രാജ്യത്തെ നൂറ്റിമൂന്നാമത്തെ യുണീകോണ്‍ ആയി ലീഡ്‌സ്‌ക്വയേര്‍ഡ്
സെയില്‍സ് ഓട്ടോമേഷന്‍ സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ (saas) നല്‍കുന്ന ലീഡ്‌സ്‌ക്വയേര്‍ഡ് (LeadSquared) യുണീകോണ്‍ ക്ലബ്ബില്‍. സീരീസ് സി ഫണ്ടിംഗില്‍ 153 മില്യണ്‍ ഡോളര്‍ (1,195 കോടി രൂപ) സമാഹരിച്ചതോടെ കമ്പനിയുടെ മൂല്യം ഒരു ബില്യണ്‍ ഡോളര്‍ കടന്നു. ഒരു ബില്യണ്‍ ഡോളറോ അതിന് മുകളിലോ മൂല്യമുള്ള സ്വകാര്യ സ്റ്റാര്‍ട്ടപ്പുകളെയാണ് യുണീകോണുകളെന്ന് (unicorn startups in india) വിശേഷിപ്പിക്കുന്നത്.
രാജ്യത്തെ നൂറ്റിമൂന്നാമത്തെ യുണീകോണ്‍ ആണ് ലീഡ്‌സ്‌ക്വയേര്‍ഡ്. നിലേഷ് പട്ടേല്‍, പ്രശാന്ത് സിംഗ്, സുധാകര്‍ ഗോര്‍ട്ടി, ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് 2011ല്‍ ആരംഭിച്ച സ്ഥാപനമാണ് ലീഡ്‌സ്‌ക്വയേര്‍ഡ്. സെയില്‍സ്‌ഫോഴ്‌സ്, പൈപ്‌ഡ്രൈവ്, സോഹോ തുടങ്ങിയവയുമായാണ് ലീഡ്‌സ്‌ക്വയേര്‍ഡ് മത്സരിക്കുന്നത്.
ബൈജ്യൂസ്, അമിറ്റി യൂണിവേഴ്‌സിറ്റി, ഒഎല്‍എക്‌സ്, ഡന്‍സോ, പ്രാക്ടോ, പൂനവാല ഫിന്‍കോര്‍പ്പ്, ഗോദ്‌റേജ് ഹൗസിംഗ് ഫിനാന്‍സ് തുടങ്ങിയവരൊക്കെ ലീഡ്‌സ്‌ക്വയേര്‍ഡ് സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ആണ്.
ഇന്ത്യയെ കൂടാതെ യുഎസ്, ഫിലിപ്പൈന്‍സ്, സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. ഫണ്ടിംഗിലൂടെ ലഭിച്ച തുക ഉപയോഗിച്ച് സേവനങ്ങള്‍ വിപുലപ്പെടുത്താന്‍ ഒരുങ്ങുകയാണ് ഇവര്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 200 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 100 കോടിയുടെ വര്‍ധനവാണ് വരുമാനത്തില്‍ ഉണ്ടായത്.