വിഴിഞ്ഞത്ത് ഇന്ത്യയിലെ വമ്പന്‍ ബീച്ച്‌സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍
ഹഡില്‍ ഗ്ലോബല്‍ കോണ്‍ക്ലേവിന്റെ അഞ്ചാം പതിപ്പ് നവംബര്‍ 16ന് ആരംഭിക്കുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ട്-അപ്പ് ത്രിദിന കോണ്‍ക്ലേവിന് ആതിഥേയത്വം വഹിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ.എസ്.യു.എം) ഒരുങ്ങുന്നു. നവംബര്‍ 16, 17, 18 തീയതികളിലായി വിഴിഞ്ഞം അടിമലത്തുറയിലാണ് ഹഡില്‍ ഗ്ലോബല്‍ കോണ്‍ക്ലേവ് നടക്കുക.
അത്യാധുനിക ഉല്‍പ്പന്നങ്ങള്‍
രാജ്യത്തിനകത്തും പുറത്തും നിന്നുള്ള 15,000 പ്രതിനിധികള്‍ ഒത്തുചേരുന്ന പരിപാടിയില്‍ റോബോട്ടിക്സ്, നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ലൈഫ് സയന്‍സസ്, സ്‌പേസ് ടെക്, ബ്ലോക്ക്‌ചെയിന്‍, ഐ.ഒ.ടി, ഇ-ഗവേണന്‍സ്, ഫിന്‍ടെക്, ഹെല്‍ത്ത്ടെക്, അഗ്രിടെക്, എഡ്യൂടെക് തുടങ്ങിയ വളര്‍ന്നുവരുന്ന മേഖലകളില്‍ നിന്നുള്ള അത്യാധുനിക ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു.
ഹഡില്‍ ഗ്ലോബലിന്റെ ഭാഗമായി നടക്കുന്ന എക്സ്പോയില്‍ 100ല്‍ അധികം പുതിയ കമ്പനികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ അവര്‍ക്ക് നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള ഉപദേശത്തിനായി സാങ്കേതികവിദ്യ വിദഗ്ധരുമായും വ്യവസായ വിദഗ്ധരുമായും സംവദിക്കാനും അവസരം നല്‍കുമെന്ന് അനൂപ് അംബിക പറഞ്ഞു. തിനകള്‍, വിളകള്‍, പഴങ്ങള്‍ എന്നിവയില്‍ നിന്ന് നിര്‍മ്മിച്ച പരിസ്ഥിതി സൗഹൃദവും മൂല്യവര്‍ദ്ധിതവുമായ ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയും പ്രദര്‍ശനത്തിലുണ്ടാകും.
പ്രധാന സെഷനുകള്‍
അന്താരാഷ്ട്ര എംബസികള്‍, വ്യവസായ വിദഗ്ധര്‍, നിക്ഷേപകര്‍, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍, കോര്‍പ്പറേറ്റ് നേതാക്കള്‍ എന്നിവരുമായുള്ള പാനല്‍ ചര്‍ച്ചകള്‍ ഉള്‍പ്പെടെ നേതൃത്വ ചര്‍ച്ചകള്‍, സാങ്കേതിക ചര്‍ച്ചകള്‍ എന്നിങ്ങനെ ഹഡില്‍ ഗ്ലോബല്‍ പ്രധാന സെഷനുകളുണ്ടാകും. ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, ഡിസൈന്‍, വിപണന തന്ത്രങ്ങള്‍, മൂലധന ഘടന, ധനസമാഹരണം, ബിസിനസ് വികസനം എന്നിവയുടെ വിവിധ വശങ്ങളെ കുറിച്ച് വ്യവസായ പ്രമുഖര്‍ വഴി ഉപദേശം നേടുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് വലിയ അവസരങ്ങള്‍ നല്‍കും. പരിപാടിയില്‍ 5,000ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍, 400 അതിസമ്പന്നര്‍, 200 കോര്‍പ്പറേറ്റുകള്‍, 300 മെന്റര്‍മാര്‍, നിക്ഷേപകര്‍ എന്നിവര്‍ പങ്കെടുക്കും.