ഇന്ത്യ യുണീകോണ്‍ ഹബ് ആകുമോ? അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 122 പുതിയ യുണീകോണുകളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ലോകത്തിന് മുന്നില്‍ യുണീകോണ്‍ (Unicorn) ഹബ് ആകാനൊരുങ്ങി ഇന്ത്യ. അടുത്ത രണ്ടോ നാലോ വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി 122 പുതിയ യൂണികോണുകളുണ്ടാകുമെന്നാണ് ഹുറൂണ്‍ ഇന്ത്യയുടെ (Hurun India) റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഹുറൂണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റാങ്കിംഗ് പ്രകാരം 2000-കളില്‍ സ്ഥാപിതമായ, ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള, ഇതുവരെ ഒരു പബ്ലിക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെയാണ് യുണീകോണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ യുണീകോണ്‍ ആകാന്‍ സാധ്യതയുള്ളവയെ ഗസല്‍ എന്നും നാല് വര്‍ഷത്തിനുള്ളില്‍ യൂണികോണ്‍ ആകാന്‍ സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകളെ ചീറ്റകള്‍ എന്നും തരംതിരിച്ചിട്ടുണ്ട്.
'ഒരു വര്‍ഷത്തിനുള്ളില്‍, യുണീകാണുകളുടെ എണ്ണം 65 ശതമാനം വര്‍ധിച്ചു, ഗസലുകളുടെ എണ്ണം 59 ശതമാനം വര്‍ധിച്ച് 51 ആയി, ചീറ്റകളുടെ എണ്ണം 31 ശതമാനം വര്‍ധിച്ച് 71 ആയി,'' ഹുറൂണ്‍ ഇന്ത്യയുടെ എംഡിയും ചീഫ് ഗവേഷകനുമായ അനസ് റഹ്‌മാന്‍ ജുനൈദ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വരാനിരിക്കുന്ന യുണീകോണുകളില്‍ ഭൂരിഭാഗവും സോഫ്റ്റ്വെയറുകളുടെയും സര്‍വീസ് രംഗത്തും പ്രവര്‍ത്തിക്കുന്നവരാണ്. 37 ശതമാനം കമ്പനികള്‍ ബിസിനസ്-ടു-ബിസിനസ് വില്‍പ്പനക്കാരാണ്.
ഇന്ത്യയിലെ 25 നഗരങ്ങളിലായാണ് 122 യുണീകോണുകളുണ്ടാകുമെന്ന് ഹുറൂണ്‍ റിസര്‍ച്ച് പറയുന്നത്. 46 യൂണികോണുകളുകള്‍ ബംഗളൂരുവിലും ഡല്‍ഹി-എന്‍സിആര്‍, മുംബൈ എന്നിവിടങ്ങളില്‍ യഥാക്രമം 25ഉം 16ഉം യുണീകോണുകളുമുണ്ടാകും.Dhanam News Desk
Dhanam News Desk  
Next Story
Share it