന നിക്ഷേപം 207 കോടിയില്‍ നിന്ന് 5,500 കോടിയായി ഉയര്‍ന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ അനുകൂല സാഹചര്യം
സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പിന്തുണയും പ്രതിഭയുള്ള ഉദ്യോഗാര്‍ഥികളെ കിട്ടാനുള്ള സാഹചര്യവുമാണ് കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാന്‍ ഏറ്റവും അനുകൂലമായത്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ സ്റ്റാര്‍ട്ടപ് മേഖലയുടെ വികസനത്തിന് 1,000 കോടിയാണ് നീക്കിവച്ചത്. ഇത് വലിയ മാറ്റം ഈ രംഗത്ത് സൃഷ്ടിക്കും.കേരള സ്റ്റാര്‍ട്ടപ് മിഷന് കീഴില്‍ ടെക്നോളജി ഇന്നോവേഷന്‍ സോണിനും യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും വലിയ പ്രാധാന്യമാണ് ബജറ്റ് നല്‍കുന്നത്.
ഉന്നതവിദ്യാഭാസ കേന്ദ്രങ്ങളോടനുബന്ധിച്ച് ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ പത്ത് സര്‍വകലാശാലയ്ക്ക് 20 കോടി മാറ്റിവച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയില്‍ മൂലധന നിക്ഷേപകര്‍ വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ഏകദേശം 250 കോടി ഫണ്ട് ഓഫ് ഫണ്ട് എന്ന രീതിയിലും നീക്കിവച്ചിട്ടുണ്ട്. ഇത് സംരംഭകരുടെ മൂലധനം സ്വരൂപിക്കാന്‍ ഉപയോഗിക്കും.
വിവിധ പദ്ധതികളുടെ അടിസ്ഥാനത്തില്‍ അഞ്ചു ലക്ഷം മുതല്‍ മുകളിലേക്കുള്ള ഗ്രാന്റുകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്.
സജീവം നെറ്റ്‌വര്‍ക്കിംഗ്
നിലവില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ വന്‍ തൊഴില്‍ അവസരമാണ് പ്രദാനം ചെയ്യുന്നത്. സര്‍ക്കാര്‍ തലത്തില്‍ അല്ലാതെ വിവിധ ഏരിയല്‍ നെറ്റ്‌വര്‍ക്കുകള്‍ കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുണ്ട്. പല തരത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇവ ഫണ്ടിങ് നല്‍കുന്നുണ്ട്. വിദേശ മലയാളികളും ഇത്തരം നെറ്റ് വര്‍ക്കുകളില്‍ സജീവമാണ്. കേരളത്തില്‍ പ്രധാനമായും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയവ കേന്ദ്രീകരിച്ചാണ് സ്റ്റാര്‍ട്ടപ്പുകളുടെയും ഇന്‍കുബേഷന്‍ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം. മറ്റിടങ്ങളിലേക്കും ഇവ വ്യാപകമാകുന്നു. വരാന്‍ പോകുന്നത് സ്റ്റാര്‍ട്ടപ്പുകളുടെ കാലമാണെന്ന് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it