ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പ്രതിസന്ധി രൂക്ഷം; യാത്രാക്കൂലിവരെ ലാഭിക്കണമെന്ന് അണ്‍അക്കാദമി സ്ഥാപകന്‍
ഇന്ത്യന്‍ യൂണീകോണുകള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് (Indian Startup) ഇക്കോസിസ്റ്റം യൂണീകോണുകളെക്കൊണ്ട് നിറഞ്ഞ വര്‍ഷമായിരുന്നു 2021. ഈ വര്‍ഷത്തിന്റെ തുടക്കവും വ്യത്യസ്തമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഈ വര്‍ഷം ഏപ്രിലില്‍ ഒരു സ്റ്റാര്‍ട്ടപ്പ് പോലും യൂണീകോണ്‍ ക്ലബ്ബില്‍ എത്തിയില്ല (1 ബില്യണ്‍ ഡോളര്‍ മൂല്യം).
ഫണ്ടിംഗ് രംഗത്തെ മാന്ദ്യം രണ്ട് വര്‍ഷം വരെ നീളാമെന്ന് അണ്‍അക്കാദമി (Unacademy) സഹസ്ഥാപകനും സിഇഒ ഗൗരവ് മൂഞ്ചാല്‍ (Gaurav Munjal) പറയുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി അണ്‍അക്കാദമി പിരിച്ചുവിട്ടത് 600 ജീവനക്കാരെയാണ്. ചെലവ് ചുരുക്കാന്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യുകയാണ് കമ്പനി. യാത്രകള്‍ ഒഴിവാക്കിയും മീറ്റിംഗുകള്‍ സൂമിലൂടെ ആക്കിയുമൊക്കെ ചെലവ് കുറയ്ക്കുകയാണ് അണ്‍അക്കാദമി.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 440 മില്യണ്‍ ഡോളര്‍ സമാഹരിച്ചതോടെ അണ്‍അക്കാദമിയുടെ മൂല്യം 3.44 ബില്യണ്‍ ആയി ഉയര്‍ന്നിരുന്നു. 2020-21 കാലയളവില്‍ 1537.4 കോടി രൂപ ആയിരുന്നു കമ്പനിയുടെ നഷ്ടം. അണ്‍അക്കാദമി മാത്രമല്ല കാര്‍സ്24, വേദാന്തു ഉള്‍പ്പടെയുള്ള നിരവധി യുണീകോണ്‍ കമ്പനികളാണ് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിട്ടത്. ഏറ്റവും അധികം പ്രതിസന്ധി നേരിടുന്നത് എജ്യുടെക്ക് കമ്പനികളാണ്. സ്‌കൂളുകള്‍ തുറന്നതോടെ ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞതും മേഖലയിലെ മത്സരവും മൂലം പല കമ്പനികളും വലിയ നഷ്ടമാണ് നേരിടുന്നത്ന്നത്.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിലെ പ്രധാനികളായ സോഫ്റ്റ് ബാങ്ക് രാജ്യത്തെ നിക്ഷേപങ്ങള്‍ കുറയ്ക്കാന്‍ തീരുമാനിച്ചതും കമ്പനികള്‍ക്ക് തിരിച്ചടിയായി. ബൈജ്യൂസ് ഒയോ, ഓല, സൊമാറ്റോ , മീഷോ, കാര്‍സ് 24, അണ്‍അക്കാദമി, ബ്ലാക്ക് ബക്ക്്, പൈന്‍ലാബ്‌സ്, ഫ്രഷ് വര്‍ക്ക്‌സ്, റേസര്‍പേ തുടങ്ങിയവയെല്ലാം സോഫ്റ്റ് ബാങ്കിന്റെ പിന്തുണയുള്ള കമ്പനിയാണ്.
യുക്രെയ്ന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന് ഭഷ്യ-ഇന്ധന വില ഉയര്‍ന്നതും പണപ്പെരുപ്പവും ആഗോള മാന്ദ്യത്തിലേക്ക് നയിക്കാമെന്ന് ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാമ്പത്തിക രംഗം നേരിടുന്ന ഈ അനിശ്ചിതത്ത്വം സ്റ്റാര്‍ട്ടപ്പുകളിലേക്ക് എത്തുന്ന നിക്ഷേങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഫണ്ടിംഗ് കുറയുന്നതിനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് സ്റ്റാര്‍ട്ടപ്പുകളോട് മുന്‍കരുതലുകള്‍ എടുക്കണെമന്ന് ഇന്ത്യയിലുള്‍പ്പടെ നിക്ഷേപങ്ങളുള്ള പ്രശസ്ത സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്റര്‍ വൈ കോംബിനേറ്റര്‍ ആവശ്യപ്പെട്ടിരുന്നു.