കൂട്ടായി പ്രവര്‍ത്തിക്കാന്‍ സ്റ്റാര്‍ട്ട്അപ്പ് സംരംഭകര്‍; കെഎസ്എന്‍ ഗ്ലോബല്‍ സൊസൈറ്റി സ്റ്റാര്‍ട്ട്അപ്പ് കോണ്‍ക്ലേവ് ശ്രദ്ധേയമായി

സ്റ്റാര്‍ട്ട്അപ്പ് സംരംഭകരുടെ കൂട്ടായ്മയായ കെഎസ്എന്‍ ഗ്ലോബല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ പങ്കാളിത്തത്തോടെ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച സ്റ്റാര്‍ട്ട്അപ്പ് കോണ്‍ക്ലേവ് 2022 ശ്രദ്ധേയമായി. സംസ്ഥാനത്തിനകത്തെയും പുറത്തെയും സ്റ്റാര്‍ട്ട്അപ്പ് രംഗത്തെ സാധ്യതകളും വിശേഷങ്ങളുമായി കൊച്ചി സ്റ്റാര്‍ട്ട്അപ്പ് മിഷനിലാണ് കോണ്‍ക്ലേവ് അരങ്ങേറിയത്. സ്റ്റാര്‍ട്ട്അപ്പ് ഐഡിയ രൂപീകരണം, നിക്ഷേപം, സ്‌കെയില്‍അപ്പ് തുടങ്ങിയ സ്റ്റാര്‍ട്ട്അപ്പിന്റെ ഓരോഘട്ടങ്ങളും ചര്‍ച്ച ചെയ്ത സംഗമത്തില്‍ സംരംഭകര്‍ക്ക് വിദഗ്ധരുമായി സംവദിക്കാനുള്ള അവസരവുമുണ്ടായിരുന്നു.



കോണ്‍ക്ലേവ് സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഉയരങ്ങളിലേക്കെത്തിക്കാന്‍ സ്റ്റാര്‍ട്ട്അപ്പ് ലോകവും സര്‍ക്കാരും ഒരുമിച്ച് മുന്നേറണമെന്ന് അദ്ദേഹം പറഞ്ഞു. മോശം കാര്യങ്ങളെ മാത്രം ഉയര്‍ത്തിക്കാട്ടുന്ന മനോഭാവമുണ്ട്. അത് മാറ്റണം. കേരളത്തില്‍ ഒരുപാട് ഗുണകരമായ കാര്യങ്ങളുണ്ടെങ്കിലും മാധ്യമങ്ങളും മറ്റും അത് ചൂണ്ടിക്കാട്ടുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 17000 എംഎസ്എംഇകളാണ് സംസ്ഥാനത്ത് പുതുതായി രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ ഒരു ലക്ഷത്തിലധികം എംഎസ്എംഇകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലേക്കായി എംബിഎ ഉദ്യോഗാര്‍ഥികളടക്കമുള്ള ആയിരത്തിലധികം പ്രൊഫഷണലുകളെ നിയമിച്ചിട്ടുണ്ട്. നിലവില്‍ സംരംഭം തുടങ്ങാന്‍ അനുയോജ്യമായ മികച്ച അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളത്. 50 കോടി രൂപവരെയുള്ള വ്യവസായങ്ങള്‍ക്ക് മൂന്ന് വര്‍

ഷത്തിനുള്ളില്‍ ലൈസന്‍സ് സ്വന്തമാക്കിയാല്‍ മതിയാകും. അതുപോലെ തന്നെ 50 കോടിക്ക് മുകളില്‍ വരുന്ന സംരംഭങ്ങള്‍ക്ക് ഏഴ് ദിവസത്തിനകം തന്നെ ലൈസന്‍സുകളും ലഭ്യമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, സ്റ്റാര്‍ട്ട്അപ്പ് കമ്യൂണിറ്റിയുമായി സംവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ഉടന്‍തന്നെ അതുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. സംഗമത്തില്‍ കെഎസ്എന്‍ ഗ്ലോബല്‍ സൊസൈറ്റിയുടെ വെബ്സൈറ്റിന്റെ ലോഞ്ചിംഗും മന്ത്രി പി രാജീവ് നിര്‍വഹിച്ചു. വി ഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ സി ബാലഗോപാല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. തങ്ങളുടെ വിജയകഥകളും അനുഭവങ്ങളും ഇരുവരും സംരംഭകരുമായി പങ്കുവച്ചു.
രണ്ട് ദിവസങ്ങളിലായി നടന്ന സംഗമത്തില്‍ ശരത് വി രാജ്, അഫ്‌സല്‍ അബു, ഡെബ്ലീന മജുംദാര്‍, കെപി രവീന്ദ്രന്‍, വരുണ്‍ അഘനൂര്‍, മധു വാസന്തി, എസ്ആര്‍ നായര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. 10000 സ്റ്റാര്‍ട്ട്അപ്പ്‌സ്, ടൈ കേരള, കെഐഇഡി, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി എന്നിവയുടെ സഹകരണത്തോടെയാണ് സ്റ്റാര്‍ട്ട്അപ്പ് കോണ്‍ക്ലേവ് 2022 അരങ്ങേറിയത്.
2020ല്‍ സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്തവരുടെ കൂട്ടായ്മയാണ് കെഎസ്എന്‍ ഗ്ലോബല്‍ സൊസൈറ്റി. വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ആരംഭിച്ച ഈ കൂട്ടായ്മയില്‍ തുടക്കത്തില്‍ അമ്പതോളം അംഗങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നിലവില്‍ സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തുമായുള്ള 540 അംഗങ്ങള്‍ സ്റ്റാര്‍ട്ട്അപ്പ് സംരംഭകരുടെ കൂട്ടായ്മയിലുണ്ട്. ആദ്യകാലത്ത് കേരള സ്റ്റാര്‍ട്ട്അപ്പ് നെറ്റ്വര്‍ക്ക് എന്ന പേരിലായിരുന്ന ഈ കൂട്ടായ്മ പിന്നീട് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് കെഎസ്എന്‍ ഗ്ലോബല്‍ സൊസൈറ്റി എന്ന പേരിലാണ് പ്രവര്‍ത്തിച്ചുവരുന്നത്.
അനില്‍ ബാലന്‍ പ്രസിഡന്റായും ബിനു മാത്യു ട്രഷററായും ജയന്‍ ജോസഫ് സെക്രട്ടറിയായും സുനില്‍ ഹരിദാസ് കണ്‍വീനറായുമുള്ള 25 അംഗ കമ്മിറ്റിയുടെ കീഴിലാണ് കെഎസ്എന്‍ ഗ്ലോബല്‍ സൊസൈറ്റി പ്രവര്‍ത്തിച്ചുവരുന്നത്. സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് അനുയോജ്യമായ സാഹചര്യമൊരുക്കുക, സംരംഭകരെ പിന്തുണക്കുക, ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുക, മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it