ഇന്ത്യയിലെ ടെക് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 26,000 കവിഞ്ഞു
ഇന്ത്യയിലെ ടെക് സ്റ്റാര്‍ട്ടപ്പുകളുടെ ആകെ എണ്ണം 26,000 കടന്നതായി നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയർ ആന്‍ഡ് സര്‍വീസസ് കമ്പനികളുടെ (നാസ്‌കോം) റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 1300 ടെക് സ്റ്റാര്‍ട്ടപ്പുകളാണ് പുതിയതായി ചേര്‍ന്നത്. നിലവില്‍ ആഗോളതലത്തില്‍ യുഎസിനും ചൈനയ്ക്കും പിന്നാലെ മൂന്നാമത്തെ വലിയ ടെക് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യ തുടരുകയാണ്.
2022-ല്‍ 23 ല്‍ അധികം യൂണികോണുകള്‍ ചേര്‍ത്തതോടെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ യൂണികോണുകളുടെ എണ്ണമുള്ള രാജ്യം ഇന്ത്യയായി. അതേസമയം 2022 ലെ മൊത്തം ഫണ്ടിംഗ് 2021 നെ അപേക്ഷിച്ച് 24 ശതമാനം കുറഞ്ഞു. അവലോകന വര്‍ഷത്തില്‍ യൂണികോണുകളല്ലാത്ത സ്റ്റാര്‍ട്ടപ്പുകളിലും ഗണ്യമായ നിക്ഷേപ ശ്രദ്ധ കേന്ദ്രീകരിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
നിലവിലെ സാമ്പത്തിക മാന്ദ്യത്തിനിടയിലും പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്ന നൂതന കമ്പനികള്‍ക്ക് ഇനിയും ധാരാളം അവസരങ്ങളുണ്ടെന്ന് നാസ്‌കോം പ്രസിഡന്റ് ദേബ്ജാനി ഘോഷ് പറഞ്ഞു. ഈ കമ്പനികള്‍ വളര്‍ച്ചയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം അവരുടെ ബിസിനസ് അടിസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.